ഇന്ത്യയിലെ പെൺ ഭ്രൂണഹത്യ

(പെൺ ഭ്രൂണഹത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നിയമപരമായ രീതികൾക്ക് പുറത്ത് ഒരു പെൺ ഭ്രൂണത്തിന്റെ ഗർഭഛിദ്രമാണ് പെൺ ഭ്രൂണഹത്യ. ഇംഗ്ലീഷ്:Female foeticide in India. കേന്ദ്ര ഗവൺമെന്റ് ഡാറ്റയെ അടിസ്ഥാനമാക്കി പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു ഗവേഷണം 2000-2019 വർഷങ്ങളിൽ കുറഞ്ഞത് 9 ദശലക്ഷം സ്ത്രീകളുടെ ഭ്രൂണഹത്യയെ സൂചിപ്പിക്കുന്നു. ഈ ഭ്രൂണഹത്യകളിൽ 86.7% ഹിന്ദുക്കളും (ജനസംഖ്യയുടെ 80%) സിഖുകാരും (ജനസംഖ്യയുടെ 1.7%) 4.9% ഉം മുസ്ലീങ്ങൾ (ജനസംഖ്യയുടെ 14%) 6.6% ഉം ആണെന്ന് ഗവേഷണം കണ്ടെത്തി. ഈ കാലയളവിൽ ആൺമക്കൾക്കുള്ള മുൻഗണന മൊത്തത്തിൽ കുറഞ്ഞതായും ഗവേഷണം സൂചിപ്പിച്ചു. [1]

പെൺ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വച്ച് തന്നെ നശിപ്പിച്ച് കളയുന്നതാണ് പെൺ ഭ്രൂണഹത്യ (Female foeticide). റോയിട്ടേർസ് നടത്തിയ പഠനത്തിൽ പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ഇന്ത്യയിൽ ഓരോ മിനുട്ടിലും ഒരു പെൺഭ്രൂണഹത്യ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും പെൺ ജനനനിരക്ക് കുറയുന്നതായി പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സാമൂഹികവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ ആൺകുട്ടികൾക്ക് സമൂഹത്തിൽ അനർഹമായ പരിഗണന ലഭിക്കുന്നത് പെൺഭ്രൂണഹത്യക്ക് സാഹചര്യമൊരുക്കുന്നു. സ്‌ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന സമൂഹങ്ങളിൽ പെൺഭ്രൂണഹത്യ കൂടുതലായി കാണപ്പെടുന്നു. ഇത് ഇന്ത്യയിലെ വികസന സൂചികകളെ പിന്നോട്ടടിക്കുന്നു.

കാരണങ്ങൾ

തിരുത്തുക

സ്വാഭാവിക ലിംഗാനുപാതം 100 സ്ത്രീകൾക്ക് 103-നും 107-നും ഇടയിലായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു, അതിന് മുകളിലുള്ള ഏത് സംഖ്യയും പെൺഭ്രൂണഹത്യയെ സൂചിപ്പിക്കുന്നതായി കണക്കാക്കുന്നു. ദശാബ്ദക്കാലത്തെ ഇന്ത്യൻ സെൻസസ് അനുസരിച്ച്, ഇന്ത്യയിലെ 0 മുതൽ 6 വരെ പ്രായമുള്ളവരുടെ ലിംഗാനുപാതം 1961-ൽ 100 സ്ത്രീകൾക്ക് 102.4 പുരുഷൻമാരിൽ നിന്ന്, [2] [3] -ൽ 104.2 ആയി, 2001-ൽ 107.5, 108.119 ആയി ഉയർന്നു.

