പേയാട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന് കിഴക്കുഭാഗത്ത് നഗരത്തോട് ചേർന്നുകിടക്കുന്ന ഒരു പ്രദേശമാണ് പേയാട് . തിരുവനന്തപുരം - കാട്ടാക്കട പാതയിൽ തിരുവനന്തപുരം നഗരകേന്ദ്രത്തിൽ നിന്ന് 9 കിലോമീറ്റർ കിഴക്കുമാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.

Peyad

പേയാട്
suburb
Peyad is located in Kerala
Peyad
Peyad
Location in Kerala, India
Coordinates: 8°30′29″N 76°59′54″E / 8.50806°N 76.99833°E / 8.50806; 76.99833
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695573
Telephone code0471
വാഹന റെജിസ്ട്രേഷൻKL- 74
അടുത്തുള്ള നഗരംThiruvananthapuram

തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ കരമന നദിയുടെ തീരത്താണ് പേയാട് പ്രദേശം സ്ഥിതി ചെയ്യുന്നത്. പേയാടിനേയും തിരുവന്തപുരം നഗരത്തേയും ബന്ധിപ്പിക്കുന്ന കരമന നദിയിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണ് കുണ്ടമൺകടവ് പാലം.


തിരുവനന്തപുരം നഗരവുമായുള്ള സാമീപ്യമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. പേയാട് പ്രധാന കവലയിൽ നിന്നും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് കഷ്ടിച്ച് 9 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 13 കിലോമീറ്ററും മാത്രമാണ് അകലമുള്ളത്. കൂടാതെ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് 9 കിലോമീറ്ററും സംസ്ഥാന ഗവർണറുടെ കാര്യാലയമായ രാജ്ഭവനിലേക്ക് 8 കിലോമീറ്ററും മാത്രമാണ് അകലം. തിരുവനന്തപുരത്തെ ഐ.ടി. ഹബ്ബായ ടെക്നോപാർക്കിലേക്ക് 22 കിലോമീറ്ററും നിർദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് 22 കിലോമീറ്ററും അകലമുണ്ട്.

വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാന കാര്യലയം സ്ഥിതി ചെയ്യുന്നത് പേയാട് കവലയിലാണ് പേയാട് പ്രദേശത്തിന്റെ പകുതി ഭാഗം വിളപ്പിൽ ഗ്രാമപഞ്ചായത്തിലും നല്ലൊരു ഭാഗം വിളവൂർക്കൽ പഞ്ചായത്തിലും കുറച്ചു ഭാഗം മലയീൻകീഴ് ഗ്രാമപഞ്ചായത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം - കാട്ടാക്കട - നെയ്യാർ‍‍‍‍ഡാം റൂട്ടിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമാണ് പേയാട് ജംങ്ഷൻ. നിരവധി വ്യപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തിരക്കേറിയ ഒരു കവലയാണ് പേയാട്.

പേയാട് കവല വഴി തിരുവനന്തപുരം ഭാഗത്തേക്കും കാട്ടാക്കട ഭാഗത്തേക്കും നിരന്തരം പൊതുഗതാഗതസംവിധാനമുണ്ട്. ഇതു കൂടാതെ തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ വെള്ളനാട്, ആര്യനാട്, നെയ്യാറ്റിൻകര, വെള്ളറട എന്നിവിടങ്ങളിലേക്കും പേയാടുവഴി പൊതു ഗതാഗത സൗകര്യമുണ്ട്.

