പി. ശിശുപാലൻ
മാഹി വിമോചനപോരാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി ശിശുപാലൻ (-13 മാർച്ച് 2012).
ജീവിതരേഖ
തിരുത്തുകമാഹി പാറക്കലിലെ പാറേമ്മൽ ഗോപാലന്റെയും യശോദയുടെയും മകനായി മാഹിയിൽ ജനിച്ചു. ഫ്രഞ്ച് വാഴ്ചക്കെതിരെ മാഹിയിൽ നടന്ന സംഘടിതമായ ആദ്യത്തെ ജനകീയമുന്നേറ്റമായ 1948 ഒക്ടോബർ 21ന്റെ സമരത്തിന്റെ മുന്നണിപോരാളിയായിരുന്നു. മയ്യഴി മെറി ഓഫീസ് അഗ്നിക്കിരയാക്കുകയും പൊലീസ് സ്റ്റേഷനും ഭരണകേന്ദ്രവും പിടിച്ചെടുക്കുകയും ചെയ്ത സമരത്തിൽ പങ്കെടുത്തതിന് 20 വർഷം കഠിനതടവിനും രണ്ടായിരം ഫ്രാങ്ക് പിഴയടക്കാനും ശിക്ഷിച്ചു. ഫ്രഞ്ച് പൊലീസിന് പിടികൊടുക്കാതെ ഇന്ത്യൻ യൂണിയനിൽ അഭയം തേടി. മാഹി തിരിച്ചുപിടിക്കാൻ ഫ്രഞ്ച്കപ്പൽ എത്തിയപ്പോൾ അനുരജ്ഞനശ്രമം നടത്തുന്നതിനായി വളവിൽ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുന്നതിന് നായകത്വം വഹിച്ചത് ശിശുപാലൻ മാസ്റ്ററായിരുന്നു. ഒക്ടോബർസംഭവത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പന്തക്കലിൽ അനുമതിയില്ലാതെ ജാഥ നടത്തിയതിന് മൂന്നരമാസം തടവിന് ശിക്ഷിച്ചു. 1948 ൽ അറസ്റ്റും പോലീസ്‌നടപടിയും ഭയന്ന് ഇന്ത്യൻ യൂണിയനിൽ അഭയം പ്രാപിച്ചവർക്കുവേണ്ടിയുള്ള പൂഴിത്തല ക്യാമ്പിന്റെ ചുമതലയും വഹിച്ചു.
വിമോചനസമരത്തിൽ പങ്കെടുത്തതിന് ഫ്രഞ്ച് അധ്യാപക തസ്തികയിൽനിന്ന് പുറത്താക്കി.[1] മാഹിയിലെ ഫ്രഞ്ച് വിദ്യാലയമായ "എക്കാൽസെന്ത്രാൽ കൂർ കോംപ്ലെമെന്തേറി" അധ്യാപകനായിരിക്കെ 1948 ആഗസ്തിലാണ് പുറത്താക്കിയത്. ഇതോടെ മാഹിവിമോചനപ്രസ്ഥാനത്തിൽ പൂർണമായും മുഴുകി. മയ്യഴി ഗാന്ധി ഐ കെ കുമാരൻ മാസ്റ്ററുടെ പ്രധാന ശിഷ്യനായിരുന്നു. പള്ളൂർ ഫ്രഞ്ച് സ്കൂളിൽ പ്രധാനാധ്യാപകനായും വിവിധ സ്കൂളുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 1944-53 കാലത്ത് ആർമി അക്കാദമിയിൽ പ്രൊഫസറായിരിക്കെ ഇന്ത്യ-ചൈന സമാധാനസമിതിയിൽ ദ്വിഭാഷിയായി പ്രവർത്തിച്ചു. പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ വിദേശഭാഷാവകുപ്പിൽ 1955 മുതൽ ഫ്രഞ്ച് റീഡറായി. 1978ൽ വകുപ്പ് തലവനായി വിരമിച്ചു. നാട്ടിൽ തിരിച്ചെത്തി സാമൂഹ്യരംഗത്ത് സജീവമായി. ഫ്രഞ്ച് മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് "ഗ്ലോറിയസ് മാർച്ച് ടുവേർഡ്സ് ദി ഫ്രീഡം ഓഫ് ഫ്രഞ്ച് മാഹി" എന്ന പേരിൽ പുസ്തകവും സൈനികരംഗത്ത് വിദേശഭാഷയുടെ പ്രധാന്യത്തെക്കുറിച്ച് പ്രബന്ധവും എഴുതിയിട്ടുണ്ട്. 1986ൽ വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടന്ന വിദ്യാഭ്യാസസമരത്തിൽ പാലേരി ദാമോദരൻ മാസ്റ്റരോടൊപ്പംനിന്ന് നേതൃത്വം നൽകി. 2004 മാർച്ചിൽ ടാഗോർപാർക്ക് സ്വകാര്യവത്കരണത്തിനെതിരെ നടന്ന 165 ദിവസം നീണ്ട സമരത്തിന്റെ നായകനായിരുന്നു. മഞ്ചക്കൽ ബോട്ട്ഹൗസ് പാട്ടത്തിന് നൽകുന്നതിനെതിരെയും ഏറ്റവുമൊടുവിൽ മദ്യലോബിക്കെതിരെയും ശക്തമായ നടപടികളാരംഭിച്ച മുൻ റീജണൽ അഡ്മിനിസ്‌ട്രേറ്റർ ജെ.അശോക് കുമാറിനെ സ്ഥലംമാറ്റാനുള്ള സർക്കാർനടപടി പിൻവലിക്കണമെന്നാവശ്യപ്പെട് നടന്ന സമരങ്ങൾക്കും നേതൃത്വം നൽകി.ഐ കെ കുമാരൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്റെ സ്ഥാപക പ്രസിഡന്റും ഐ കെ സ്മാരക ട്രസ്റ്റ് ചെയർമാനുമായി പ്രവർത്തിച്ചു.[2] ദീർഘകാലമായി മാഹി ഫ്രീഡം ഫൈറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റായിരുന്നു.
കൃതികൾ
തിരുത്തുക- "ഗ്ലോറിയസ് മാർച്ച് ടുവേർഡ്സ് ദി ഫ്രീഡം ഓഫ് ഫ്രഞ്ച് മാഹി" (ഫ്രഞ്ച് മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് )
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-03-14.
- ↑ http://www.mathrubhumi.com/kannur/news/1505594-local_news-Mayyazhi-%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B4%E0%B4%BF.html[പ്രവർത്തിക്കാത്ത കണ്ണി]