കേരളത്തിലെ ഒരു കവിയും സാഹിത്യകാരനുമായിരുന്നു പൊൻകുന്നം സെയ്തുമുഹമ്മദ് (1909[1]-1995). 'മാഹമ്മദം' എന്ന മഹാകാവ്യം എഴുതിയത് അദ്ദേഹമാണ്[2].

ജീവിതരേഖ

തിരുത്തുക

പൊൻകുന്നത്തെ നാഗൂർ മീരാ റാവുത്തറിന്റെ മകനായി 1909-ൽ ആണ് സെയ്തുമുഹമ്മദ് ജനിച്ചത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കവിതയുമായി അടുപ്പം പുലർത്തിയ അദ്ദേഹം കാവ്യങ്ങളുടെ വായനയിൽ മുഴുകി[3]. ഗദ്യത്തിൽ രചനകൾ ആരംഭിച്ച സെയ്തുമുഹമ്മദ് പദ്യ-കാവ്യ മേഖലയിലേക്ക് ചുവട് വെച്ചു. ഇടവയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ഇസ്‌ലാം ദൂതൻ എന്ന മാസികയിലാണ് അദ്ദേഹത്തിന്റെ എഴുത്ത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഒരു മംഗളശ്ലോകമായിരുന്നു അത്. പൊൻകുന്നത്തെ അക്ഷരശ്ലോകസമിതിയുമായുള്ള സഹവാസത്തിലൂടെ കവി എന്ന നിലയിലുള്ള പരിഗണന ലഭിച്ചുതുടങ്ങിയ സെയ്തുമുഹമ്മദിന്, ഇടക്കാലത്ത് തന്റെ സഹ അധ്യാപകനായിരുന്ന എം.എം. ഫിലിപ്പുമായുള്ള സൗഹൃദം സംസ്കൃതം, തമിഴ്, മലയാള ഭാഷകളിലെ പ്രാവീണ്യം വർദ്ധിപ്പിക്കാൻ സഹായകമായി. തിരുവനന്തപുരം സാഹിത്യ പരിഷത്തിൽ പങ്കെടുത്തതോടെ മഹാകവി ഉള്ളൂരുമായി സൗഹൃദം സ്ഥാപിക്കാനായി. മലയാള മനോരമ, നവജീവൻ, സാരസൻ, ജയഭേരി എന്നീ പ്രസിദ്ധീകരണങ്ങളിലായിരുന്നു സെയ്തുമുഹമ്മദിന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. അധ്യാപന ജീവിതത്തിനിടയിൽ അവകാശസമരങ്ങളിൽ പങ്കെടുത്തതിനാൽ വിരമിച്ചശേഷം പെൻഷൻ നൽകാൻ ഭരണകൂടം തയ്യാറായിരുന്നില്ല. അച്യുതമേനോൻ മന്ത്രിസഭയാണ് പെൻഷൻ അനുവദിച്ചത്. ആദ്യ ഭാര്യയുടെ നിര്യാണത്തോടെ എ.പി. മറിയാമ്മയെ വിവാഹം ചെയ്തു. ഒൻപത് മക്കളാണ് സെയ്തുമുഹമ്മദിന് ഉള്ളത്.

പ്രധാനമായും കവിതകളാണ് സെയ്തുമുഹമ്മദ് രചിച്ചിട്ടുള്ളത്. മഹാകാവ്യമായ മാഹമ്മദത്തിന്റെ (1978) അവതാരികയിൽ അദ്ദേഹത്തിന്റെ മറ്റു രചനകളെ പരിചയപ്പെടുത്തുന്നുണ്ട്.

  1. ഭർതൃപരിത്യക്തയായ ശകുന്തള (ഖണ്ഡകാവ്യം)
  2. സ്‌നേഹോപഹാരം (ഖണ്ഡകാവ്യം-1934)
  3. ഹൃദയപൂജ (കവിതകൾ-1939)
  4. ഗായിക (കവിതകൾ-1945)
  5. ശുഭോദയം (കവിതകൾ-1946)
  6. ഭാഗ്യാങ്കുരം (കവിതകൾ)
  7. മധുരിക്കുന്ന കവിതകൾ (കവിതകൾ)

മാഹമ്മദം

തിരുത്തുക

മൂന്ന് വാള്യങ്ങളിലായി ഉദ്ദേശിക്കപ്പെട്ടിരുന്ന മാഹമ്മദം എന്ന മഹാകാവ്യം, പക്ഷെ ഒരു വാള്യം മാത്രമേ ഇറങ്ങിയുള്ളൂ[4]. 1978-ൽ പ്രസിദ്ധീകരിക്കപ്പെട്ട മഹാകാവ്യം 2015-ൽ കേരള സാഹിത്യ അക്കാദമി പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  1. Sahityakara dayaraktari : who is who of Malayalam writers. Kerala Sahitya Akademi. 1976.
  2. "History Conference". Retrieved 2022-05-19.
  3. Maulavi, Si En Ahmad (1978). Mahattaya Mappila sahitya paranparyam. Ahammad, Muhammad Abdulkarim ; Kolokkot : vitaranakkar, Asad Bukksttal. p. 568.
  4. George, K. M. (1998). Ādhunika Malayāḷasāhityacaritṟaṃ pṟasthānaṅṅaḷilūṭe. Ḍi. Si. Buks. p. 597. ISBN 978-81-7130-819-4.