ഇന്ത്യൻ സമൂഹങ്ങളിൽ ആൺകുട്ടികൾക്ക് നൽകുന്ന മുൻതൂക്കം, പെൺകുട്ടികളെ വിവാഹം കഴിക്കുന്ന അവസരത്തിൽ സ്ത്രീധനം നൽകുവാൻ നിർബന്ധിതമാകുന്ന സാഹചര്യം, പാരമ്പര്യ സ്വത്തുക്കൾ കൈവിട്ടുപോകുമോ എന്ന ഭയം, മരണാനന്തര ക്രിയകൾ ചെയ്യുവാൻ ആൺ സന്തതി വേണമെന്ന കാഴ്ചപ്പാട്, പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന സങ്കുചിതചിന്ത, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് സാമ്പത്തിക ബാദ്ധ്യത വരുത്തും, അവർക്ക് വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ വാങ്ങേണ്ടി വരും, സ്ത്രീകൾ ജോലിക്ക് പോകുന്നത് ശരിയല്ല, പെൺമക്കളെ കൊണ്ട് കുടുംബത്തിന് പ്രയോജനമില്ല, ആൺമക്കൾ സാമ്പത്തികം കൊണ്ടുവരും, പെൺകുട്ടികളെ ഒരു ഉപഭോഗ വസ്തുവായി കാണുക തുടങ്ങി ഒട്ടനവധി സാമൂഹിക കാരണങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ വച്ച് തന്നെ പെൺകുട്ടികളുടെ ജനനം ഒഴിവാക്കപ്പെടുന്നു. കാലങ്ങളായി സമൂഹം നിർമ്മിച്ചെടുത്ത ലിംഗ അസമത്വങ്ങളും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയും സ്‌ത്രീവിരുദ്ധതയും ഇതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. നിരക്ഷരത ഇതിനൊരു കാരണമല്ല. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലും പെൺഭ്രൂണഹത്യ നടന്നുവരുന്നുണ്ട്. ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ലിംഗ നിർണ്ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാൽ ഗർഭചിദ്രം നടത്തി ആൺകുട്ടിയുടെ ജനനം ഉറപ്പാക്കുന്നതിൽ വിദ്യാസമ്പന്നരായുള്ള ആളുകളും മുൻപന്തിയിലാണ്. കുടുംബാസൂത്രണം, സന്താനനിയന്ത്രണം, ദാരിദ്ര്യം എന്നിവ ഒരുവശത്ത് പെൺഭ്രൂണഹത്യക്ക് വളം വെക്കുന്നുണ്ട്.

സാമൂഹിക പ്രശ്നങ്ങൾ

തിരുത്തുക

കേരളത്തിലും പെൺ ജനന നിരക്ക് കുറയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.[4] ചില സമുദായത്തിലെ യുവാക്കൾക്ക് സ്വസമുദായത്തിൽ നിന്നു സ്ത്രീകളെ കിട്ടാതിരിക്കുക, മദ്ധ്യ വയസ്സിലും വധുവിനെ തേടി അലയേണ്ടി വരിക, തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടാകുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിർണ്ണായകമാണെന്നും സമൂഹത്തിനു കളങ്കമായ പെൺ ഭ്രൂണഹത്യ എത്രയും വേഗം ഇല്ലാതാക്കണമെന്നും 63-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് ഓർമ്മിപ്പിച്ചു.[5]

ഐക്യ രാഷ്ട്ര സഭാ മുന്നറിയിപ്പ്

തിരുത്തുക

പെൺ ഭ്രൂണ ഹത്യ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നതിനാൽ ഭാവിയിൽ ബാല ലൈംഗിക പീഡനം, ഭാര്യയെ പങ്കുവെയ്ക്കൽ എന്നിവയിലേക്ക് നയിക്കുമെന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നൽകുന്നു. പ്രതിദിനം 2000 പെൺ ഭ്രൂണ ഹത്യകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.[6]

കുറയുന്ന ആൺ-പെൺ അനുപാതം

തിരുത്തുക

2011-ലെ സെൻസസ് പ്രകാരം 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്നതാണ് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം. ഇത് 2001 നെ അപേക്ഷിച്ച് 26 പോയന്റ് കൂടുതലാണ്. എന്നാൽ 6 വയസ്സുള്ള കുട്ടികളിലെ ആൺ-പെൺ അനുപാതം 1000 ആൺ കുട്ടികൾക്ക് 964 പെൺ കുട്ടികൾ എന്ന നിലയിലാണ്[7]