കുണ്ടമൺകടവ്, കുരിശ്ശുമുട്ടം, പനങ്ങാട്, ആലന്തറക്കോണം, കാരാംകോട്ടുകോണം, പിടാരം, ചിറക്കോണം, കുന്നിൻമുകൾ, തച്ചോട്ടുകാവ്, മഞ്ചാടി, മുക്കംപാലമൂട്, ഭജനമഠം, പ്ലാവറക്കോണം, ചെറുകോട്, അലകുന്നം, കാട്ടുവിള, മിണ്ണംകോട്, കല്ലുവരമ്പ്, കൊല്ലംകോണം, വിട്ടിയം, അലേറ്റി, അരുവിപ്പുറം, ചെറുപാറ, ചീലപ്പാറ, അമ്പൻകോട്, പിറയിൽ, തിരുനെല്ലിയൂർ തുടങ്ങിയ നിരവധി ചെറു ദേശങ്ങൾ ചേർന്നതാണ് പേയാട് ദേശം. പേയാട് ദേശത്തിന്റെ പ്രാന്ത പ്രദേശങ്ങളാണ് പുളിയറക്കോണം, വിളപ്പിൽശാല, മൂങ്ങോട്, പെരുകാവ് എന്നീ സ്ഥലങ്ങൾ.

പേയാട് ജംങ്ഷനിൽ എസ്. പി. സിനിമാസ് എന്ന ഒരു എ ക്ലാസ്സ് റിലീസിങ്ങ് സിനിമാ തീയേറ്ററും കൺവെൻഷൻ സെന്ററുമുണ്ട്.

പേയാട് പ്രദേശം കാട്ടാക്കട നിയമസഭാ നിയോജകമണ്ഡലത്തിലും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്. പേയാട് ദേശം ഉൾപ്പെടുന്ന താലൂക്ക് കാട്ടാക്കടയാണ്. വാഹന രജിസ്ട്രേഷൻ നം. KL-74, KL-20, KL-01


മതം:- പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തിൽപ്പെട്ട ജനങ്ങൾ വസിക്കുന്ന പ്രദേശമാണ് പേയാട്. പേയാട് ഉജ്ജയിനി അമ്മൻ കോവിൽ, തച്ചോട്ടുകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പിറയിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കുണ്ടമൺഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രം, പേയാട് വേണുഗോപാല ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങൾ. പേയാട് സെന്റ് സേവിയേഴ്സ് കാത്തലിക് ചർച്ച്, പേയാട് സി.എസ്.ഐ ചർച്ച് എന്നിവയാണ് പ്രധാന ക്രിസ്ത്യൻ ആരാധനാലയങ്ങൾ. പേയാട് മുസ്ലിം ജമാ അത്ത് ആണ് പ്രധാന ഇസ്ലാം മത ആരാധനാലയം.

വിദ്യാഭ്യാസം:- എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനവും പ്രധാന ക്യാംപസും പേയാടുനിന്നും 5 കി.മീ. മാറി നെടുങ്കുഴി എന്ന സ്ഥലത്തിനു സമീപമാണ് പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്നത്. പേയാട് സെന്റ് സേവിയേഴ്സ് ഹയർസെക്കന്ററി സ്കൂൾ സർക്കാർ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ പ്രദേശത്തെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. ഇതൂ കൂടാതെ നൂറ്റമ്പത് വർഷം പഴക്കമുള്ള പേയാട്-വിളപ്പിൽ എൽ.പി.എസ്, അലേറ്റിയിൽ സ്ഥിതി ചെയ്യുന്ന തുരുത്തുമ്മൂല ഗവ. എൽ.പി.എസ്, മഞ്ചാടിയിൽ സ്ഥിതിചെയ്യുന്ന ഈഴക്കോണം, എൽ.പി.എസ് എന്നിവയും സർക്കാർ/എയ്ഡഡ് മേഖലയിലെ സ്കൂളുകളാണ്. കണ്ണശ മിഷൻ സ്കൂൾ, ശാന്തിനികേതൻ സ്കൂൾ, കാർമ്മൽ സ്കൂൾ, ഗ്രീൻ വാലി അന്താരാഷ്ട്ര സ്കൂൾ എന്നിവ സ്വകാര്യമേഖലയിലെ സർക്കാർ അംഗീകാരമുള്ള സ്കൂളുകളാണ്.

