പ്രകടനം, മൈം, നൃത്തം, അക്രോബാറ്റിക്സ് എന്നിവ സംയോജിപ്പിക്കുന്ന ചൈനീസ് ഓപ്പറയുടെ ഏറ്റവും പ്രബലമായ രൂപമാണ് പീക്കിംഗ് ഓപ്പറ, അല്ലെങ്കിൽ ബീജിംഗ് ഓപ്പറ. ബീജിംഗിൽചിങ് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് (1636-1912) ഈ കലാരൂപം രൂപം കൊള്ളുന്നത്, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് പൂർണ്ണമായി വികസിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.[1] ചിങ് ചക്രവർത്തിമാരുടെ കൊട്ടാരത്തിൽ ഈ കലാരൂപം വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു. പീക്കിങ്ങ് ഓപ്പറയെ, ചൈനയുടെ സാംസ്കാരിക നിധികളിലൊന്നായി കണക്കാക്കപ്പെടുന്നു.[2] ബീജിംഗ്, ടിയാൻജിൻ, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ഈ കലാസംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്.[3]തായ്‌വാനിലും സംരക്ഷിക്കപ്പെടുന്ന ഈ കലാരൂപം അവിടെ Guójù എന്ന പേരിൽ അറിയപ്പെടുന്നു. പിൽകാലത്ത് ഇത് അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി.[4]
പ്രധാനമായും നാലു തരം കഥാപാത്രങ്ങളാണ് പീക്കിങ്ങ് ഓപ്പറയിൽ വരുന്നത്. ഷെങ് (പുരുഷ കഥാപാത്രം), ദാൻ (സ്ത്രീ), ജിംഗ് (പരുക്കനായ പുരുഷകഥാപാത്രം), ചൗ (കോമാളി) എന്നിവയാണവ. പ്രധാനകഥാപാത്രങ്ങളെ കുടാതെ നിരവധി ഉപകഥാപാത്രങ്ങളും ഓപ്പറയിൽ വരുന്നു. ഇവരുടെ വർണ്ണാഭമായ വസ്ത്രാലങ്കാരങ്ങളും അഭ്യാസ പ്രകടനങ്ങളും പീക്കിംഗ് ഓപ്പറയുടെ പ്രധാന ആകർഷക ഘടകങ്ങളാണ്. കലാകാരന്മാർ ഉപയോഗിക്കുന്ന ഭാഷ, പാട്ടുകൾ, നൃത്തം, സംഘട്ടനങ്ങൾ ഇവ പ്രധാനമായും പ്രതീകാത്മകമാണ്. കലാകാരന്റെ ശരീരചലനത്തിനെ ആകർഷണീയതയെ ആധാരമാകിയാണ് അവരുടെ പ്രാവീണ്യത്തെ വിലയിരുത്തുന്നത്.[5]
സാംസ്കാരിക വിപ്ലവകാലത്ത് (1966-1976) വിപ്ലവകാരികൾ പരമ്പരാഗത പീക്കിംഗ് ഓപ്പറയെ "ഫ്യൂഡലിസ്റ്റിക്", "ബൂർഷ്വാ" എന്ന് അവരോധിക്കുകയും, പരമ്പരാഗത ഓപ്പറയുടെ പ്രചാരണത്തിനും ഉപദേശത്തിനും ബദലായി വിപ്ലവ ഓപ്പറകൾ സ്ഥാപിക്കുകയും ചെയ്തു.[6] സാംസ്കാരിക വിപ്ലവത്തിനുശേഷം ഈ പരിവർത്തനങ്ങൾ വലിയ തോതിൽ പൂർവാവസ്ഥയിലായി. സമീപ വർഷങ്ങളിൽ, പ്രേക്ഷകരുടെ എണ്ണം കുറയുന്നതിന് മറുപടിയായി പെക്കിംഗ് ഓപ്പറ നിരവധി പരിഷ്കാരങ്ങൾക്ക് ശ്രമിച്ചു. പ്രകടന നിലവാരം മെച്ചപ്പെടുത്തുക, പുതിയ പ്രകടന ഘടകങ്ങൾ ഉൾക്കൊള്ളുക, പുതിയതും യഥാർത്ഥവുമായ നാടകങ്ങൾ അവതരിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ഈ പരിഷ്കാരങ്ങൾ സമ്മിശ്ര വിജയമാണ് നേടിയത്.