ശത്രുക്കൾക്ക് കീഴടങ്ങാതെ സ്വയം ജീവനൊടുക്കുന്നതിന് പറയുന്ന ബാലിനീസ് വാക്കാണ് "പുപുതാൻ". ഡച്ച് അധിനിവേശത്തിനെതിരെ ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ഉണ്ടായ ചെറുത്തുനില്പുകൾ ആണ് പുപുതാനുകൾ. ഇതിൽ ഏറ്റവും പ്രമുഖം 1906 ൽ ബാദൂങ്ങിൽ നടന്നതാണ്.

ബാലിയിലെ ദെൻപസാരിലുള്ള പുപുതാൻ സ്മാരകം

ചരിത്രത്തിൽ കൊളോണിയലിസത്തിന്റെ ക്രൂരത ഇത്രയും പ്രകടമായ മറ്റൊരു സംഭവവുമില്ല.[അവലംബം ആവശ്യമാണ്] 1906 ൽ ഒരു ചൈനീസ് കപ്പൽ ബാലി തീരത്ത് തകർന്നടിയുന്നു. അത് ആരും തകർത്തതായിരുന്നില്ല. നിഷ്കളങ്കരായ നാട്ടുകാർ കപ്പലിലെ സാധനങ്ങൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി എന്നതു നേരാണ്. പക്ഷെ, കപ്പലുടമകളായ ചൈനക്കാർ ബാലിയിലെ ഡച്ച് ഭരണകൂടത്തോട് പരാതിപ്പെട്ടത് നാട്ടുകാർ കപ്പൽ തകർത്ത് സാധനങ്ങൾ കൊള്ളയടിച്ചു എന്നായിരുന്നു. ഇതിന് നഷ്ടപരിഹാരം വേണം. ഡച്ച് ഭരണകൂടം ഇതാരു അവസരമായി കരുതി ബാലിയിലെ രാജാവിനോട് വൻതുക നഷ്ടപരിഹാരമായി കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടു. രാജാവ് ഇത് ചിരിച്ചു തള്ളി. ഡച്ചുകാർ ആവശ്യം ആവർത്തിച്ചപ്പോഴും രാജാവ് ചിരിച്ചതേയുള്ളൂ. പ്രകോപിതരായ ഡച്ചുകാർ രാജാവിനെ തടവിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സമയം രാജാവ് ജനങ്ങളോട് നിലപാട് വ്യക്തമാക്കി: "ഡച്ചുകാരോട് പോരാടാനുള്ള ശേഷിയൊന്നും നമുക്കില്ല. എന്നെ അവർ പിടിച്ചുകൊണ്ടുപോയി ഏതെങ്കിലും ദ്വീപിൽ തടവിലിടും. അങ്ങനെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ഈ മണ്ണിൽ ഒരുമിച്ചു മരിക്കാം. നിങ്ങളെല്ലാം വെള്ള വസ്ത്രം ധരിച്ച് വരിക."

ആ ആഹ്വാനം ചെവികൊണ്ട് ആയിരക്കണക്കിന് ജനങ്ങൾ വെള്ളവസ്ത്രം ധരിച്ച് തെരുവിലിറങ്ങി. അതിൽ വൃദ്ധരും യുവാക്കളും സ്ത്രീകളും കുട്ടികളും എല്ലാമുണ്ടായിരുന്നു. രാജകീയ വേഷങ്ങളണിഞ്ഞ് പല്ലക്കിൽ വന്ന രാജാവ് നൂറു ചുവട് അകലെ ഡച്ച് സേനയെ കണ്ടപ്പോൾ അതിൽ നിന്നിറങ്ങി. രാജാവിന്റെ നിർദ്ദേശ പ്രകാരം പുരോഹിതൻ അദ്ദേഹത്തിന്റെ നെഞ്ചിൽ കത്തി കയറ്റി. പിന്നാലെ നിരന്ന ബാലിക്കാർ മുഴുവനും സ്വയമോ മറ്റുള്ളവരാലോ കുത്തി കൊല്ലപ്പെട്ടു. സ്ത്രീകൾ അവരുടെ സ്വർണം ഡച്ചുകാർക്ക് നേരെ വലിച്ചെറിഞ്ഞ് "ഇത് എന്നെ കൊല്ലാൻ വേണ്ടിയുള്ള കൂലിയാണ്, നിങ്ങൾ എടുത്തോളു" എന്നു പറഞ്ഞു കൊണ്ടാണ് മരണം വരിക്കുന്നത്. ഒരു ജനത ഒന്നാകെ ഇത്തരത്തിൽ ആത്മാഹുതി ചെയ്ത സംഭവം ലോക ചരിത്രത്തിൽ തന്നെ അപൂർവം ആണ്.

അതിസാഹസികമായ ഈ സമരത്തെപ്പറ്റി എസ്.കെ. പൊറ്റക്കാട് ബാലിദ്വീപ് യാത്രാ വിവരണത്തിൽ വികാരഭരിതമായി വിവരിക്കുന്നുണ്ട്. പുപുതാൻ സംഭവത്തിൽ നിന്നു മനസ്സിലാകുന്നത് ആക്രമിച്ചു കീഴ്പ്പെടുത്തുക തുടങ്ങിയ സ്വഭാവങ്ങളൊന്നും ബാലി ജനതയ്ക്ക് ഇല്ലെന്നു തന്നെയാണ്.


  1. http://whynationsfail.com/blog/2014/2/6/the-1906-badung-puputan.html Archived 2016-03-13 at the Wayback Machine.
  2. http://www.inbali.org/place/badung-puputan-park-denpasar/ Archived 2016-01-02 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പുപുതാൻ_സംഭവം&oldid=4075850" എന്ന താളിൽനിന്ന് ശേഖരിച്ചത്