പമ്പരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു അക്ഷത്തിൽ അല്ലെങ്കിൽ അച്ചുതണ്ടിൽ കറങ്ങുന്ന ഒരു കളിപ്പാട്ടമാണ് പമ്പരം. ഗുരുത്വകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന അറ്റം കൂർത്ത ഒരു അച്ചുതണ്ടും, തിരിയുമ്പോൾ സമനില കൈവരിക്കാനായി വണ്ണം കൂടിയ ഒരു മുകൾഭാഗവും ചേർന്നതാണ് ഒരു പമ്പരം. കൂർത്ത ഭാഗം നിലത്തൂന്നി നിൽക്കുന്ന രീതിയിൽ പമ്പരത്തെ കറക്കുന്നതാണ് പമ്പരം കളിയുടെ സത്ത.
രൂപം
തിരുത്തുകഅടി ഭാഗം കൂർത്തും മുകളിലേക്കു പോകും തോറും പരന്നുമാണ് പമ്പരത്തിന്റെ അടിസ്ഥാന രൂപം. കൂർത്തിരിക്കുന്ന അഗ്ര ഭാഗം ആണിയും അതിനു മുകളിലുള്ള ഭാഗം പമ്പരത്തിന്റെ ഉടലുമാണ്. ഉടലിന്റെ വലിപ്പവും മറ്റ് ആകൃതികളും അത് നിർമ്മിക്കുന്നവന്റെ ഭാവനയ്ക്കനുസൃതമായിരിക്കും.
നിർമ്മിതി
തിരുത്തുകപമ്പരങ്ങൾ പൊതുവെ മരത്തിലോ പ്ലാസ്റ്റിക്കിലോ നിർമ്മിച്ചവയായിരിക്കും. പ്ലാസ്റ്റിക് പമ്പരങ്ങൾ അച്ചിൽ വാർത്തെടുക്കുന്നവയാണ്. തടി കടഞ്ഞെടുത്തും പമ്പരങ്ങളുണ്ടാകാം. നാടൻ പമ്പരങ്ങൾ മരം കൊണ്ടാണ് നിർമ്മിക്കുന്നത്. കുഴൽ ആകൃതിയിലുള്ള ഒരു തടിക്കഷണത്തിന്റെ ഒരറ്റത്ത് ആണി അടിച്ചുകയറ്റി ആണിയുടെ തല ഭാഗം മുറിച്ചു കളഞ്ഞ് രാകി മിനുക്കുന്നു. തടിയുടെ മറ്റേ അറ്റത്തു നിന്നും വശങ്ങൾ ചെത്തി മാറ്റി ആണിയുള്ള ഭാഗത്തേയ്ക്ക് കൂർപ്പിച്ചു കൊണ്ടു വരുന്നു. ഇങ്ങനെ കൂർപ്പിച്ചു കൊണ്ടു വരുമ്പോൾ എല്ലാ വശങ്ങളിൽ നിന്നും ഒരു പോലെയാവണം ചെത്തി മാറ്റേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കിൽ പമ്പരത്തിന്റെ അക്ഷം ആണിയിൽ കേന്ദ്രീകരിക്കാതെയാകും. ഉറപ്പുള്ള ഏതു തടിയിൽ നിന്നും പമ്പരം നിർമ്മിക്കാവുന്നതാണ്. പുളിമരത്തിന്റെ വേരും പമ്പരം നിർമ്മിക്കുവാനായി ഉപയോഗിക്കുന്നു.
കളിക്കുന്ന വിധം
തിരുത്തുകഅകമേയും പുറമേയും കളിക്കാവുന്ന കളിയാണ് പമ്പരം. അതുപോലെ തന്നെ കൊച്ചു കുട്ടികൾ മുതൽ കൌമാരപ്രായം വരെയുള്ളവരുമ്പമ്പരം കളിക്കുന്നു. കളിക്കുന്ന സ്ഥലവും കളിക്കുന്നയാളിന്റെ പ്രായവും അനുസരിച്ച് കളിക്കുന്ന വിധവും മാറുന്നു. എങ്കിലും പമ്പരം കളി എന്നതു കൊണ്ട് പ്രാഥമികമായി അർത്ഥമാകുന്നത് മുതിർന്ന പ്രായത്തിലുള്ള കുട്ടികൾ പുറമേ കളിക്കുന്ന കളിയാണ്.
