മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ മുട്ടത്തു വർക്കി എഴുതിയ നോവലാണു് പാടാത്ത പൈങ്കിളി. [1] ഒരു പ്രണയകഥയാണിതു്. ഈ നോവൽ ശീർഷകത്തെ പിന്തുടർന്നാണു് പ്രണയപ്രതിപാദകമായ നോവലുകൾക്കു് പൈങ്കിളി നോവലുകൾ എന്ന പേരു് വന്നതു്[2].1955 ൽ കോട്ടയത്തെ ഡി.സി. ബുക്സ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും നോവൽ വൻ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയകാലത്ത് ഒരാഴ്ചക്കുള്ളിൽ വിറ്റുതീർന്ന് റിക്കാർഡ് സൃഷ്ടിച്ചിരുന്നു.വളരെ ലളിതമായ ആഖ്യാന ശൈലിയാണ് ഈ നോവലിൽ മുട്ടത്തുവർക്കി സ്വീകരിച്ചിരുന്നത്.

പാടാത്ത പൈങ്കിളി
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംനോവൽ

ഈ നോവലിനെ അധികരിച്ച് 1957ൽ പുറത്തിറങ്ങിയ പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രം അക്കൊല്ലത്തെ മികച്ച മലയാള ഭാഷാ ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. ഈ ചിത്രത്തിലൂടെ മുട്ടത്തുവർക്കി കഥാകൃത്തും സംഭാഷണരചയിതാവുമെന്ന നിലയിൽ മലയാളസിനിമാരംഗത്തും പ്രവേശിച്ചിരുന്നു.

കഥാസന്ദർഭം

തിരുത്തുക

ഗ്രാമത്തിലെ അഭിമാനിയായ ലൂക്കാ സാറിന്റെ ഏകമകളാണ് ചിന്നമ്മ. ദാരിദ്ര്യത്തിലകപ്പെട്ട കുടുംബത്തിന് താങ്ങു നൽകുന്നതിന് ചിന്നമ്മ ജോലിയ്ക്കു പോകുവാൻ തുടങ്ങി. മകളെ കൂലിവേലയ്ക്കു വിടാൻ സന്നദ്ധനല്ലാതിരുന്ന ലൂക്കാ സാർ ദാരിദ്ര്യത്തിന്റെ പാരമ്യതയിൽ മകളെ ജോലിയ്ക്കു വിടാൻ സമ്മതം മൂളുകയായിരുന്നു. കപ്പ അരിയുന്ന ജോലിയ്ക്കു നിയുക്തയായ അവളുടെ വിരൽ അബദ്ധത്തിൽ മുറിയുകയും മരുന്നിനായി സമീപത്തെ വീട്ടിൽചെന്ന അവൾ പണക്കാരനായ തങ്കച്ചൻ എന്ന ചെറുപ്പക്കാരനുമായി പരിചയത്തിലാകുകയും ചെയ്തു. കൂടുതൽ പരിചയപ്പെടവേ അവളെ തങ്കച്ചൻ “പൈങ്കിളി” എന്നു സംബോധന ചെയ്തിരുന്നു. തങ്കച്ചന്റെ കളിത്തോഴിയായിരുന്ന ചിടിയയെയാണ് തങ്കച്ചന് ചിന്നമ്മയെ കാണുമ്പോൾ ഓർമ്മ വന്നിരുന്നത്. താമസിയാതെ തങ്കച്ചന്റെ വിവാഹം ഒരു പണക്കാരന്റെ മകളുമായി ഉറപ്പിച്ചു. ഇതിനിടെ ചിന്നമ്മയ്ക്ക് ഒരു പാവപ്പെട്ട വീട്ടിൽനിന്നുള്ള ആലോചനയും ഏതാണ്ട് ഉറപ്പിച്ചു. പരസ്പരം പ്രണയത്തിലായ തങ്കച്ചനും ചിന്നമ്മയും പ്രതിസന്ധിയിലായി. ലൂക്കാ സാർ ചിന്നമ്മയുടെ വിവാഹത്തിനു പണം സ്വരൂപിക്കുന്നതിന് വളരെ കഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ സ്നേഹിതനായ ഈച്ചരൻപിള്ള ധൈര്യമായിരിക്കുവാൻ അയാളോടു പറയുകയും മിന്നുകെട്ടിനു പള്ളിയിലേയ്ക്കു പോകുവാനും പിന്നാലെ ആവശ്യമായ 200 രൂപയുമായി എത്തുന്നതാണെന്നും ലൂക്കാസാറിനോടു പറയുകയും അതനുസരിച്ച് അദ്ദേഹം പള്ളിയിലേയ്ക്കു പുറപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈച്ചരൻപിള്ളയ്ക്ക് പണവുമായി എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുകയും കല്ല്യാണം മുടങ്ങുകയും ചെയ്യുന്നു. എന്നാൽ ഈ സന്ദർഭത്തിൽ തങ്കച്ചൻ ചിന്നമ്മയെ വിവാഹം കഴക്കാൻ സന്നദ്ധനാകുകയും അതനുസരിച്ച് പള്ളിയിൽവച്ച് വിവാഹം നടക്കുകയും ചെയ്യുന്നു. പ്രതിസന്ധിയിൽനിന്നു തങ്കച്ചൻ അവരെ രക്ഷിക്കുന്നതോടെ നോവൽ ശുഭപര്യവസായിയാകുന്നു. കൂലിവേലക്കാരും അധഃസ്ഥിതരുമായ ഗ്രാമീണജനങ്ങളുടെ ജീവിതം ഈ നോവലിലൂടെ മുട്ടത്തുവർക്കി വരച്ചുകാട്ടുന്നു.

