പി. രാഘവൻ
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയക്കാരനായിരുന്നു പി. രാഘവൻ. 1991 മുതൽ 2001 വരെ അദ്ദേഹം കേരള നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
പി. രാഘവൻ | |
---|---|
Member of Kerala Legislative Assembly | |
ഓഫീസിൽ 1991–2001 | |
മണ്ഡലം | ഉദുമ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുന്നാട്, ദക്ഷിണ കനറ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് രാജ് | ഒക്ടോബർ 15, 1945
മരണം | ജൂലൈ 5, 2022 മുന്നാട്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്, കാസർഗോഡ് ജില്ല, കേരളം, ഇന്ത്യ | (പ്രായം 76)
രാഷ്ട്രീയ കക്ഷി | സിപിഐ (എം) |
പങ്കാളി | കമല |
കുട്ടികൾ | 2 |
മാതാപിതാക്കൾs | ചേവിരി രാമൻ നായർ പേറയിൽ മാണിയമ്മ |
വസതിs | മുന്നാട്, കാസർഗോഡ് |
ജീവചരിത്രം
തിരുത്തുകഇന്നത്തെ കാസർകോട് ജില്ലയിലെ ബേഡഡുക്കയിലെ മുന്നാട്, ചേവിരി രാമൻ നായരുടെയും പേറയിൽ മാണിയമ്മയുടെയും ഏഴു മക്കളിൽ ഇളയവനായി 1945 ഒക്ടോബർ 15 നാണ് പി.രാഘവൻ ജനിച്ചത്.[1] മുന്നാട് എയുപി സ്കൂൾ, ഇരിയണ്ണി ഹൈസ്കൂൾ, കാസർകോട് സർക്കാർ കോളേജ്, ഉഡുപ്പി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. [1] സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി. [1] മുന്നാട് എയുപി സ്കൂളിൽ വിദ്യാർഥിയായിരിക്കെ കെഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. [1] ഉഡുപ്പി ലോ കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ് ഫെഡറേഷൻ യൂണിറ്റ് സെക്രട്ടറി ആയ അദ്ധേഹം അക്കാലത്ത് കെഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [1]
പഠനകാലത്തിന് ശേഷം കെഎസ്‌വൈഎഫിൽ സജീവമായ അദ്ദേഹം കെഎസ്‌വൈഎഫിന്റെ കാസർകോട് താലൂക്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. [1] "തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം" എന്ന മുദ്രാവാക്യവുമായി കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ വളണ്ടിയർ ആയിരുന്ന അദ്ദേഹം അതിന്റെ പേരിൽ അറസ്റ്റിലാവുകയും തിഹാർ ജയിലിൽ ഒരു മാസത്തെ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. [1] 1969 ഡിസംബറിൽ തലപ്പള്ളം കേസിൽ അറസ്റ്റിലായ അദ്ദേഹം കാസർകോട് സബ്ജയിലിൽ രണ്ടാഴ്ച തടവിലായി. [1] പാർട്ടി ബന്തടുക്കയും തലപ്പള്ളത്തും സംഘടിപ്പിച്ച വളണ്ടിയർ ക്യാമ്പ് നക്‌സലൈറ്റ് ക്യാമ്പാണെന്ന് തെറ്റിദ്ധരിപ്പിച്ചത് പ്രദേശവാസിയുടെ പരാതിയിലാണ്. [1] വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ കോടതി കേസ് തള്ളി. [1]
1974ൽ കാസർകോട് ബാറിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[1]
വ്യക്തി ജീവിതവും മരണവും
തിരുത്തുകഅദ്ദേഹത്തിനും ഭാര്യ കമലയ്ക്കും അജിത് കുമാർ, അരുൺ രാഘവൻ എന്നീ രണ്ട് മക്കളുണ്ട്.[2] 2022 ജൂലൈ 5-ന് അദ്ദേഹം അന്തരിച്ചു.[2]
രാഷ്ട്രീയ ജീവിതം
തിരുത്തുകസ്കൂൾ കാലം മുതൽ രാഘവൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കാസർകോട് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ മെഹബൂബ് ബസ് തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. [3] 1964 [4] ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗമായി. 1984ൽ കാസർകോട് ജില്ല നിലവിൽ വന്നപ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [4] തുടർന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 37 വർഷം ആ സ്ഥാനത്ത് തുടർന്നു. [5]
ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം കാസർകോട് മേഖലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.[4] 1989 മുതൽ 2012 വരെ സിഐടിയു കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്നു.[4] സിഐടിയു ദേശീയ നിർവാഹക സമിതി അംഗമായും സിഐടിയു സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.[4] കോളേജ് പഠനകാലത്ത് ബസ് കണ്ടക്ടർ വരദരാജപൈ കൊല്ലപ്പെട്ട സംഭവം ഏറ്റെടുത്ത രാഘവൻ, സിഐടിയു ജനറൽ സെക്രട്ടറിയായിരിക്കെ നിർമിച്ച സിഐടിയു കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് വരദരാജപൈയുടെ സ്മാരകമാക്കി.[3]
പിന്നീട് പി രാഘവന്റെ നേതൃത്വത്തിൽ ജില്ലാ മോട്ടോർ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ച് ‘വരദരാജ പൈ’ എന്ന പേരിൽ ബസുകൾ നിരത്തിലിറക്കി.[3] മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ശക്തിപ്പെടുത്തിയ രാഘവൻ യൂണിയൻ ജില്ലാ പ്രസിഡന്റായും ബസ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായും ഫെഡറേഷൻ ദേശീയ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു.[3]
രാഘവന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഇരുപത്തിയഞ്ചിലധികം സഹകരണ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.[5] ജില്ലയിൽ സിപിഐയും സിഐടിയുവും വളരാനുള്ള പ്രധാന മാർഗമായി രാഘവൻ കണ്ടത് സഹകരണ മേഖലയെയാണ്.[3] കാസർകോട് എൻജികെ പ്രിന്റിംഗ് സൊസൈറ്റി, മോട്ടോർ തൊഴിലാളി സഹകരണ സംഘം, കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റി, ബേഡകം ക്ലേ വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, കാസർകോട് ആയുർവേദ സഹകരണ സംഘം, പഴം-പച്ചക്കറി സഹകരണ സംഘം, കാസർകോട് ദിനേശ് ബീഡി സഹകരണ സംഘം തുടങ്ങിയ സഹകരണ സംഘങ്ങൾ സ്ഥാപിച്ചത് രാഘവൻ ആണ്.[3] മരിക്കുമ്പോൾ കാസർകോട് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെയും കാസർകോട് പീപ്പിൾസ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു അദ്ദേഹം.[3]
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
തിരുത്തുക1991 മുതൽ 2001 വരെ പി. രാഘവൻ, 9, 10 നിയമസഭകളിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു.[6] എട്ട് വർഷം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.[4]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- തലശ്ശേരി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് ഇ നാരായണൻ സ്മാരക അവാർഡ്.[4]
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 balu.kg. "പി രാഘവൻ; കാസർകോട് ജില്ലയിൽ സഹകരണ-തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട നേതാവ്". Asianet News Network Pvt Ltd. Retrieved 2022-07-06.
- ↑ 2.0 2.1 Daily, Keralakaumudi. "Uduma former MLA P Raghavan passes away". Keralakaumudi Daily (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-06.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 ലേഖകൻ, മാധ്യമം (2022-07-06). "പി. രാഘവൻ: സഹകരണമേഖലയിൽ കൈയൊപ്പ് ചാർത്തിയ നേതാവ് | Madhyamam". www.madhyamam.com. Retrieved 2022-07-06.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 "സിപിഐ എം നേതാവും ഉദുമ മുൻ എംഎൽഎയുമായ പി രാഘവൻ അന്തരിച്ചു". Deshabhimani. Retrieved 2022-07-06.
- ↑ 5.0 5.1 vipinvk. "ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു". Asianet News Network Pvt Ltd. Retrieved 2022-07-06.
- ↑ "Members - Kerala Legislature". Retrieved 2022-07-06.