ആദ്യമായി 'മെട്രോ' എന്ന പേര് ഉപയോഗിച്ച അതിവേഗ ഗതാഗത സ്ഥാപനമാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ പ്രവർത്തിക്കുന്ന പാരീസ് മെട്രോ. La Compagnie du chemin de fer métropolitain de Paris ("പാരീസ് നഗര തീവണ്ടി കമ്പനി") എന്ന പേരിന്റെ ചുരുക്കരൂപമായിരുന്നു ആദ്യകാലത്ത് 'മെട്രോ'.

പാരീസ് മെട്രോ
മെട്രോ നിലയത്തിന്റെ കവാടം
പശ്ചാത്തലം
ഉടമRégie Autonome des Transports Parisiens (RATP) (നിലയങ്ങൾ) & Syndicat des transports d'Île-de-France (തീവണ്ടികൾ)
സ്ഥലംപാരീസ്, ഫ്രാൻസ്
ഗതാഗത വിഭാഗംഅതിവേഗഗതാഗതം
പാതകളുടെ എണ്ണം16
സ്റ്റേഷനുകൾ303
ദിവസത്തെ യാത്രികർ42.1 ലക്ഷം (2012)
വാർഷിക യാത്രികർ152.7 കോടി (2013)[1]
പ്രവർത്തനം
തുടങ്ങിയത്19 ജൂലൈ, 1900
വാഹനങ്ങളുടെ എണ്ണം700
സാങ്കേതികം
Track gauge1435 മില്ലീമീറ്റർ

പാരിസ് മെട്രോ നിലയങ്ങളുടെ ഒരു പ്രത്യേകത അവ വളരെ അടുപ്പിച്ചാണെന്നതാണ്. രണ്ട് അയൽനിലയങ്ങൾ തമ്മിലുള്ള ശരാശരി ദൂരം 548 മീറ്ററാണ്. നഗരത്തിനുള്ളിലെ ഏതു സ്ഥലത്തുനിന്നും ഏറ്റവുമടുത്തുള്ള നിലയത്തിലെത്താൻ എളുപ്പമാണ്. എന്നാൽ അടുത്തടുത്തായുള്ള നിലയങ്ങൾ തീവണ്ടികളുടെ വേഗം കുറയ്ക്കുന്നു. മെട്രോയുടെ സിംഹഭാഗവും മണ്ണിനടിയിലാണ് (214 കിലോമീറ്ററിൽ 197). മണ്ണിനുമുകളിലെ വീഥികളോട് സമാന്തരമായാണ് ഭൂഗർഭ പാതകളൂടെ കിടപ്പ്. ഫ്രാൻസിലെ സാധാരണ തീവണ്ടികൾക്കു വിപരീതമായി മെട്രോ തീവണ്ടികൾ വലത്തേ പാതയിലൂടെയാണ് ഓടുന്നത്. അതുപോലെ സാധാരണ തീവണ്ടികൾക്ക് 2.9 മീറ്റർ വീതിയുള്ളപ്പോൾ 2.4 മീറ്റർ വീതിയുള്ള മെട്രോ തീവണ്ടികൾക്ക് മാത്രം കടക്കാവുന്ന രീതിയിലാണ് തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു പാതകളിലെ (1, 4, 6, 11, 14) തീവണ്ടികൾക്ക് റബ്ബർ ടയറുകളാണുള്ളത്.

ചരിത്രം

തിരുത്തുക

1845-ഇൽത്തന്നെ പാരീസ് നഗരവും തീവണ്ടിക്കമ്പനികളും ഒരു നഗരഗതാഗതമാർഗ്ഗത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. എന്നാൽ നിലവിലുള്ള ദേശീയ റെയിൽശൃംഖലയെ മണ്ണിനടിയിലൂടെ നഗരം മുറിച്ചുകടത്താനാണ് ഫ്രഞ്ച് സർക്കാർ ഇഷ്ടപ്പെട്ടത്.[2] ഈ തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു. ഒടുവിൽ 1895-ൽ ഫ്രഞ്ച് സർക്കാർ നഗരാധികാരികളുടെ ആവശ്യങ്ങൾക്കു വഴങ്ങി. എന്നാലും ദേശീയ സർക്കാർ തങ്ങളുടെ തീവണ്ടികളെ ഈ പാതകളിലൂടെ ഓടിക്കുമെന്ന് പാരീസ് നിവാസികൾ ഭയന്നു. അങ്ങനെ സംഭവിക്കാതിരിക്കാനായി മെട്രോയുടെ തുരങ്കങ്ങൾ സാധാരണ തീവണ്ടികൾക്ക് കടക്കാവുന്നതിലും ഇടുങ്ങിയ രീതിയിലാണ് നിർമ്മിക്കപ്പെട്ടത്.[3]

1896 ഏപ്രിൽ 20-ആം തിയതി പാരീസ് മെട്രോയുടെ രൂപരേഘ അംഗീകരിക്കപ്പെട്ടു. ഒൻപത് പാതകളാണ് ഈ രൂപരേഘയിൽ ഉണ്ടായിരുന്നത്. ആദ്യം തന്നെ പദ്ധതി മുഴുവനും തീരുമാനിച്ചതിനാൽ ഉയർന്ന കാര്യക്ഷമത നേടാനും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും കഴിഞ്ഞു. എന്നാൽ ഇത്ര വലിയ ഒരു പദ്ധതിയുടെ ചെലവു വഹിക്കാൻ നഗരഭരണകൂടത്തിന് ആവുമായിരുന്നില്ല. അതിനാൽ പാളങ്ങളും തുരങ്കങ്ങളും നഗരം നിർമ്മിച്ചപ്പോൾ തീവണ്ടികൾ നിർമ്മിച്ചത് സ്വകാര്യ കമ്പനികളായിരുന്നു.

1898 നവംബറിൽ നിർമ്മാണം ആരംഭിച്ചു.[4] ആദ്യ പാത 1900 ജൂലൈ 19-ആം തിയതി തുറന്നു. തീവണ്ടിനിലയങ്ങളുടെ കവാടങ്ങൾ രൂപകൽപ്പന ചെയ്തത് ഹെക്റ്റർ Guimard ആയിരുന്നു. അദ്ദേഹം നിർമ്മിച്ച വിഖ്യാതമായ കവാടങ്ങളിൽ എൺപത്തിയാറെണ്ണം ഇന്നും നിലനിൽക്കുന്നു.

1920-ഓടെ ഏതാണ്ടെല്ലാ പാതകളുടേയും നിർമ്മാണം പൂർത്തിയായിരുന്നു. ഒന്ന്, മൂന്ന് പാതകൾ കിഴക്കുപടിഞ്ഞാറും നാല്, അഞ്ച് പാതകൾ തെക്കുവടജക്കും ആയിരുന്നു നിർമ്മിക്കപ്പെട്ടത്.

  1. STIF Annual report
  2. Bobrick, Benson. Labyrinths of Iron: A History of the World's Subways. New York: Newsweek Books, 1981. p135
  3. Bobrick, Benson. Labyrinths of Iron: A History of the World's Subways. New York: Newsweek Books, 1981. p148-9
  4. Bobrick, Benson. Labyrinths of Iron: A History of the World's Subways. New York: Newsweek Books, 1981. p149.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാരീസ്_മെട്രോ&oldid=3089381" എന്ന താളിൽനിന്ന് ശേഖരിച്ചത്