പാമിർ നദി അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യ, താജിക്കിസ്ഥാനിലെ ഗോർണോ-ബദക്ഷാൻ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ്. പഞ്ച് നദിയുടെ കൈവഴിയായ ഇത് അഫ്ഗാനിസ്ഥാനിലെ വഖാൻ ജില്ലയുടെ വടക്കൻ അതിർത്തിയായി നിലകൊള്ളുന്നു. താജിക്കിസ്ഥാനിലെ ഗോർണോ-ബദക്ഷാൻ്റെ കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന പാമിർ പർവതനിരകളാണ് ഈ നദിയുടെ ഉറവിടം. വടക്ക് അലിച്ചൂർ മലനിരകൾക്കും തെക്ക് വഖാൻ ജില്ലയ്ക്കും ഇടയിലുള്ള പ്രദേശത്തുകൂടിയാണ് ഇത് ഒഴുകുന്നു. ഏകദേശം 4,130 മീറ്റർ ഉയരത്തിലുള്ള സോർകുൽ തടാകത്തിൽ നിന്ന് ആരംഭിക്കുന്ന ഇത് ആദ്യം പടിഞ്ഞാറോട്ടും പിന്നീട് തെക്ക് പടിഞ്ഞാറൻ ദിശയിലേയ്ക്കും ഒഴുകുന്നു. 2,799 മീറ്റർ ഉയരത്തിൽ ലംഗാർ പട്ടണത്തിന് സമീപത്തുവച്ച് ഇത് വഖാൻ നദിയുമായി ലയിച്ച് പഞ്ച് നദിയായി മാറുന്നു. പാമിർ നദി അതിൻ്റെ മുഴുവൻ നീളത്തിലും അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനും ഇടയിലുള്ള അതിർത്തിയെ രൂപപ്പെടുന്നു. ലംഗാർ പട്ടണത്തിന് വടക്കുപടിഞ്ഞാറ് 6,726 മീറ്റർ (22,067 അടി) ഉയരമുള്ള കാൾ മാർക്‌സ് കൊടുമുടിയും 6,507 മീറ്റർ (21,348 അടി) ഉയരമുള്ള ഫ്രെഡറിക് ഏംഗൽസ് കൊടുമുടിയും സ്ഥിതിചെയ്യുന്നു. താജിക്ക് വശത്തായി നദിയോരത്തുകൂടി ഖാർഗുഷിലേക്ക് കടന്നുപോകുന്ന ഒരു പാത വടക്കോട്ട് തിരിഞ്ഞ് പാമിർ ഹൈവേയിലേയ്ക്ക് ചേരുന്നു. ഗുണനിലവാരം കുറഞ്ഞ ഒരു റോഡ് കിഴക്കോട്ട് സോർകുളിനെ കടന്ന് ഏതാണ്ട് ചൈനീസ് അതിർത്തി വരെ പോകുന്നു. സ്കോട്ടിഷ് പര്യവേക്ഷകനായ ജോൺ വുഡാണ് ഓക്സസ് അഥവാ പാമിർ നദിയുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച ആദ്യത്തെ അറിയപ്പെടുന്ന യൂറോപ്യൻ. 1839-ൽ അദ്ദേഹം നടത്തിയ ആദ്യത്തേതായ യാത്ര സോർകുൾ തടാകത്തിന് സമീപത്തെത്തി.[1]

പാമിർ ഉൾപ്പെടെയുള്ള വഖാൻ ഇടനാഴിയുടെ ഭൂപടം
  1. Keay, J. (1983) When Men and Mountains Meet ISBN 0-7126-0196-1 Chapter 9
"https://ml.wikipedia.org/w/index.php?title=പാമിർ_നദി&oldid=4119029" എന്ന താളിൽനിന്ന് ശേഖരിച്ചത്