പാർവ്വതി നെന്മേനിമംഗലം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ അന്തർജനങ്ങളെ അനന്യമായ ഗരിമയോടെ നയിക്കുകയും, നമ്മുടെ സാമൂഹ്യജീവിതത്തിൽ മാറ്റത്തിന്റെ പ്രണേതാവായി മാറുകയും ചെയ്ത കേരളം കണ്ട ഏറ്റവും ഉൽകൃഷ്ടയായ നവോത്ഥാന നായികയായിരുന്നു പാർവതി നെന്മേനിമംഗലം. 1911 ൽ ജനിക്കുകയും സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് 1947 ൽ 36-ാം വയസിൽ അകാലചരമമടയുകയും ചെയ്ത പാർവതി ഒരു കാലഘട്ടത്തിൽ കേരളത്തിലെ സർവരും ആദരിച്ചിരുന്ന ഉൽകൃഷ്ടവ്യക്തിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത, ബ്രാഹ്മണ്യത്തിന്റെ അകത്തള ങ്ങളിൽ കഴിഞ്ഞിരുന്ന അവർ ഹ്രസ്വജീവിതത്തിനിടയിൽ നടത്തിയ പോരാട്ടങ്ങളെ വിസ്മയത്തോടെ മാത്രമെ നമുക്ക് നോക്കി കാണാൻ കഴിയൂ.
ജീവിത പാതതിരുത്തുക
ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിൽ നല്ലൂരില്ലത്ത് വിഷ്ണു നമ്പൂതിരിയുടേയും സരസ്വതി അന്തർജനത്തിന്റേയും മകളായി പാർവതി ജനിച്ചു. 14-ാം വയസിൽ തൃശൂരിനടുത്ത് ചേറ്റുപുഴയിൽ നെന്മേനിമംഗലം ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയെ വേളി കഴിച്ചതോടെ അവർ പാർവതി നെന്മേനി മംഗലമായി. പാർവതിയുടെ ഭർത്താവ് വാസുദേവൻ ഉൽപതിഷ്ണുവും യോഗക്ഷേമസഭയിലെ സജീവ പ്രവർത്തകനുമായിരുന്നു. യോഗക്ഷേമസഭയുടെ താൽപര്യപ്രകാരം അന്തർജനസമാജം രൂപീകരിച്ചപ്പോൾ അതിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തത് പാർവതിയെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് പരിണിതപ്രജ്ഞയെ പോലെ അവർ പലയിടത്തും സഞ്ചരിച്ച് അന്തർജനസമാജങ്ങൾ രൂപീകരിക്കുകയും സമർഥയായ സംഘാടകയായി മാറുകയും ചെയ്തു.
1929 ൽ എടക്കുന്നിയിൽ വെച്ചുനടന്ന യോഗക്ഷേമസമ്മേളനവും വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകവുമാണ് കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ സാമൂഹ്യവിപ്ളവത്തിന് അരങ്ങേറ്റം കുറിക്കുന്നത്. ആ സമ്മേളനത്തിൽ വച്ചാണ് അന്തർജനങ്ങൾ മറക്കുടയും ഘോഷയും ബഹിഷ്കരിച്ച് സാധാരണ സ്ത്രീകളെ പോലെ പൊതുരംഗത്ത് പ്രതൃക്ഷപ്പെട്ടു തുടങ്ങിയത്. നമ്പൂതിരി സ്ത്രീകൾക്കിടയിൽ നടന്ന വലിയ വിപ്ളവമായിരുന്നു അത്. പാർവതിയും ആര്യാപള്ളവുമാണ് ഇതിന് നേതൃത്വം നൽകിയത്. മറ്റൊരു അന്തർജനമായ പാർവതി മനഴിയാണ് ആദ്യം ഘോഷ ബഹിഷ്കരിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയത് .