ലിംഗനിർണ്ണയ നിരോധന നിയമം

തിരുത്തുക

ഗർഭസ്ത ശിശുവിന്റെ ലിംഗ നിർണ്ണയവുമായി ബന്ധപ്പെട്ട്, കേന്ദ്രഗവൺമെന്റ് പാസ്സാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ്, 1994 Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act, 1994. സാങ്കേതിക വിദ്യയും ശാസ്ത്ര നേട്ടങ്ങളും പലപ്പോഴും സ്ത്രീ സമൂഹത്തിനും സമൂഹത്തിനും വിനയാകുന്ന തരത്തിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗം നിരണ്ണയിച്ച് പെൺ ഭ്രൂണങ്ങൾ നശിപ്പിക്കുന്ന പ്രവണത തടയുവാൻ വേണ്ടി ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിരോധന നിയമം നടപ്പിലാക്കുകയുണ്ടായി. ഈ നിയമ പ്രകാരം ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധനയും ലിംഗ നിർണ്ണയവും നിരോധിച്ചു. എന്നാൽ ഗർഭ സംബന്ധമായ പരിശൊധനകളിൽ നിയന്ത്രണമേർപ്പെടുത്തി , ജനിത തകരാർ, നാഡീ വ്യൂഹ തകരാർ, ക്രോമൊസോം തകരാർ, ലൈംഗിക ജന്യ രോഗങ്ങൾ തുടങ്ങിയവയ്ക്ക് മാത്രമേ അൾട്രാ സൗണ്ട് തുടങ്ങിയ പരിശോധന പാടുള്ളൂ. ഇത്തരത്തിൽ നിയമാനുസൃതം പരിശോധന നടത്തുന്ന വ്യക്തി യാതൊരു കാരണവശാലും അതിന്റെ ലിംഗത്തെ കുറിച്ച് ഗർഭിണിക്കോ, ബന്ധുക്കൾക്കോ മറ്റാർക്കെങ്കിലുമോ ഒരു സൂചനയും നൽകുവാൻ പാടുള്ളതല്ല്. ലിംഗ നിർണ്ണയ പരിശോധന സംവിധാനങ്ങളെക്കുറിച്ചുള്ള പരസ്യവും നിരോധിച്ചിട്ടുണ്ട്.

കുറ്റവും ശിക്ഷയും

തിരുത്തുക

ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കുവാനായിട്ടല്ലാതെ നടത്തുന്ന ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനു 2 വർഷത്തോളം വരുന്ന കാലത്തേക്കുള്ള തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗർഭിണി ചലിക്കുന്ന ഗർഭസ്ഥ ശിശുവോട് കൂടിയുള്ളതാണെങ്കിൽ ശിക്ഷ 7 വർഷത്തോളമായിരിക്കും. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഈ വകുപ്പിൽ ഉൾപ്പെടുന്നു. എന്നാൽ Medical Termination of Pregnancy Act 1971 -ലെ വ്യവസ്ഥകൾ അനുസരിച്ച് രജിസ്റ്റേർഡ് ഡോക്ടർ നടത്തുന്ന ഗർഭഛിദ്രം കുറ്റകരമല്ല. ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കുന്നത് 313-ാം വകുപ്പ് പ്രകാരം 10 വർഷത്തെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ ഗർഭം അലസിപ്പിക്കുന്നതിന്നിടയിൽ ഗർഭിണിയുടെ മരണം സംഭവിച്ചാൽ ശിക്ഷ 10 വർഷം വരെയുള്ള തടവാണ്.

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി വിവരം ഗർഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവർത്തിച്ചാൽ ശിക്ഷ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്.

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ

തിരുത്തുക

വളണ്ടറി ഹെൽത്ത് ഓർഗനൈസേഷൻ, പഞ്ചാബ്, കേന്ദ്ര സർക്കാരിനെ എതിർകക്ഷിയാക്കി നൽകിയ ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട കേസിൽ, ബഹു:സുപ്രീം കോടതി അൾട്രാസോണോഗ്രാഫി ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി.[8]

  1. {{cite news}}: Empty citation (help)
  2. Data Highlights - 2001 Census Census Bureau, Government of India
  3. India at Glance - Population Census 2011 - Final Census of India, Government of India (2013)
  4. http://www.madhyamam.com/news/163168/120413 Archived 2012-04-16 at the Wayback Machine. കേരളത്തിൽ പെൺ ജനന നിരക്ക് കുറയുന്നു മാധ്യമം, 13-4-2012
  5. https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%86%E0%B5%BA_%E0%B4%AD%E0%B5%8D%E0%B4%B0%E0%B5%82%E0%B4%A3%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%AF&action=edit&section=2 പെൺ ഭ്രൂണഹത്യ ഇന്ത്യക്ക് അപമാനകരം,ഇ പേപ്പർ-15-8-2009
  6. ഒൺ ഇന്ത്യ-2-9-2007
  7. http://beta.mangalam.com/ipad/print-edition/keralam/56051മംഗളം,11-5-2013[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.sirajlive.com/2013/03/05/4134.html പെൺ ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനം, സിറാജ് ലൈവ്, 5-3-2013

ഇതും കാണുക

തിരുത്തുക