പള്ളിക്കരണൈ നീർത്തടം
ചെന്നൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല നീർത്തടമാണ് പള്ളിക്കരണൈ നീർത്തടം. ബംഗാൾ ഉൾക്കടലിന് സമീപമായി നഗരകേന്ദ്രത്തിനു 20 കിലോമീറ്റർ തെക്കോട്ടുമാറി കാഞ്ചീപുരം ജില്ലയിൽ 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു ചെന്നൈ നഗരത്തിലെ ഈ ഏക നീർത്തട ആവാസവ്യവസ്ഥ. ദക്ഷിണേന്ത്യയിൽത്തന്നെ അവശേഷിക്കുന്ന അപൂർവം ശുദ്ധജല ആവാസവ്യവസ്ഥകളിലൊന്നാണിത്. തമിഴ്നാട് സംസ്ഥാനത്തുനിന്നും ദേശീയ നീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് നീർത്തടങ്ങളിൽ ഒന്നാണിത്. പോയിന്റ് കാലിമേർ, കഴുവേലി എന്നിവയാണ് മറ്റുള്ളവ.
പള്ളിക്കരണൈ നീർത്തടം | |
---|---|
സ്ഥാനം | പള്ളിക്കരണൈ, ചെന്നൈ, ഇന്ത്യ |
നിർദ്ദേശാങ്കങ്ങൾ | 12°56′15.72″N 80°12′55.08″E / 12.9377000°N 80.2153000°E |
പരമാവധി നീളം | 15കി.മീ. |
പരമാവധി വീതി | 3കി.മീ. |
ഉപരിതല വിസ്തീർണ്ണം | 80ച.കി.മീ. |
Water volume | 9ച.കി.മീ. |
ഉപരിതല ഉയരം | 5മീ. |
പള്ളിക്കരണൈ നീർത്തടം
തിരുത്തുകഈ ചതുപ്പു നിലത്തിൻ്റെ ഭൂപ്രകൃതിയനുസരിച്ചു ആണ്ടുവട്ടം മുഴുവനും ജലം നിലനിൽക്കുന്നതിനാൽ ഇവിടെ ഒരു ചതുപ്പുനില ആവാസവ്യവസ്ഥ നിലനിൽക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘ഇന്ത്യയിലെ ഉൾനാടൻ നീർത്തടങ്ങൾ’ എന്ന പ്രോജെക്ടിൽ അതീവപ്രാധാന്യമുള്ള നീർത്തടമായി പള്ളിക്കരണൈ നീർത്തടത്തെ ചേർത്തിരിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം സ്പീഷിസുകൾക്ക് വാസസ്ഥാനമായ ഈ നീർത്തടം ആയിരക്കണക്കിന് ദേശാടനക്കിളികളുടെ പ്രജനന കേന്ദ്രം കൂടിയാണ്. ചെന്നൈക്ക് സമീപം തന്നെയുള്ള വേടന്താങ്കൽ പക്ഷി സങ്കേതത്തിൽ കണ്ടുവരുന്നതിനേക്കാൾ പക്ഷി വര്ഗങ്ങളെക്കാൾ അധികം ഇവിടെ കണ്ടുവരുന്നു.
പാതയോരങ്ങളിലെ അനിയന്ത്രിത ഖരമാലിന്യ നിക്ഷേപണവും അശാസ്ത്രീയമായ ദ്രവമാലിന്യ നിർമ്മാർജ്ജനവും അനധികൃത നിർമ്മാണങ്ങളുമെല്ലാം ഈ നീർത്തടത്തിന്റെ വിസ്തൃതി വല്ലാതെ കുറയാൻ കാരണമായിരിക്കുന്നു. അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി നശിച്ചുപോകാതിരിക്കാനായി 2007ൽ ഈ പ്രദേശത്തെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു.