നമ്പൂതിരി സ്ത്രീകളുടെ കരളലിയിക്കുന്ന കഷ്ടപ്പാടിൽ നിന്ന് കരകയറാൻ അവർ സംഘടിക്കണമെന്നും കൂട്ടായ ചെറുത്തുനിൽപ്പിലൂടെ മാത്രമെ അവർക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നവരെ പഠിപ്പിച്ചത് വി ടി ഭട്ടതിരിപ്പാടാണ്. അതിൽ നിന്നാവേശം കൊണ്ടാണ് പാർവതി അന്തർജനങ്ങളെ സംഘടിപ്പിച്ച് ആദ്യയോഗം നെേന്മനിമംഗലം ഇല്ലത്തുവെച്ച് നടത്തുന്നത്. ആദ്യയോഗത്തിൽ 12 പേരാണ് പങ്കെടുത്തതെങ്കിലും കേരളത്തിലുടനീളം പ്രവർത്തിച്ച അന്തർജന സമാജത്തിന്റെ ബീജാവാപമായിരുന്നു ആ കൂടിച്ചേരൽ.
1931 ഡിസംബറിൽ തളിപ്പറമ്പിൽ വെച്ചു ചേർന്ന യുവജനസംഘത്തിന്റെ അധ്യക്ഷപദത്തിലേക്ക് ആനയിക്കപ്പെട്ടത് പാർവതി നെന്മേനിമംഗലമാ യിരുന്നു. അപ്പോഴേക്കും ഗുരുവായൂരിൽ ആരംഭിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് എല്ലാപിന്തുണയും പ്രഖ്യാപിച്ച് പ്രത്യക്ഷമായി സമര ത്തിൽ പങ്കുചേരാൻ നമ്പൂതിരി യുവാക്കൾ തീരുമാനിച്ചത് ആ സമ്മേളനത്തിലായിരുന്നു. യാഥാസ്ഥിതികരായ സ്വസമുദായത്തിലെ മുതിർന്നവരെ എതിർത്തു കൊണ്ടാണ് യുവജനസംഘം സത്യഗ്രഹസമരത്തിന്നിറങ്ങിയത്.
അതിനെതുടർന്ന് വിപുലമായ അന്തർജനസമ്മേളനം വി ടിയുടെ ഭവനമായ രസികസദനത്തിൽ വെച്ചു നടന്നു. പാർവതിയും ആര്യാപള്ളവും മുൻകയ്യെടുത്താണ് സമ്മേളനം സംഘടിപ്പിച്ചത്. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളുടെ കഷ്ടതകൾ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളായതിനാൽ അവർ സംഘടിക്കുന്നതും പ്രതിഷേധിക്കുന്നതും യാഥാസ്ഥിതികരെ രോഷാകുലരാക്കി.
നമ്പൂതിരി ബിൽതിരുത്തുക
നമ്പൂതിരി സമുദായത്തിൽ മൂത്ത ആൾ മാത്രം വിവാഹം കഴിക്കുകയും താഴെയുള്ളവർ സംബന്ധവുമായി കഴിഞ്ഞിരുന്ന കാലത്ത് മൂസമ്പൂരി മൂന്നും നാലും വിവാഹം കഴിക്കുമായിരുന്നു. ഒന്നിലധികം വിവാഹം കഴിക്കുന്ന സമ്പ്രദായത്തിന് അധിവേദനം എന്ന് പറയും. അധിവേദനം തടയുന്നതിനും നമ്പൂതിരി കുടുംബങ്ങളിൽ ഭാഗം വയ്പ്പ് അനുവദിക്കുന്നതിനും വേണ്ടി ഒരു നമ്പൂതിരി ബിൽ കൊച്ചി നിയമസഭയിൽ പാസാക്കണമെന്ന അഭിപ്രായം ശക്തമായ ഒരു കാലഘട്ടമായിരുന്നു അത്. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ കഠിനമായ എതിർപ്പു മൂലം ഇത്തരം ബില്ലുകൾ നിയമസഭ തള്ളിക്കളയുകയായിരുന്നു പതിവ്. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ ഉന്മൂലനം ചെയ്യുകയും ആധുനിക ജീവിതരീ തിക്ക് വഴി തെളിക്കുന്നതുമായ ഒരു നമ്പൂതിരി ബിൽ പി എസ് കേശവൻ നമ്പൂതിരി കൊച്ചി നിയമസഭയിൽ അവതരിപ്പിച്ചു.
