പൂക്കോട്ടൂർ തോക്ക് കേസ്
1921 ലെ മലബാർ കലാപം പൊട്ടിപുറപ്പെടുവാൻ കാരണമായി തീർന്ന സംഭവ വികാസങ്ങളിലൊന്നാണ് പൂക്കോട്ടൂർ തോക്ക് കേസ്. പൂക്കോട്ടൂർ കോവിലക ജന്മി ചിന്നുണ്ണി തമ്പുരാൻ കാര്യസ്ഥനായിരുന്ന വടക്കേ വീട്ടിൽ മമ്മദിനെതിരെ തോക്ക് മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി നൽകിയ പരാതിയാണിത്. തുടർന്നുണ്ടായ റൈഡും ചോദ്യം ചെയ്യലുകളും മാർച്ചുമൊക്കെ മലബാർ കലാപത്തിന് തിരി കൊളുത്തിയവയിൽ മുഖ്യ സ്ഥാനം അലങ്കരിക്കുന്നുണ്ട്. [1]. [2]
കേസിന് പിന്നിൽ
തിരുത്തുക1920 ഇൽ പൂക്കോട്ടുർ കോവിലക ജന്മി ചിന്നുണ്ണി തമ്പുരാൻ പത്തായപ്പുര പൊളിച്ചു മാറ്റി വിശാലമായി പുതിയത് പണിയാൻ തീരുമാനിക്കുന്നതോടെയാണ് കേസിനു തുടക്കമിടുന്നത്. കാര്യസ്ഥനായിരുന്ന വടക്കേ വീട്ടിൽ മമ്മദിനായിരുന്നു പത്തായപ്പുര പൊളിച്ചു മാറ്റാനുള്ള കരാർ തമ്പുരാൻ നൽകിയിരുന്നത്. മമ്മദ് സഹകാരികളായ മാപ്പിളമാരെ കൂട്ടി പറഞ്ഞുറപ്പിച്ചതിലും വേഗത്തിൽ പണി തീർത്തെങ്കിലും അനുമോദിക്കുന്നതിനു പകരം ഇത് ഞാൻ കരുതിയതിലും ചെറിയ പണി ആണെന്നും, ആയതിനാൽ പറഞ്ഞുറപ്പിച്ച സംഖ്യ തരാനാകില്ലെന്നും പറഞ്ഞു കരാർ ചെയ്തതിലും മുന്നൂറു രൂപ കുറച്ചുള്ള സംഖ്യയാണ് തമ്പുരാൻ മമ്മദിനു നൽകിയത്. [3] ആയിടെ പൂകോട്ടൂരിനടുത്ത എട്ടുതറയിലെ ജന്മി കുടിയാൻ പ്രശ്നത്തിൽ കുടിയാന് അനുകൂലമായി മമ്മദ് ഇടപ്പെടുകയും കുടിയാൻ സംഘം രുപീകരിക്കുകയും ചെയ്തു. ചിന്നുണ്ണി തമ്പുരാന് അത്രകണ്ട് ദഹിക്കാത്ത ഒരു സംഭവമായിരുന്നു അത്.
1921 ജനുവരിയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കുഞ്ഞി തങ്ങളുടെ നേതൃത്വത്തിൽ പൂക്കോട്ടൂർ ഖിലാഫത്ത് സഭ ശാഖ രൂപീകരിക്കപ്പെട്ടു. ആലി മുസ്ലിയാരുടെ ശിഷ്യനായ വടക്കേ വീട്ടിൽ മമ്മദും ശാഖാ കമ്മിറ്റിയുടെ സ്ഥാനം ഏറ്റെടുത്തവരിൽ ഉൾപ്പെട്ടിരുന്നു. ജനുവരി 23ന് പള്ളിയാലിൽ ഖിലാഫത്ത് നേതാവ് പൊന്മള അബ്ദുല്ലക്കോയ തങ്ങൾ കൂരിയാട് ബ്രിട്ടീഷുകാർക്കും ജന്മികൾക്കുമെതിരെ പ്രസംഗിച്ച സമ്മേളന സംഘാടകരിലും മമ്മദ് ഉണ്ടായിരുന്നു. [4]ജന്മി -കാര്യസ്ഥൻ അസ്വാരസ്വം പെരുപ്പിക്കുവാൻ ഇവകളും കാരണമായി.
തന്റെ കാര്യസ്ഥൻ ജന്മിത്ത വിരുദ്ധ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കുന്നത് ഇഷ്ട്ടപെടാതിരുന്ന ചിന്നുണ്ണി തമ്പുരാൻ മമ്മദിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഖിലാഫത്ത് ഉപേക്ഷിച്ചു മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കണമെന്ന് മധ്യസ്ഥർ മുഖേന മമ്മദിനെ അറിയിച്ചെങ്കിലും മമ്മദ് അത് ചെവി കൊണ്ടില്ല, കാര്യസ്ഥന്റെ ധിക്കാരം തമ്പുരാനെ പ്രകോപിപ്പിച്ചു. 1921 ജൂലൈ 28 ന് മമ്മദ് പൂക്കോട്ടുർ കോവിലകത്തുള്ള പത്തായപ്പുര പൊളിച്ച് തോക്കും 130 രൂപയും, ആധാരങ്ങളും മോഷ്ടിച്ചുവെന്നു തമ്പുരാൻ കള്ളക്കേസ് നൽകി. 1921 ജൂലൈ 30ന് മഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ നാരായണ മേനോൻ മമ്മദിൻറെ വീട്ടിൽ റെയ്ഡ് നടത്തയെങ്കിലും തോക്ക് കിട്ടിയില്ല.