ഭൂമേഖലയും പരിസ്ഥിതിയും
തിരുത്തുകകോറമാൻഡൽ തീരത്തിന് സമാന്തരമായി അഡയാർ നദീമുഖത്തിനു തെക്കുഭാഗത്തതായി സ്ഥിതി ചെയ്യുന്ന ഈ ചതുപ്പുനിലം ഓൾഡ് മഹാബലിപുരം റോഡ്, ജനവാസമേഖലകളായ പെരുങ്കുടി, സിരുശേരി, പള്ളിക്കരണൈ, തരമണി, വേളച്ചേരി എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും ജലസസ്യങ്ങളും കുറുങ്കാടുകളും നിറഞ്ഞ ഈ താഴ്ന്ന പ്രദേശത്തേക്ക് മുപ്പത്തിയൊന്നു വ്യത്യസ്ത ജലാശയങ്ങളിലെ അധികജലം മഴക്കാലത്ത് ഒഴുകിയെത്തുന്നു.വേളച്ചേരി, നവലൂർ, പള്ളിക്കരണൈ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന വൃഷ്ടിപ്രദേശം 235 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. പൊതുവെ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം സമുദ്രനിരപ്പിൽ നിന്നും ശരാശരി 5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. മുഖ്യമായും സെപ്റ്റംബർ-നവമ്പർ മാസങ്ങളിലെ വടക്കുകിഴക്കൻ മൺസൂണിൽ നിന്നും മഴ ലഭിക്കുന്ന ഈ പ്രദേശത്തു വർഷത്തിൽ ശരാശരി 1300 മില്ലിമീറ്റർ വർഷപാതം ലഭിക്കുന്നു. പ്രദേശത്തെ താപനില വേനൽക്കാലത്ത് 35 ഡിഗ്രി മുതൽ 42 ഡിഗ്രി വരെയും മഞ്ഞുകാലത്ത് 25 ഡിഗ്രി മുതൽ 34 ഡിഗ്രി വരെയും അനുഭവപ്പെടുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ഈ നീർത്തടത്തിനു ചുറ്റും നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെയും ജനവാസമേഖലകളുടെ വികാസത്തിന്റെയും ഫലമായി ഈ മേഖലയുടെ വിസ്തൃതി വല്ലാതെ കുറയുകയുണ്ടായി. അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം ഇവിടം രണ്ടായി മുറിക്കപ്പെടുകയും റോഡിനു ഇരുവശവുമുള്ള മേഖലകൾ തമ്മിലുള്ള നീരൊഴുക്ക് നിലക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടു മുൻപ് വരെ ഏകദേശം നൂറ്റി ഇരുപതിലധികം പക്ഷി വര്ഗങ്ങള് കണ്ടിരുന്ന ചതുപ്പുകളിൽ ഇന്ന് അവയുടെ എണ്ണം പരിസ്ഥിതിയിലുണ്ടായ ബാഹ്യ ഇടപെടലുകൾ മൂലം തുലോം ശോഷിച്ചിരിക്കുന്നു. 1970കളിൽ 5500 ഹെക്ടറോളം വിസ്തൃതിയുണ്ടായിരുന്ന ഈ ജലാശയം ഇന്ന് വെറും 600 ഹെക്ടറിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു.
വർഷകാലത്ത് അധികമായി വന്നുചേരുന്ന ജലം ഒഗ്ഗിയം മടവ് എന്ന നീർച്ചാൽ വഴി ഒഴുകി ബക്കിങ്ഹാം കനാലിൽ എത്തിച്ചേരുകയും തുടർന്ന് കോവളം അഴിമുഖത്തു കടലിൽ ചേരുകയും ചെയ്യുന്നു. ചെന്നൈ നഗരത്തിൽ പള്ളിക്കരണൈ നീർത്തടത്തിന്റെ അനുബന്ധ ഭാഗങ്ങളായിരുന്ന മറ്റു വന പ്രദേശങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. തിയോസഫിക്കൽ സൊസൈറ്റി ക്യാമ്പസ്, ഗിണ്ടി ദേശീയോദ്യാനം, മദ്രാസ് ഐ ഐ ടി, നൻമംഗലം സംരക്ഷിത വനമേഖല തുടങ്ങിയവ ആണവ. ഈ ചതുപ്പുനിലത്തിന്റെ സമ്മിശ്ര ആവാസവ്യവസ്ഥ മുന്നൂറിലധികം സ്പീഷിസുകൾക്കു വാസസ്ഥലമാണ്.