പാർവതി നെന്മേനിമംഗലം കൊച്ചി നിയമസഭയിലേക്ക് ക്ഷണിതാവായിതിരുത്തുക
യോഗക്ഷേമസഭയും യുവജനസംഘവും നമ്പൂതിരി ബിൽ പാസാക്കിയെടുക്കുന്നതിനായി ശക്തമായ പ്രചരണങ്ങൾ നടത്തി. ബില്ലിന്റെ വിശദാംശങ്ങൾ പഠിക്കുന്നതിനായി നിയമസഭ സെലക്റ്റ് കമ്മിറ്റിയെ ഏൽപ്പിച്ചു. സെലക്റ്റ് കമ്മിറ്റിയെ നമ്പൂതിരിമാരുടെ പ്രശ്നങ്ങൾ മനസിലാക്കി കൊടുക്കാനും നിയമസഭയിൽ ഇക്കാര്യം അവതരിപ്പിക്കുന്നതിനുമായി പാർവതി നെന്മേനിമംഗലത്തെ പ്രത്യേക ക്ഷണിതാവായി വിളിക്കാൻ തീരുമാനിച്ചു. പാർവതി നിയമസഭയിലെ അംഗമല്ലാതിരുന്നിട്ടും അവരുടെ അസാമാന്യമായ കഴിവുകൾ മനസിലാക്കിയാണ് അവരെ ഈ ഭാരിച്ച കർത്തവ്യത്തിന് നിയോഗിച്ചത്. കൊച്ചി രാജ്യത്തെ പ്രഗത്ഭമതികൾ വിരാജിക്കുന്ന കൊച്ചി നിയമസഭയിലേക്ക് 21 വയസ് മാത്രം പ്രായമുള്ള മെലിഞ്ഞ ഒരു പെൺകുട്ടി നമ്പൂതിരി ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയത് എല്ലാവരേയും വിസ്മയിപ്പിച്ചു. ഭൂപ്രഭുക്കളും പണ്ഡിതന്മാരും താർക്കികന്മാരും അണിനിരന്ന ആ മഹാസഭയിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത പാർവതി നെന്മേനിമംഗലം സങ്കീർണമായ നമ്പൂതിരി ബില്ലിനെ കുറിച്ച് പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ സഭ നിശബ്ദമായി ആ പെൺകുട്ടിയുടെ വാക്കുകൾക്ക് കാതുകൂർപ്പിച്ചു.
നിയമ സഭയിലെ പ്രസ്സംഗംതിരുത്തുക
ബഹുമാനപ്പെട്ട കാട്ടൂർ മെമ്പർ അവതരിപ്പിച്ച നമ്പൂതിരി ബില്ലിനെ അനുകൂലിച്ച് രണ്ടുവാക്കു സംസാരിക്കുവാൻ ഞാൻ ഇച്ഛിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ ബിൽ അധഃപതിച്ചു കിടക്കുന്ന നമ്പൂതിരി സമുദായത്തിന്റെ ഉൽകൃഷ്ടദശയുടെ ഉഷഃപ്രകാശമാണ്. നമ്പൂതിരി സമുദായത്തിലെ ശപിക്കപ്പെട്ട സാമ്പത്തിക സംഘടനയിലും സാമുദായിക നടപടികളിലും ഒരുപരിവർത്തനമുണ്ടാക്കാൻ ഇത് പര്യാപ്തമാണ്.ഒരു അന്തർജനത്തിന് അഭിമാനത്തോടെ ഗൃഹസ്ഥയായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തെ അവർ പ്രസംഗത്തിൽ പരാമർശിച്ചു. അന്തർജനങ്ങളെ കച്ചവടച്ചരക്കുകളാക്കാതെയുള്ള വിവാഹ സമ്പ്രദായവും വിപാത്രങ്ങളാക്കാതെയുള്ള പെരുമാറ്റവും അശുഭകാരികളാക്കാതെയുളള ജീവിതവും മനുഷ്യോചിതമായ നിലയും വിലയും അവർക്ക് ഈ ബിൽ മൂലം ഉണ്ടാകുമെങ്കിൽ, ഒരു നമ്പൂതിരിക്ക് താൻ അഗ്നിസാക്ഷിയായി വിവാഹം ചെയ്ത അന്തർജനത്തെ പ്രാണപ്രേയസിയെന്നു പരസ്യമായി പറയാമെങ്കിൽ, നമ്പൂതിരിമാരുടെ പ്രേമത്തിനും വിവാഹത്തിനും അന്തർജന പ്രണയിനി പാത്രീഭവിക്കുമെങ്കിൽ എനിക്കു കുടുംബം ആരുഭരിച്ചാലും കൊള്ളാം, കണക്ക് ആരെഴുതിയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം, കുബേരനായാലും കുചേലനായാലും വേണ്ടില്ല, മാളികയിലോ മാടപ്പുരയിലോ താമസിച്ചാലും ശരി, അനിയന്ത്രിതമായ അനുരാഗത്തോടുകൂടി പെരുമാറുവാൻ നമ്പൂതിരിമാർക്കും അന്തർജനങ്ങൾക്കും സൗകര്യമുണ്ടാക്കുന്ന ഒരു ബില്ലുണ്ടായാൽ ഞാൻ കൃതകൃത്യയായി.