നിരൂപകപക്ഷം

തിരുത്തുക

രാമായണകഥയിലെ രാമൻ-സീത-ലക്ഷ്മണൻ സംഘത്തിന്റെ വനവാസയാത്രയ്ക്കിടയിൽ ലക്ഷ്മണനെ നേരിട്ടു കാണാൻ തൊട്ടു പിന്നിൽ നടക്കുന്ന സീതയെ പിടിച്ചു മാറ്റിയ രാമനെപ്പോലെ, ജനങ്ങളോട് സംവദിക്കാൻ നിരൂപകൻ എന്ന ഇടനിലക്കാരനെ മാറ്റിയ മൂന്നംഗ ഘോഷയാത്രയിലെ ഒറ്റയാനായിരുന്നു മുട്ടത്തു വർക്കിയെന്ന് പ്രമുഖ നിരൂപകൻ സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടിട്ടുണ്ട്. സാഹിത്യരംഗത്തു് ഒരു മിഡിൽമാനായി ജോലിനോക്കുന്ന തനിക്ക്, പറയുമ്പോൾ ചാഞ്ചല്യമുണ്ടെങ്കിലും വസ്തുനിഷ്ഠമായി പറഞ്ഞാൽ വർക്കിയുടെ കൃതികൾ തനിക്ക് ആനന്ദവും സന്തോഷവും നല്കിയവയായിരുന്നു എന്നും അദ്ദേഹം ഏറ്റുപറഞ്ഞു.[3]

  1. http://malayalam.webdunia.com/miscellaneous/literature/remembrance/0805/28/1080528029_2.htm
  2. "ദി ടെലിഗ്രാഫ് 2008 ഫെബ്രുവരി 19". Archived from the original on 2011-05-26. Retrieved 2009-09-30.
  3. "സുകുമാർ അഴീക്കോട്". Archived from the original on 2008-10-24. Retrieved 2009-01-09.
"https://ml.wikipedia.org/w/index.php?title=പാടാത്ത_പൈങ്കിളി_(നോവൽ)&oldid=3660985" എന്ന താളിൽനിന്ന് ശേഖരിച്ചത്