അവതരണത്തിലും സൃഷ്ടിയിലും ശ്രദ്ധേയരായ മലേഷ്യൻ ആർട്ടിസ്റ്റ് സംഘമാണ് പാംഗ്രോക് സുലാപ്.

ചരിത്രം

തിരുത്തുക

മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 1700 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന റാണവു ജില്ലയിൽ 2010 ലാണ് പാംഗ്രോക്ക് സുലാപ് എന്ന കലാസംഘം പിറവിയെടുത്തത്. പങ്ക്- റോക്ക് സംഗീതവും റാണവുവിലെ സബാഹ് വംശജരുടെ കുടിലായ സുലാപ് എന്ന വാക്കും കൂട്ടിച്ചേർത്താണ് പാംഗ്രോക്ക് സുലാപ് എന്ന സംഘത്തിന് രൂപം നൽകിയത്. പലകയുടെ മുകളിൽ ചിത്രപ്പണികൾ ആലേഖനം ചെയ്ത് അത് തുണിയിലേക്ക് പതിപ്പിക്കുന്നതാണ് ഇവരുടെ സൃഷ്ടി. അതിനായി ആദ്യം പലകയിൽ രൂപങ്ങൾ കൊത്തിയുണ്ടാക്കും. പിന്നീട് അതിനു മുകളിൽ മഷി പുരട്ടി തുണിവിരിക്കും. ഈ തുണിയുടെ മുകളിൽ നൃത്തം ചെയ്യുമ്പോൾ പലകയിൽ നിന്ന് പതിയുന്ന മഷിയിലൂടെ തുണിയിൽ രൂപം ഉരുത്തിരിഞ്ഞു വരികയാണ്. ഏതു സ്ഥലത്താണോ തങ്ങൾ ഈ കലാസൃഷ്ടി നടത്തുന്നത് അവിടുത്തെ ജനങ്ങളെക്കൊണ്ടാണ് ഇതിനു മുകളിൽ നൃത്തം ചെയ്യിക്കുക. സമൂഹത്തിൽ സാധാരണമായതും തുടർന്നു പോരുന്നതുമായ ദൃശ്യങ്ങളാണ് തുണിയിൽ പതിയുന്നത്. സഹവർത്തിത്വമാണ് ഇത്തരം കലാസൃഷ്ടിയ്ക്ക് പിന്നിൽ. കലയിലൂടെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നാണ് സ്ഥാപകാംഗമായ റിസോ ലിയോംഗിന്റെ അഭിപ്രായം. പാങ്ക് റോക്ക് സംഗീതമാണ് നൃത്തം ചെയ്യുന്നതിനു വേണ്ടി കേൾപ്പിക്കുന്നത്. തുടക്കത്തിൽ ജീവകാരുണ്യ പ്രവർത്തികൾക്കായാണ് ഈ കലാസംഘം പ്രവർത്തിച്ചിരുന്നത്. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ തുടങ്ങിയവ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. പിന്നീട് പ്രാദേശിക സമൂഹത്തിന്റെ ശാക്തീകരണത്തിന് കലയിലൂടെയുള്ള പ്രവർത്തനം ഇവർ തുടങ്ങി. ഒരു സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ സംഘത്തിൽ നിന്നുമാണ് തടിയിൽ ചിത്രങ്ങൾ കൊത്തിയുണ്ടാക്കുന്ന വിദ്യ ഇവർ പഠിച്ചത്. പിന്നീട് അത് തുണിയിലേക്ക് പകർത്തുന്ന അവതരണ കലാവിഭാഗമായി അവതരിപ്പിച്ചു. പ്രകൃതിയെ നശിപ്പിക്കുന്നതും സാമൂഹ്യമായ അസമത്വവും ഉയർത്തിക്കാട്ടാനാണ് ഇവർ ശ്രമിക്കുന്നത്. മാരിൻജാൽ കലാകാരന്മാരാണ് പാംഗ്രോക്ക് സുലാപിനെ സംഗീതോപകരണങ്ങൾക്കായുള്ള തടിയിൽ ചിത്രങ്ങൾ കൊത്താൻ പഠിപ്പിച്ചത്. ചെലവുകുറയ്ക്കാനായി കൃത്രിമ തടിയായ എംഡിഎഫ് ഉപയോഗിച്ചു തുടങ്ങി. സമൂഹവുമായി കൂടുതൽ അടുക്കുന്നതിനു വേണ്ടി ടീ ഷർട്ട്, തടിയിൽ തീർത്ത വസ്തുക്കൾ, ബുക്ക് നിർമ്മാണം, സംഗീതം എന്നിവയുടെ നിർമ്മാണ മേഖലകളിലെല്ലാം ഈ കലാസംഘം പ്രവർത്തിക്കുന്നു. സമകാലീന വിഷയങ്ങളിൽ സമൂഹത്തിന് അവഗാഹം നൽകുന്നതിന് പരിശീലന കളരികളും സംഘടിപ്പിക്കാറുണ്ട്.[1]

ഏഷ്യൻ രാജ്യങ്ങളിലെ മുന്നേറ്റങ്ങളുടെ വലിയ ചരിത്രം തടി ഉപയോഗിച്ചുള്ള ഇവരുടെ ചിത്രരചനയ്ക്കുണ്ട്. സ്ഥിരമായ അംഗത്വമ1ന്നുമില്ലാതെയാണ് ഇവരുടെ പ്രവർത്തനം. സന്ദേശങ്ങൾ കൈമാറുന്നതിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയെന്നതാണ് ഇവരുട ലക്ഷ്യം.

നിരോധനം

തിരുത്തുക

ഇവരുടെ സൃഷ്ടികളിലെ തീവ്ര പ്രതികരണത്തെതുടർന്ന് മലേഷ്യയിലെ ഒരു പ്രദർശനത്തിൽ നിന്ന് ഇവരുടെ "സബാ തന്ഹ എയർ-കു" ('Sabah tanah air-ku’) എന്ന ചിത്രത്തെ നിരോധിച്ചിരുന്നു. [2][3]

കൊച്ചി-മുസിരിസ് ബിനാലെ 2018

തിരുത്തുക

മട്ടാഞ്ചേരിയിലെ ആനന്ദ് വെയർ ഹൗസിലെ ബിനാലെ വേദിയിലാണ് പാംഗ്രോക്ക് സുലാപ് അവതരണം നടത്തിയത്. പലകമേൽ തുണിയിട്ട് അതിനു മുകളിൽ ചാടുകയാണ് സംഘത്തിലുള്ളവരും സന്ദർശകരും. ഈ കൗതുകകരമായ അവതരണ പ്രതിഷ്ഠാപനത്തിലൂടെ, സാഹോദര്യവും, സഹവർത്തിത്വവും, പ്രകൃതിപരിപാലനവുമെല്ലാം അടങ്ങിയ തങ്ങളുടെ കലാപ്രമേയം സന്ദർശകരിലേക്കെത്തിക്കുകയാണ് പാംഗ്രോക്ക് സുലാപ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-16.
  2. http://eksentrika.com/pangrok-sulap-banned-sabah-tanahairku/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-25. Retrieved 2018-12-16.
"https://ml.wikipedia.org/w/index.php?title=പാംഗ്രോക്ക്_സുലാപ്&oldid=3787606" എന്ന താളിൽനിന്ന് ശേഖരിച്ചത്