റോഡുകൾ:- തിരുവനന്തപുരം-കാട്ടാക്കട-നെയ്യാർഡാം റോഡ് കടന്നുപോകുന്നത് പേയാട് പ്രധാന കവല വഴിയാണ്. ഇതുകൂടാതെ പേയാടു നിന്നും വിളപ്പിൽശാല-മുളയറ-ഉറിയാക്കോട് വഴി വെള്ളനാടിലേക്ക് ഒരു പ്രധാന റോ‍ഡുണ്ട്. പേയാടു നിന്നും വിളപ്പിൽശാല-മലപ്പനംകോട്- കട്ടക്കോട് വഴിയും കാട്ടാക്കടയിലേക്കു പോകാൻ പാതയുണ്ട്. ഇതു കൂടാതെ പേയാട് പുളിയറക്കോണം റോഡ്, പേയാട് - അരുവിപ്പുറം റോ‍ഡ്, പള്ളിമുക്ക് പിറയിൽ റോ‍ഡ്, ചന്തമുക്ക്-പിടാരം റോഡ്, തച്ചോട്ടുകാവ്-മൂങ്ങോട് റോഡ് തുടങ്ങിയവയും പേയാട് പ്രദേശത്തെ പ്രധാന പാതകളാണ്. പേയാടിനേയും വട്ടിയൂർക്കാവ് കുലശേഖരത്തേയും ബന്ധിപ്പിച്ച് കോവിൽക്കടവിൽ ഒരു പാലം നിർമ്മാമം പുരോഗമിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ പേയാടിന് തിരുവനന്തപുരം നഗരത്തിലേക്ക് മറ്റൊരു പ്രവേശനകവാടവും കൂടിയുണ്ടാകും.

സർക്കാർ സ്ഥാപനങ്ങൾ:- വിളപ്പിൽ ഗ്രാമപഞ്ചായത്ത് കാര്യാലയം, വിളപ്പിൽ വില്ലേജ് ഓഫീസ്, വിളപ്പിൽ കൃഷി ഭവൻ, പേയാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യലയം തൂടങ്ങിയവ സ്ഥിതിചെയ്യുന്നത് പേയാടാണ്. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 33 കെ.വി. സബ്സ്റ്റേഷൻ പേയാട് ചീലപ്പാറയിൽ പ്രവർത്തിക്കുന്നുണ്ട്.

ധനകാര്യ സ്ഥാപനങ്ങൾ :- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(ഇപ്പോൾ തച്ചോട്ടുകാവ് ശാഖ എന്ന പേരിൽ), ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് (വിളവൂർക്കൽ ശാഖ), കനറ ബാങ്ക് എന്നീ ബാങ്കുകൾക്ക് പേയാട് ശാഖയുണ്ട്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിനും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിനും പേയാട് ശാഖകളുണ്ട്. ഇതുകൂടാതെ വിളപ്പിൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ആസ്ഥാനവും പ്രധാന ബ്രാഞ്ചും പ്രവർത്തിക്കുന്നത് പേയാട് പ്രധാന കവലയിലാണ്.

ആകർഷണങ്ങൾ :- വിളപ്പിൽ പഞ്ചായത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശാസ്താംപാറ പേയാടു നിന്നും 5 കിലോമീറ്റർ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പേയാടു നിന്നും തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം. കൂടാതെ പേയാടു നിന്നും 2 കിലോമീറ്റർ വടക്കുമാറി കരമനയാറിന്റെ തീരത്തുള്ള അരുവിപ്പുറം എന്ന സ്ഥലം ഒരു പ്രകൃതിരമണീയമാണ്. അടുത്തകാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന വളരെ പ്രകൃതി രമണീയമായ കടമ്പുപാറ എന്ന പ്രദേശം പേയാടു നിന്നും 7 കിലോമീറ്റർ കിഴക്കുമാറി വിളപ്പിൽശാല ചെറുകോട് എന്ന സ്ഥലത്തിനടുത്താണ്.



"https://ml.wikipedia.org/w/index.php?title=പേയാട്&oldid=3751541" എന്ന താളിൽനിന്ന് ശേഖരിച്ചത്