യുവാവിനു വൃദ്ധയായ ഒരു ഭാര്യയെ എത്രത്തോളം സ്നേഹിക്കാൻ കഴിയും, അതുപോലെ വൃദ്ധന്മാരുടെ മൂന്നാമത്തേയും നാലാമത്തേയും ഭാര്യമാരായി കഴിയുന്ന അന്തർജന യുവതികളുടെ കഥ നിങ്ങളൊന്ന് ആലോചിച്ചാൽ കൊള്ളാം. ഈ ആലോചന നിങ്ങൾക്ക് എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ അധിവേദനവും വൃദ്ധ വിവാഹവും ഈ ഭൂമുഖത്തു നിന്നും എത്രയോ മുമ്പ് അന്തർധാനം ചെയ്യുമായിരുന്നു. നമ്പൂതിരിമാരെ ഏകഭാര്യാവ്രതം അനുഷ്ഠിപ്പിക്കുവാനും അവരെ സ്വജാതിയിൽ വിവാഹം ചെയ്യിക്കുവാനും ശക്തിയുള്ള ഒരു രാജകീയ നിയമം ഉണ്ടായാലല്ലാതെ അന്തർജനങ്ങളായ ഞങ്ങൾക്ക് മോചനം ഉണ്ടാവുകയില്ലെന്നു നിങ്ങളെ അനുസ്മരിപ്പിക്കുവാൻ വേണ്ടി വാസ്തവ സംഗതി വെളിപ്പെടുത്തുകയാണ് ചെയ്തത്.
കാരണവന്മാരുടെ അധികാരാവകാശങ്ങളേയും ചുമതലകളേയും ക്രമപ്പെടുത്തി നിയന്ത്രിക്കുക, വേറെ താമസിച്ചാൽ ചിലവിനു കിട്ടാനുള്ള അവകാശം ഉണ്ടാക്കുക, പിന്തുടർച്ചാവകാശം, മൈനർമാരുടെ രക്ഷാകർത്തൃത്വം ഇവ ക്രമപ്പെടുത്തുക മുതലായ നമ്പൂതിരി സമുദായം ഇന്നാവശ്യപ്പെടുന്ന പ്രധാന പരിഷ്കരണങ്ങളെല്ലാം ഒരു മിതമായ നിലയിലാണെങ്കിലും ഈ ബില്ലിൽ അടങ്ങിയിട്ടുണ്ട്. കൊച്ചി നിയമസഭാ പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഒരു ക്ഷണിതാവ് അനായാസമായി അനർഗളം പ്രസംഗിക്കുന്നത് അപൂർവ സംഭവമായിരുന്നു.
യോഗക്ഷേമസഭയുടെ അദ്ധ്യക്ഷതിരുത്തുക
യാഥാസ്ഥിതികത്വത്തിന്റെ ആവരണത്തിൽ കഴിയുന്ന നമ്പൂതിരിമാർ ഏതെങ്കിലും അന്തർജനത്തെ ബഹുമാന്യതയോടെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് പാർവതി നെന്മേനിമംഗലത്തെ മാത്രമായിരിക്കും. യോഗക്ഷേമസഭയുടെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യക്ഷയായി തിരഞ്ഞെടുത്തിട്ടുള്ളത് പാർവതിയെയാണ്.
