ഫിലീപ്പീൻസ് ദ്വീപസമൂഹത്തിലെ ദ്വീപുകളിലൊന്നിന്റെയും അതിനൊപ്പം മറ്റു ദ്വീപുകൾ ചേർന്ന ഒരു ഫിലിപ്പീൻ പ്രവിശ്യയുടേയും പേരാണ് പലാവാൻ. ഫിലിപ്പീൻസിന്റെ പടിഞ്ഞാറേ അതിർത്തിയാണത്. അധികാരസീമ കണക്കിലെടുത്താൽ ഫിലിപ്പീൻസിലെ ഏറ്റവും വലിയ പ്രവിശ്യയാണു പലാവാൻ. തലസ്ഥാനം പോർട്ടോ പ്രിൻസെസാ പട്ടണമാണ്. ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പലാവാൻ വടക്ക് ഫിലിപ്പീൻസിന്റെ ഭാഗമായ മിന്ദോരോ ദ്വീപും, തെക്ക് ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപും പലാവാന്റെ അതിരുകളായിരിക്കുന്നു.[1]

ഫിലിപ്പീൻസിന്റെ ഭൂപടത്തിൽ പലാവാൻ (ചുവപ്പുനിറത്തിൽ)

ഭൂപ്രകൃതി

തിരുത്തുക
 
പലാവാൻ പ്രവിശ്യയിലെ പ്രദേശങ്ങൾ

നീണ്ട് വീതികുറഞ്ഞ പലാവാൻ ദ്വീപും അതിനു ചേർന്നുള്ള ചെറുദ്വീപുകളും ഉൾക്കൊള്ളുന്നതാണ് പലാവാൻ പ്രവിശ്യ. അതിന്റെ ഭാഗമായി വടക്കുകിഴക്കുള്ള കലാമിയൻ ദ്വീപസമൂഹത്തിൽ ബുസുവാംഗാ, കൊറോൺ, കുലിയോൺ ദ്വീപുകൾ അടങ്ങുന്നു. പലാവാൻ ദ്വീപിന്റെ പടിഞ്ഞാറേയറ്റത്തെ തൊട്ടുനിൽക്കുന്ന ഡുറാംഗാൻ ബോർണിയോക്കടുത്തുള്ള ബലാബാക്ക് ദ്വീപ് എന്നിവയും ഈ പ്രവിശ്യയുടെ ഭാഗമാണ്. ഇവയ്ക്കു പുറമേ, കുയോ ദ്വീപുകളും സുലു കടലും ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു. ഇവക്കുപുറമേ, പടിഞ്ഞാറോട്ടുമാറി ചൈനയുമായി തർക്കത്തിലിരിക്കുന്ന സ്പാർട്ട്ലി ദ്വീപികളും ഈ പ്രവിശ്യയുടെ ഭാഗമായി ഫിലിപ്പീൻസ് കണക്കാക്കുന്നു. കലായാൻ എന്നാണു ആ ദ്വീപുകളുടെ പ്രാദേശികനാമം. 2000 കിലോമീറ്ററോളം നീളം വരുന്ന പലാവാന്റെ കടലോരം, സമീപത്തുള്ള 1700-ലധികം ചെറുദ്വീപുകളും, പാറക്കെട്ടുകളും പഞ്ചാരമണൽത്തീരങ്ങളും ചേർന്നതാണ്. പലാവാൻ ദ്വീപിലെ മലഞ്ചെരുവുകളെ വർഷവനങ്ങൾ പൊതിഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടിയോളം ഉയരമുള്ള ഈ മലനിരകളിലെ ഏറ്റവും ഉയർന്ന മണ്ടലിങ്കാൻ കൊടുമുടി 6843 അടി ഉയരമുള്ളതാണ്.

കാലാവസ്ഥ

തിരുത്തുക

പലാവാൻ പ്രവിശ്യയിൽ രണ്ടു കാലാവസ്ഥാമേഖലകളുണ്ട്. വടക്കും തെക്കുമുള്ള അതിരുകളിലും പടിഞ്ഞാറൻ തീരം മുഴുവനുമുള്ള കാലാവസ്ഥ ആറുമാസത്തെ വേനലും ആറുമാസത്തെ മഴയും ചേർന്നതാണ്. കിഴക്കൻ തീരത്തെ കാലാവസ്ഥയിലെ ദൈർഘ്യം കുറഞ്ഞ വേനൽ മൂന്നുമാസം മാത്രം നീളുന്നു. ദ്വീപുകളുടെ തെക്കുഭാഗത്ത് ഭൂമദ്ധ്യമേഖലയിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മിക്കവാറും ഇല്ല. എന്നാൽ വടക്കൻ പലാവാനിൽ ജൂലൈ-ആഗസ്ത് മാസങ്ങളിൽ ധാരാളം മഴ പെയ്യാറുണ്ട്. മാർച്ച് മുതൽ ജൂൺ തുടക്കം വരെ കടൽ ശാന്തമായിരിക്കുമെന്നതിനാൽ കപ്പൽയാത്ര എളുപ്പമാണ്.


  1. "പലാവാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്". Archived from the original on 2015-02-27. Retrieved 2015-03-15.
"https://ml.wikipedia.org/w/index.php?title=പലാവാൻ&oldid=3781250" എന്ന താളിൽനിന്ന് ശേഖരിച്ചത്