മഹാനായ അയ്യൻകാളി അവറുകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരത്തിൽ നിർണ്ണായകമായ ഒരു സമരമുഖം പുല്ലാട് എന്ന സ്ഥലത്ത് തുറന്നു. ആ സമരത്തിൽ പലവിധ എതിർപ്പുകളും രക്തച്ചൊരിച്ചിലുകളും നടന്നു. അതിന്റെ ഫലമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസം നേടുവാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.

ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ഉള്ള ഒരു സ്ഥലമാണ് പുല്ലാട്. അയ്യങ്കാളിയുടെ വിദ്യാഭ്യാസ സമരത്തിൽ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ വെളളിക്കര ചോതി, കുറുമ്പൻ ദൈവത്താൻ എന്നീ സമരനേതാക്കന്മാരുടെ പ്രവർത്തനഫലമായി പുല്ലാട്ടുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാലയത്തിൽ പഠിപ്പിക്കുന്നതിന് തീരുമാനിച്ചു.

പുല്ലാട് സവർണ്ണ ജാതിക്ക് മേൽകോയ്മ ഉള്ള സ്ഥലമാണ്. അവിടെയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് പരിശ്രമിച്ചു. പക്ഷേ സവർണ്ണ ജാതിക്കാർ എതിർപ്പുമായി വന്നു. ചില ഉരസലുകൾ നടന്നു.

വെള്ളിക്കര ചോതി അയ്യങ്കാളിയുമായി സംസാരിച്ച് ചില തീരുമാനങ്ങളിൽ എത്തി. അതിൻപ്രകാരം റാന്നിക്ക് കിഴക്കുള്ള ചേലക്കാമ്പു എന്ന സ്ഥലത്തു നിന്ന് കായികാഭ്യാസികളെ വരുത്തി. അവർ പുല്ലാട്ടും സമീപപ്രദേശത്തുമുള്ള ചെറുപ്പക്കാരെ ആയുധ അഭ്യാസം പഠിപ്പിച്ചു. പല മാസങ്ങളുടെ പരിശീലനത്തിനുശേഷം അയ്യങ്കാളി നേരിൽ കണ്ട് ശിഷണം ഉറപ്പാക്കി പുല്ലാട് താമസിച്ച് എല്ലാകാര്യങ്ങളും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാസങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം വിദ്യാലയത്തിൽ പ്രവേശിക്കുവാനുള്ള തീരുമാനത്തിൽ എത്തി. അഞ്ചു കുട്ടികളെ തിരഞ്ഞെടുത്തു. അഴകൻ, റ്റി.റ്റി. കേശവൻ, വേലായുധൻ, മൈലൻ, ഔസേപ്പ് എന്നിവർ.

വിദ്യാലയത്തിന് ഏകദേശം ഒരു കിലോ മീറ്റർ അകലെയുള്ള വൈറ്റാടിമൺ എന്ന സ്ഥലത്ത് കേന്ദ്രീകരിച്ചു.

ചേലക്കാമ്പിൽ നിന്നുള്ള അഭ്യാസികൾ മര ഉരൽ (നെല്ലുകുത്തിന് ഉപയോഗിക്കുന്നത്) കാലുകൊണ്ട് തട്ടി അമ്മാനം ആടി മുൻപിൽ നീങ്ങി. അതിനു പുറകിൽ സവർണ്ണ ആക്രമണത്തെ ചെറുക്കാൻ സകല സന്നാഹങ്ങളുമായി ഒരു സംഘം. അതിനു പുറകിൽ അഞ്ച് വിദ്യാർത്ഥികൾ. അവരുടെ പുറകിൽ അരിവാൾ ചുഴറ്റി അവർണ്ണരായ അമ്മമാർ സ്കൂളിലേക്ക് നീങ്ങി. നാടു മുഴുവൻ ഇളകി മറിഞ്ഞു. അഭ്യാസ മുറകൾ സവർണ്ണ ഗുണ്ടകളെ ഭയപ്പെടുത്തി. അവർക്ക് ആർക്കും ഒന്നും ചെയ്യുവാൻ ധൈര്യം ഉണ്ടായില്ല.

