1915ൽ കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണ്ണർക്കെതിരെ നടന്ന കലാപമാണു പെരിനാട് കലാപം.[1] കല്ലുമാല സമരത്തിന്റെ ആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.

ചരിത്രം

തിരുത്തുക

അയിത്തജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമുണ്ടായിരുന്നില്ല. മേൽവസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവർ ധരിക്കേണ്ടിയിരുന്നത്. ഇതിൽ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു. ആയിരക്കണക്കിന് പുലയസ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷൻ. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും, ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതു സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു. അക്രമം ഭയന്ന് അയിത്തജാതിക്കാർ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു കല്ലുമാല സമരം എന്നു അറിയപ്പെടുന്നു. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-22. Retrieved 2015-03-28.
  2. https://books.google.co.in/books?id=jAIR983RvW4C&pg=PA77&lpg=PA77&dq=perinad+strike&source=bl&ots=lxRY2pXn7f&sig=EKdK9n4cp1AOBx__yt-UW1J05YU&hl=ml&sa=X&ei=vOQWVZ_KK4a_uATbxYHADg&ved=0CDwQ6AEwBA#v=onepage&q=perinad strike&f=false
"https://ml.wikipedia.org/w/index.php?title=പെരിനാട്_കലാപം&oldid=3899823" എന്ന താളിൽനിന്ന് ശേഖരിച്ചത്