ജൈവവൈവിധ്യം
തിരുത്തുകജീവിവർഗ്ഗം | സ്പീഷിസുകൾ |
---|---|
സസ്യങ്ങൾ | 114 |
സസ്തനികൾ | 10 |
ഉരഗങ്ങൾ | 21 |
മത്സ്യങ്ങൾ | 46 |
ഉഭയജീവികൾ | 10 |
ശലഭങ്ങൾ | 7 |
പക്ഷികൾ | 115 |
കയ്യേറ്റവും മലിനീകരണവും
തിരുത്തുക1806ൽ ബക്കിങ്ഹാം കനാലിന്റെ നിർമ്മാണത്തോടെയാണ് ഈ മേഖലയിൽ മനുഷ്യരുടെ കടന്നുകയറ്റം ആരംഭിക്കുന്നത്. ചെന്നൈ എം ർ ടി എസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫ്ലൈ ഓവറുകൾ, ഐ ടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം ഇവിടുത്തെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചെന്നെ നഗര കോർപ്പറേഷന്റെ കൈവശമുള്ള 200 ഏക്കറോളം ഭൂമിയിൽ, 30 ഏക്കറിലായി ഒരു മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഈ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം തദ്ദേശവാസികൾ കുളിക്കാനും മറ്റുമായി ഉപയോഗിക്കാറുണ്ട്. വളർത്തുമൃഗങ്ങളെ തീറ്റുവാനുള്ള സ്ഥലമായും പലരും നീർത്തടത്തെ ഉപയോഗിക്കുന്നു.
നിലവിൽ ദക്ഷിണ ചെന്നൈയിലെ ദ്രവമാലിന്യം സംസ്കരിക്കുന്നത് ചതുപ്പിനുളിലെ കേന്ദ്രത്തിൽ വച്ചാണ്. ആളന്ദുർ മുനിസിപ്പാലിറ്റിയുടെ ഒരു വൻകിട മാലിന്യ സംസ്കരണ കേന്ദ്രവും ഇതിനു സമീപം സ്ഥിതി ചെയ്യുന്നു. പള്ളിക്കരണൈ നീർത്തടത്തിൻ്റെ 250 ഏക്കറോളം ഭാഗത്ത് നഗരമാലിന്യം നിറഞ്ഞു കിടക്കുകയാണ്. പല ഭാഗങ്ങളിലും മാലിന്യം കത്തിക്കുന്നതും തുടരുന്നു. പ്രതിവർഷം 10 ഏക്കറോളം ചതുപ്പുനിലം ഇങ്ങനെ നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇത് പ്രദേശത്തെ ജന്തുജാലങ്ങളുടെ എന്നതിൽ വൻ കുറവ് രേഖപ്പെടുത്താൻ കാരണമായി.
2011 ലെ അഗ്നിബാധ ഉൾപ്പെടെയുള്ള ദുരന്തങ്ങളുടെയും കോടതിവിധികളുടെയും പ്രകൃതിസംരക്ഷകരുടെ മുറവിളിയുടെയും അനന്തരഫലമായി അധികൃതരും പ്രദേശവാസികളും ഇപ്പോൾ ഈ നീർത്തടത്തിന്റെ സംരക്ഷണത്തിൽ ശ്രദ്ധാലുക്കളാണ്. എങ്കിലും ചെന്നൈ കോർപറേഷന്റെ മാലിന്യനിക്ഷേപം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇന്നും നിർബാധം തുടരുന്നു.
അവലംബം
തിരുത്തുക1. http://nammapallikaranai.org/marsh-not-forest/ Archived 2016-09-25 at the Wayback Machine.
2. The Hindu, on various dates in 2011