അനുബന്ധ സംഭവങ്ങൾ
തിരുത്തുകപോലീസ് റെയ്ഡിൽ പ്രകോപിതനായ മുഹമ്മദും ഖിലാഫത്ത് പ്രവര്ത്തകരും ജന്മിയോട് പകരം ചോദിക്കാൻ കോവിലകത്തേക്ക് പോയി, പത്തായം പൊളിച്ച വകയിൽ തരാനുണ്ടായിരുന്ന 300 രൂപ ബലമായി പിടിച്ചു വാങ്ങിയിട്ടാണ് അവർ കോവിലകത്ത് നിന്ന് മടങ്ങിയത്. അതോടെ കലികയറിയ തമ്പുരാൻ മമ്മദ് തന്നെ കൊല്ലാൻ നോക്കിയെന്ന പുതിയ പരാതി കൂടി ജൂലൈ 31 ന് അധികാരികൾക്ക് നൽകി. [5]
വധശ്രമത്തിന് കേസെടുത്ത സി.ഐ നാരായണമേനോൻ കോവിലകത്തേക്ക് ഹാജരാകാൻ മമ്മദിനു നോട്ടീസ് നൽകി. അപകടം മനസ്സിലാക്കിയ ഖിലാഫത്ത് പ്രവര്ത്തകർ സംഘടിച്ചു കോവിലകത്തേക്ക് പുറപ്പെട്ടു. ആഗസ്ററ് 1 വടക്ക് വീട്ടിൽ മമ്മദിൻറെ നേതൃത്വത്തിൽ കോവിലകത്തെത്തിയ ഖിലാഫത്തുകാർ സി.ഐ നാരായണമേനോൻ അടക്കമുള്ള പൊലീസുകാരെ വളഞ്ഞു. ഭയന്ന് വിറച്ച സി.ഐ യെ കൊണ്ട് മമ്പുറം തങ്ങളാണേ സത്യം, ഞാൻ നിങ്ങളോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും ദ്രോഹം ചെയ്യില്ല എന്ന് സത്യം ചെയ്യിപ്പിച്ചു, ഖിലാഫത്ത് തൊപ്പി അണിയിപ്പിച്ച് മേനോൻ അടക്കമുള്ള പൊലീസുകാരെ കൊണ്ട് ഖിലാഫത്തിനും മഹാത്മാഗാന്ധിക്കും ജയ് വിളിപ്പിച്ചു കോവിലകം ചുറ്റിപ്പിച്ചു.[6].
അപമാനിതനായ പോലീസ് ഉദ്യോഗസ്ഥൻ പൂക്കോട്ടൂരിലെ സംഭവവികാസങ്ങൾ എരിവ് ചേർത്ത് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പൂക്കോട്ടൂരിൽ സൈനിക നടപടിക്ക് അനുമതി തേടിയ കളക്ടർ ഇ എഫ് തോമസിനും, പോലീസ് സുപ്രണ്ട് ഹിച്ച് കോക്കിനും എടുത്തുചാട്ടത്തിന് മുതിരേണ്ട എന്ന മറുപടി ആഗസ്ത് പതിമൂന്നിന് മദ്രാസ് ഗവർണരിൽ നിന്നും ലഭിച്ചതോടെ കേസ് ദുർബലമായി. [7]
മലബാർ കലാപത്തിന് ഹേതുവായി മാറിയ ആഗസ്ററ് 20 ലെ തിരൂരങ്ങാടി റൈഡിന് കളക്ടർ തോമസിനെയും, സുപ്രണ്ട് ഹിച്ച് കോക്കിനെയും പ്രേരിപ്പിച്ചതിനു പിന്നിൽ പൂക്കോട്ടൂർ തോക്ക് കേസും കാരണമാണ്.
അവലംബം
തിരുത്തുക- ↑ എ.കെ. കോടൂർ. ആംഗ്ലോ മാപ്പിള യുദ്ധം
- ↑ മലബാര് കലാപം 60ാം വാര്ഷിക പതിപ്പ് തിരൂരങ്ങാടി
- ↑ എ.കെ. കോടൂർ. ആംഗ്ലോ മാപ്പിള യുദ്ധം. പുറം 88
- ↑ ഖിലാഫത്ത് പ്രസ്ഥാനവും പൂക്കോട്ടൂരും ലേഖനം മലബാര് കലാപം 60ാം വാര്ഷിക പതിപ്പ് തിരൂരങ്ങാടി പുറം 208 209
- ↑ മലബാർ സമരം എം.പി നാരായാണമേനോനും സഹപ്രവർത്തകരും’ പ്രൊഫ: എം.പി.എസ് മേനോൻ.കോഴിക്കോട്, 1992.പുറം 79
- ↑ ഡിസ്ട്രിക്ട് മജിസ്‌ട്രേട് എഴുത്തുകൾ ,ആഗസ്ത് 10 1921.സി ഗോപാലൻ നായർ ഉദ്ധരിച്ചത് ദ മലബാർ റബല്ല്യൻ,പുറം 18
- ↑ മലബാർ സമരം എം.പി നാരായാണമേനോനും സഹപ്രവർത്തകരും’പുറം 80