അകമേയുള്ള കളി
തിരുത്തുകകൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവർക്ക് സ്വയം കളിക്കാനുമുള്ളതാണ് അകമേ കളിക്കേണ്ടുന്ന പമ്പരങ്ങൾ. പമ്പരത്തെ അതിന്റെ ആണിയിൽ നിത്തി കറക്കുന്നത്താണ് കളി. പൊതുവെ പ്ളാസ്റ്റിക് കൊണ്ടു നിർമ്മിക്കപ്പെടുന്നതാണ് ഇത്തരം പമ്പരങ്ങൾ. ഇവ മൃദുലവും മൂർച്ചയുള്ള ഭാഗങ്ങൾ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ് ഉപയോഗിച്ച് മുറുക്കി വിട്ട് തിരിക്കുകയാണ് ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്. കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി വിവിധ വർണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്. തിരിയുമ്പോൾ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വർണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്.
പുറമേയുള്ള കളി
തിരുത്തുകപമ്പരം കളി അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ പുറമേയുള്ള കളിയാണ്. കളിക്കുവാൻ ഏറ്റവും ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. എത്ര പേർ കളിക്കുന്നുവോ അത്രയും പമ്പരങ്ങളും ഉണ്ടായിരിക്കും. പമ്പരത്തിണ്റ്റെ വലിപ്പത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. പമ്പരം സമയബന്ധിതമായി കറക്കുന്നതാണ് കളി.
കളിക്കുന്ന രീതി
തിരുത്തുകചരട്
തിരുത്തുകപമ്പരം കളിക്ക് പമ്പരത്തോളം തന്നെ അനിവാര്യമാണ് ചരട്. ചരടിൽ ചുറ്റി വിട്ടാണ് പമ്പരം കറക്കുന്നത്. ഉദ്ദേശം രണ്ടു മില്ലി മീറ്റർ കനമുള്ള പെട്ടെന്ന് പൊട്ടിപ്പോകാത്ത ചരടാണ് ഇതിനായി ഉപയോഗിക്കുന്നത്. പമ്പരത്തിണ്റ്റെ ഉടൽ മുഴുവനായി ചുറ്റുവാൻ വേണ്ടതിനേക്കാളും കൂടുതലായി അഞ്ചോ പത്തോ സെണ്റ്റി മീറ്ററാണ് ഇതിനാവശ്യമായ ചരടിണ്റ്റെ പരമാവധി നീളം.
ചുറ്റുന്ന രീതി
തിരുത്തുകവലം കൈയ്യൻമാർ ഇടതുകൈ കൊണ്ട്(ഇടം കൈയ്യൻമാർ തിരിച്ചും) പമ്പരം തിരശ്ചീനമായി അതിണ്റ്റെ ആണി പുറമേയ്ക്കു വരും വിധം പിടിക്കുന്നു. ചരടിണ്റ്റെ ഒരറ്റം പമ്പരത്തിണ്റ്റെ ഉടലിൽ നിന്നും ആണിയിലേക്കു ചേർത്ത് വെച്ച് ആണിയിൽ നിന്നും ക്രമമായി അടുപ്പിച്ചടുപ്പിച്ച് ഉടലിലേയ്ക്ക് മുറുക്കി ചുറ്റുന്നു. ചുറ്റുന്നതിണ്റ്റെ അളവ് കളിക്കാരണ്റ്റെ വൈദഗ്ദ്യമനുസരിച്ചായിക്കും. ഒരു അതി വിദഗ്ദ്ധന് ഉടലിൽ വെറും രണ്ടു പിരി ചരടു ചുറ്റിയാൽ മതിയാകും ! ഒരു നിയമമായിട്ടല്ലെങ്കിലും, ശരാശരി ഉടലിണ്റ്റെ എൺപതു ശതമാനത്തോളം ഭാഗം ചരടു ചുറ്റുന്നു എന്ന് തൽക്കാലം പറയാം.
കറക്കുന്ന രീതി
തിരുത്തുകപമ്പരത്തിൽ ചരട് ചുറ്റിക്കഴിഞ്ഞാൽ രണ്ടു വിധത്തിൽ അതിനെ കറക്കാൻ സാധിക്കും. ചുറ്റിയ പമ്പരത്തിനെ വലം കൈയ്യൻമാർ വലതുകൈയ്യിലേക്കു മാറ്റി (ഇടം കൈയ്യൻമാർ തിരിച്ചും) കമഴ്ത്തി, ആണി മുകളിലേക്കു വരും വിധം പിടിക്കുന്നു.