യോഗക്ഷേമസഭയുടെ ഭാഗമായ യുവജനസംഘം ദുർബലമാവുകയും ഉണ്ണിനമ്പൂതിരി പത്രം നിന്നു പോവുകയും ചെയ്തപ്പോൾ യോഗക്ഷേമസഭ യുടെ നേതൃത്വം യാഥാസ്ഥിതികരുടെ കൈകളിലമർന്നു. വി ടി ഭട്ടതിരിപ്പാടും ഇ എം എസും സഭാപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുപോവുകയും ചെയ്തപ്പോൾ പുരോഗമന ചിന്താഗതികൾക്ക് സഭയിൽ പ്രാമുഖ്യം കിട്ടാതിരുന്ന അവസ്ഥയായി. സാമൂഹ്യ പ്രക്ഷോഭണത്തിന്റെ ഭാഗമായി ഭ്രഷ്ട് കൽപ്പിച്ചവർക്ക് അംഗത്വം നൽകണമെന്ന ഉൽപതിഷ്ണുക്കളുടെ ആവശ്യം സഭാനേതൃത്വം നിരാകരിച്ചതോടെ സഭാ പ്രവർത്തനം പ്രക്ഷുബ്ധാവസ്ഥയിലായി. ഭ്രഷ്ട് കൽപ്പിച്ചിരുന്ന വി കെ നാരായണ ഭട്ടതിരിക്ക് അംഗത്വം നൽകണമെന്ന പ്രശ്നമാണ് സഭയ്ക്കുള്ളിൽ തർക്കത്തിന് കാരണമാ യത്.
അക്കൊല്ലത്തെ യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത് പാർവതി നെന്മേനിമംഗലത്തെയാണ്. വാർഷികസമ്മേളനം നടന്നത് തൃ ശൂർ രാമവർമ്മ തിയേറ്ററിലായിരുന്നു. ഭ്രഷ്ട് കൽപ്പിച്ചവർക്ക് അംഗത്വം നൽകണമെന്നതിനെ സംബന്ധിച്ച് രൂക്ഷമായ ചർച്ചകൾ നടന്നു. അദ്ധ്യക്ഷയും അനുകൂലമായ നിലപാടെടുത്തതോടെ പ്രമേയം വലിയ ഭൂരിപക്ഷത്തോടെ പാസായി. രോഷാകുലരായ യാഥാസ്ഥിതികർ കൂക്കി വിളിച്ച് ബഹളം കൂട്ടി, ഒരു വിഭാഗം ഇറങ്ങിപ്പോക്കും നടത്തി. സമ്മേളനത്തിൽ ഈ ബഹളമെല്ലാം നടക്കുമ്പോഴും അക്ഷോഭ്യയായി തികഞ്ഞ ക്ഷമയോടും സംയമനത്തോടും സദസിനെ നിയന്ത്രിച്ച് സമ്മേളനം ഭംഗിയായി നടത്തിക്കൊണ്ടുപോകാൻ പാർവതിക്കു കഴിഞ്ഞു. അസാമാന്യമായ നേതൃ ഗുണവും അപാരമായ കഴിവും പാർവതിയെ വ്യത്യസ്തവ്യക്തിത്വമാക്കി തീർത്തു. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റാൻ പാർവതിക്ക് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു.
അനപത്യദുഃഖത്തിന്റെ ക്ളേശം വ്യക്തിജീവിതത്തിലുണ്ടായിരുന്നെങ്കിലും യുവാക്കൾ അവരെ അമ്മയെ പോലെ സ്നേഹിച്ചാദരിച്ചു. അവസാനകാലത്ത് അസുഖം മൂലം അവർക്ക് പൊതുജീവിതത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടിവന്നു. അന്തർജനങ്ങൾക്കു വേണ്ടിയും നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെയും പോരാടിയ വിശിഷ്ടവ്യക്തിത്വമായിരുന്നു അവർ. സാമുദായികരംഗത്തും രാഷ്ട്രീയരംഗത്തുമുണ്ടായിട്ടുള്ള കേരളത്തിലെ വനിതാ നേതാക്കളിൽ പാർവതി നെന്മേനിമംഗലത്തെപോലെ അസാമാന്യ വ്യക്തിത്വങ്ങൾ അപൂർവമായിരിക്കും.