പൊതുവർഷം രണ്ടാം നൂറ്റാണ്ടോളം പഴക്കം കണ്ടേക്കാവുന്ന ഒരു പ്രധാന ജ്ഞാനവാദലിഖിതമാണ് പിസ്റ്റിസ് സോഫിയ അല്ലെങ്കിൽ 'ജ്ഞാനവിശ്വാസം'.[1] അതിന്റെ ലഭ്യമായ അഞ്ചു കൈയെഴുത്തുപ്രതികൾ 5-6 നൂറ്റാണ്ടുകളിൽ ഈജിപ്തിലെ കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ടവയാണ്. ഗ്രീക്കു മൂലത്തിൽ നിന്നുള്ള പരിഭാഷയാണ് ഇവയെന്നു കരുതപ്പെടുന്നു.[2] മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ യേശു തന്റെ അമ്മയും മഗ്ദലനമറിയവും മാർത്തായും ഉൾപ്പെടെയുള്ള അനുയായികളുമായി പതിനൊന്നു വർഷം ചെലവഴിച്ച് നൽകിയതായി പറയപ്പെടുന്ന പ്രബോധനങ്ങളുടെ രൂപത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ജ്ഞാനവാദചിന്തയ്ക്കു പരിചിതമായ വിശ്വശ്രേണിയുടെ വിവരണം ഇതിന്റ് ഭാഗമാണ്.

പേര്, ഉള്ളടക്കം

തിരുത്തുക

"പിസ്റ്റിസ് സോഫിയ" എന്ന പേരിന്റെ അർത്ഥം വ്യക്തമല്ല. വിശ്വാസജ്ഞാനം, വിശ്വാസത്തിന്റെ ജ്ഞാനം, ജ്ഞാനത്തിൽ വിശ്വാസം എന്നൊക്കെ അതിന് അർത്ഥം കല്പിക്കാറുണ്ട്. കൃതിയുടെ ജ്ഞാനവാദപശ്ചാത്തലവും, സോഫിയ എന്നത് ജ്ഞാനവാദികൾക്ക് ജ്ഞാനം എന്നർത്ഥം വരുന്ന ഒരു പദമല്ലാതെ യേശുവിന്റെ ദൈവികാംശം തന്നെ ആയിരുന്നു എന്നതും പരിഗണിക്കുമ്പോൾ, "ജ്ഞാനത്തിന്റെ വിശ്വാസം" എന്നതാകും കൂടുതൽ ഉചിതമായ അർത്ഥം എന്നു കരുതപ്പെടുന്നു. മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ യേശു പതിനൊന്നു വർഷം ശിഷ്യന്മാരോടൊപ്പം ഭൂമിയിൽ ചെലവഴിച്ചെന്നും അക്കാലത്ത് അവരെ പ്രബോധിപ്പിക്കുകയും ദൈവികരഹസ്യങ്ങളുടെ തുടക്കത്തിലെ ഒന്നാം തലം വരെ ഗ്രഹിപ്പക്കുകയും ചെയ്തെന്നും "പിസ്റ്റിസ് സോഫിയ" പറയുന്നു. യേശുവിന്റെ മരണവും പുനരുദ്ധാനവും പ്രതിഫലിക്കുന്ന ഒരു ദൃഷ്ടാന്തകഥയിൽ തുടങ്ങുന്ന കൃതി, അടുത്തതായി ആത്മാവിന്റെ അവരോഹണ, ആരോഹണഗതികൾ വർണ്ണിക്കുന്നു. തുടർന്ന് ജ്ഞാനവാദവിശ്വവീക്ഷണത്തിലെ പ്രമുഖവ്യക്തികളെ അവതരിപ്പിക്കുന്നു. മുക്തിപ്രാപ്തിക്ക് മറികടക്കേണ്ട 32 ജഡമോഹങ്ങളുടെ വിവരണത്തിലാണ് ലിഖിതം സമാപിക്കുന്നത്.