അഞ്ച് കുട്ടികളേയും ക്ലാസ്സിൽ കയറ്റിയശേഷം അവർക്ക് കാവൽ നിന്നു. ഈ സമയത്ത് പുറകിൽ സവർണ്ണ ഗുണ്ടകൾ സംഘർഷം തുടങ്ങി. വലിയ സംഘർഷം നടന്നു. അവസാനാം സവർണ്ണർ വിദ്യാലയത്തിന് തീ വച്ചു. അഞ്ച് കുട്ടികളും ഓടി പുല്ലാട് ജംഗ്ഷന് അടുത്തുള്ള കളരിക്കൽ മത്തായിയുടെ കച്ചിത്തുറ് (വൈക്കോൽ) വിന്റെ ഉള്ളിൽ ഒളിച്ച് രക്ഷപ്പെട്ടു.

പ്രജാസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് കേരളത്തിലെ പിന്നോക്ക വിഭാഗത്തിൽ ജനിച്ച കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കുവാൻ അയ്യങ്കാളിക്ക് സാധിച്ചു. ഉദാഹരണത്തിന് കുട്ടികൾ ക്ലാസ്സിൽ കയറുമ്പോൾ സവർണ്ണ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഇറങ്ങിപ്പോവുക പതിവായി. ഇതിന് പരിഹാരമായി ഹാജർ 10 ശതമാനം നോക്കി ഉയർന്ന ക്ലാസ്സിലേയ്ക്ക് പ്രവേശനം നൽകിയാൽ മതിയെന്ന ഓർഡർ എ.സി മിച്ചൽ അവരുടെ സഹായത്തോടുകൂടി നടപ്പിലാക്കി.

1924 മാർച്ച് 10 ന് പിന്നോക്ക വിഭാഗത്തിലെ കുട്ടികളുടെ ക്ലാസ്സുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന് പരിഹാരമായി വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നൽകുവാൻ തീരുമാനിച്ചു. (പ്രജാസഭയിൽ ദിവാൻജിഅയ്യങ്കാളിയോട് കുട്ടികളുടെ ക്ലാസ്സിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ കാരണം തിരക്കി. ഉടൻ ഉത്തരം അയ്യൻകാളി നൽകി. എന്റെ കുട്ടികൾക്ക് ആഹാരം കഴിക്കുവാനുള്ള സാഹചര്യം ഇല്ല. അവർ ആഹാരം കഴിക്കാതെയാണ് ക്ലാസ്സിൽ വരുന്നത്)

പുല്ലാട് സ്‌കൂളിൽ പ്രവേശിച്ച കുട്ടികൾ നന്നായി പഠിച്ച് 4-ാം ക്ലാസ്സ് പാസ്സായി. അവർ അഞ്ചു പേരും സമൂഹത്തിൽ നല്ല നിലയിൽ വളർന്നു വന്നു. റ്റി.റ്റി. കേശവൻ ശാസ്ത്രി തിരുകൊച്ചി നിയമസഭയുടെ സ്പീക്കറായി. അദ്ദേഹത്തിന്റെ സഹോദരൻ അഴകൻ മൂപ്പൻ കൃഷിയും മറ്റുമായി കഴിഞ്ഞു. വേലായുധൻ സാർ പോസ്റ്റൽ വകുപ്പിൽ ജോലി കിട്ടി. അദ്ദേഹത്തിന്റെ സഹോദരൻ മൈലൻ മൂപ്പൻ കോയിപ്രം പഞ്ചായത്തിൽ ജോലി കിട്ടി. ഔസേപ്പു സാർ സ്‌കൂൾ അദ്ധ്യാപകനായി.

ഇത്രയും വിശദമായി പുല്ലാട് ലഹള വിവരിച്ചത് അവർണ്ണ വിഭാഗത്തിലെ കുട്ടികൾ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എങ്ങനെ ലഭിച്ചു എന്ന് ചിന്തിക്കുവാൻ വേണ്ടിയാണ്.

എഴുത്തും വായനയും അറിയുവാൻ പാടില്ലാത്ത അയ്യങ്കാളിയുടെ ധീരമായ പ്രവർത്തികൾ പ്രജാസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും എല്ലാം അഭിമാനം കൊള്ളിക്കുന്നു.

  സാധുജനപരിപാലനസംഘം പ്രവർത്തകരാണ് തീവെച്ചതെന്ന് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. അന്ന് പുല്ലാട്ടു സ്‌കൂളിൽ പ്രവേശിപ്പിച്ച നാലു പുലയബാലന്മാരിൽ ഒരാൾ പിന്നീട് കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായ ടി.ടി. കേശവൻ ശാസ്ത്രിയായിരുന്നു.

http://idaneram.blogspot.com/2014/12/blog-post_58.html?m=1[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=പുല്ലാട്ട്_ലഹള&oldid=3637429" എന്ന താളിൽനിന്ന് ശേഖരിച്ചത്