അധ്യാപകൻ, എഴുത്തുകാരൻ, മലയാള ഐക്യവേദിയുടെ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പി. പ്രേമചന്ദ്രൻ.

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 07-05-1967 ൽ ജനനം. ഹയർസെക്കന്ററി വിദ്യാഭ്യാസ മേഖലയിൽ അധ്യാപകനായി ജോലിചെയ്യുന്ന ഇദ്ദേഹം നിലവിൽ പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ മലയാളം അധ്യാപകനാണ്. 2004 മുതൽ കേരളത്തിലെ പാഠ്യപദ്ധതി, പാഠപുസ്തക സമിതി ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 2006, 2007 വർഷങ്ങളിൽ പുറത്തിറക്കിയ ഹയർസെക്കന്ററി മേഖലയിലെ ആദ്യ ഭാഷാപാഠപുസ്തക നിർമ്മിതിയിൽ പങ്കുവഹിച്ചു. 2007 ലെ കേരളാകരിക്കുലം ഫ്രെയിം വർക്കിലെ (കെ സി എഫ്) ഫോക്കസ് ഗ്രൂപ്പ് അംഗമായി പ്രവർത്തിച്ചു. കെ സി എഫിന്റെ അടിസ്ഥാനത്തിൽ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, അനുബന്ധ പഠനസാമഗ്രികൾ എന്നിവ തയ്യാറാക്കുന്നതിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. എസ് സി ഇ ആർ ടി യുടെ സംസ്ഥാന റിസോർസ് ഗ്രൂപ്പ് അംഗം എന്ന നിലയിൽ നിരവധി പരിശീലന മൊഡ്യൂളുകൾ തയ്യാറാക്കുന്നതിലും അധ്യാപകപരിശീലനം നൽകുന്നതിലും നേതൃതം വഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർക്ക് വേണ്ടി ഐ ടി അധിഷ്ഠിത പഠന സാമഗ്രികൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. എസ് സി ഇ ആർ ടി , സീമാറ്റ് തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങൾ നടത്തുന്ന പല പഠനങ്ങൾക്കും സർവ്വേകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. കേരളത്തിൽ ഹയർസെക്കന്ററി പ്രവേശനത്തിനായി ഏകജാലക പ്രവേശനം ആരംഭിച്ചപ്പോൾ അതിന്റെ ഗുണദോഷങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിലെ പതിനാല് ജില്ലകളിലും സീമാറ്റ് സംഘടിപ്പിച്ച പഠനത്തിന് നേതൃത്വം നൽകി. സീമാറ്റ് കേരളത്തിലെ പ്രിൻസിപ്പൽമാർക്കായി സംഘടിപ്പിച്ച ആദ്യത്തെ സമഗ്രപരിശീലനത്തിന്റെ മൊഡ്യൂൾ തയ്യാറാക്കുന്നതിനും അതിലെ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളെ പരിശീലിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു. മാതൃഭൂമി, ദേശാഭിമാനി, സമകാലിക മലയാളം, മാധ്യമം, അധ്യാപകലോകം തുടങ്ങിയ വാരികകളിൽ വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.പയ്യന്നൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന എതിർദിശ മാസികയിൽ വൈറ്റ് ബോർഡ് എന്ന പേരിൽ വിദ്യാഭ്യാസ വിഷയങ്ങളെ ആധാരമാക്കി അമ്പതിൽ അധികം ലക്കങ്ങളിൽ വിദ്യാഭ്യാസ ലേഖനങ്ങൾ എഴുതി. 2005 മുതൽ പയ്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മുഖ്യസംഘാടകനാണ്. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളാ ഘടകത്തിന്റെ റീജിയണൽ മെമ്പറായി 2018 മുതൽ പ്രവർത്തിക്കുന്നു. ചലച്ചിത്ര സമീക്ഷ, ദൃശ്യതാളം തുടങ്ങിയ ചലച്ചിത്ര മാസികകളിൽ സിനിമാനിരൂപണങ്ങൾ എഴുതി വരുന്നു. പയ്യന്നൂരിലെ നെറ്റ് വർക്ക് ചാനലിൽ ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുന്ന 'ക്ലാസിക് ഫ്രെയിംസ് ' എന്ന പ്രതിവാര പരിപാടിയിൽ പി പ്രേമചന്ദ്രൻ നിരവധി എപ്പിസോഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • സംസ്ഥാന വിദ്യാഭ്യാസ മാധ്യമപുരസ്കാരം (2010)
  • അധ്യാപകലോകം അവാർഡ് (2011)

ലേഖനങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._പ്രേമചന്ദ്രൻ&oldid=4141406" എന്ന താളിൽനിന്ന് ശേഖരിച്ചത്