പ്രാധാന്യം

തിരുത്തുക

"പിസ്റ്റേ സോഫിയേ കോഡൈസ്" എന്നു പുറം ചട്ടയിൽ പേരെഴുതിയ അപൂർണ്ണമായ മറ്റൊരു ജ്ഞാനവാദരചനയോടു ചേർത്ത് തുന്നിക്കെട്ടിയ നിലയിൽ 1773-ൽ കണ്ടുകിട്ടിയ പ്രതിയാണ് പിസ്റ്റിസ് സോഫിയയുടെ ലഭ്യമായ 5 കൈയെഴുത്തുപ്രതികളിൽ ഏറ്റവും പ്രസിദ്ധമായത്. "ആസ്ക്യൂ കോഡക്സ്" എന്നറിയപ്പെടുന്ന ഈ പ്രതി 1795-ൽ ബ്രിട്ടീഷ് മ്യൂസിയം വിലയ്ക്കു വാങ്ങി.

മുഖ്യധാരാക്രിസ്തുമതവുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട ജ്ഞാനവാദക്രിസ്തീയതയുടെ സാഹിത്യം കിഴക്കും പടിഞ്ഞാറും അടിച്ചമർത്തപ്പെട്ടിരുന്നതിനാൽ 1945-ൽ, പ്രസിദ്ധമായ നാഗ് ഹമ്മദി ഗ്രന്ഥശേഖരം കണ്ടുകിട്ടുന്നതു വരെ, ജ്ഞാനവാദരചനകളിൽ ലഭ്യമായിരുന്നതെല്ലാം അടങ്ങിയ മൂന്നു കൈയെഴുത്തുപ്രതികളിൽ ഒന്നായിരുന്നു പിസ്റ്റിസ് സോഫിയ അടങ്ങിയ "ആസ്ക്യൂ കോഡെക്സ്". ബ്രൂസ് കോഡെക്സ്, ബെർളിൻ കോഡെക്സ് എന്നിവയായിരുന്നു മറ്റു രണ്ടു കൈയെഴുത്തുപ്രതികൾ. ഇവയ്ക്കു പുറമേ ജ്ഞാനവാദത്തെ സംബന്ധിച്ച് മുൻപുണ്ടായിരുന്ന അറിവത്രയും ജ്ഞാനവാദികളുടെ ശത്രുക്കളുടെ രചനകളിലെ ഉദ്ധരണികളേയും, വികൃതാനുകരണങ്ങളേയും ആശ്രയിച്ചു മാത്രമായിരുന്നു. യാഥാസ്ഥിതിക ക്രിസ്തീയനിലപാടിൽ നിന്നുള്ള വികൃതചിത്രം മാത്രമായിരുന്നു ക്രിസ്തീയതയുടെ ആദിമകാലത്തെ വലിയ ധാർമ്മികമുന്നേറ്റമായിരുന്ന ജ്ഞാനവാദത്തെക്കുറിച്ച് അവ നൽകിയിരുന്നത്. ജ്ഞാനവാദം അതിന്റെ അനുയായികൾക്ക് എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ പിസ്റ്റിസ് സോഫിയായുടേയും പിന്നീട് നാഗ് ഹമ്മദി ഗ്രന്ഥശേഖരത്തിലെ കൃതികളുടേയും കണ്ടെത്തൽ സഹായിച്ചു.[3]

  1. F.Stanley Jones (editor), Which Mary? The Mary's of Early Christian Tradition, page 45 (Leiden, 2002). ISBN 90-04-12708-9
  2. H.P. Blavatsky Collected Writings, Volume 13, INTRODUCTORY NOTES TO H.P.B.’s COMMENTARY ON THE PISTIS SOPHIA
  3. Gnostic Society, Gnostic Scriptures and Fragments An Excerpt from the Introduction to Pistis Sophia by GRS Mead

അധിക വായനക്ക്

തിരുത്തുക
  • Francis Legge, Forerunners and Rivals of Christianity, From 330 B.C. to 330 A.D. (1914), reprinted in two volumes bound as one, University Books New York, 1964. LC Catalog 64-24125.
  • Mead, G.R.S. (1921) Pistis Sophia.
  • Charlesworth, James H. (1973) The Odes of Solomon.
  • Hurtak, J.J. and D.E. Hurtak (1999) Pistis Sophia: Text and Commentary complete text with commentary.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിസ്റ്റിസ്_സോഫിയ&oldid=3637229" എന്ന താളിൽനിന്ന് ശേഖരിച്ചത്