താഴെ ഇട്ട് വലിക്കുന്ന രീതി
ചുറ്റിയ പമ്പരം പിടിച്ച കൈ താഴേയ്ക്കു തൂക്കിയിടുന്നു. അതിനു ശേഷം പമ്പരത്തെ കമഴ്ത്തിയ രീതിയിൽത്തന്നെ മുന്നോട്ട് ഇട്ട് ഒട്ടും തന്നെ സമയം പാഴാക്കാതെ ചരടു മാത്രം പുറകോട്ടു വലിക്കുന്നു. ഈ രീതി താരതമ്യേന എളുപ്പമുള്ളതായതു കൊണ്ട് തുടക്കക്കാർ ഈ രീതിയാണ് അവലംബിക്കാറുള്ളത്. പക്ഷെ ഇത്തരത്തിൽ കറക്കുമ്പോൾ പമ്പരത്തിനു വേഗം കുറവായിരിക്കും.
എറിഞ്ഞു തിരിക്കുന്ന രീതി
കളിയുടെ മുഴുവൻ ആവേശവും ഈ രീതിയിലാണ് ഉള്ളത്. ചുറ്റിയ പമ്പരത്തെ കൈ മുകളിലൂടെ വീശി ഏറിഞ്ഞാണ് തിരിക്കുന്നത്. കമഴ്ത്തിപ്പിടിച്ച പമ്പരം കൈമുട്ടു മടങ്ങാതെ വീശി, നിൽക്കുന്ന സ്ഥലത്തു നിന്നും ഏതാണ്ട് ചുറ്റിയ ചരടിനോളം തന്നെ ദൂരെ നിലത്തേയ്ക്ക്, ആയത്തോടെ എറിയുമ്പോൾ പമ്പരം ഒരു മൂളക്കത്തോടെ തിരിയുന്നു.
മട്ട
ചരടിലൂടെ പമ്പരം തിരിപ്പിക്കുന്നതിന് കുറച്ചൊരു പരിശീലനം ആവശ്യമാണ്. പമ്പരം തിരിച്ച രീതി ശരിയായില്ലെങ്കിൽ പമ്പരം കറങ്ങുകയില്ല. ഇത് മട്ട എന്നാണ് പറയപ്പെടുന്നത്.
കളി
നിലത്ത് ഒരു വൃത്താകാരത്തിൽ ഒരു കളം വരച്ചാണ് കളി തുടങ്ങുന്നത്. വൃത്തത്തിണ്റ്റെ വലിപ്പത്തിന് പ്രത്യേക നിബന്ധനകളൊന്നുമില്ല. കളത്തിനുള്ളിൽ ആദ്യം എന്തെങ്കിലും ഒരു അടയാളം വെയ്ക്കുന്നു. കൊച്ചു കമ്പുകളോ ഇലകളോ തുടങ്ങി എന്തും ഇതിനായി വെയ്ക്കാം. കളിക്കാർ ഈ കളത്തിനു ചുറ്റും നിന്ന് കളത്തിലെ അടയാളം ലക്ഷ്യമാക്കി പമ്പരം എറിഞ്ഞു തിരിച്ചു തുടങ്ങുന്നു. പമ്പരത്തിണ്റ്റെ ഏറിലും കറക്കത്തിലും പെട്ട് അടയാളം കളത്തിനു പുറത്ത് വരുന്നതു വരെ ഇതു തുടരുന്നു.
അടയാളം കളത്തിനു പുറത്തായിക്കഴിഞ്ഞാൽ കളിക്കാർ പമ്പരം കളത്തിനു പുറത്ത് എവിടെയെങ്കിലും കറക്കി, കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരത്തെ ചരടുപയോഗിച്ച് മുകളിലേക്കുയർത്തി കൈ കൊണ്ടു പിടിക്കുന്നു. ഇതു ചെയ്യുവാൻ അവസാനം ബാക്കിയാകുന്നയാൾ മത്സരത്തിൽ തോറ്റതായി കണക്കാക്കുന്നു. അയാളുടെ പമ്പരം കളത്തിനുള്ളിൽ വെച്ച് അയാൾക്ക് മാറി നിൽക്കേണ്ടതായി വരും. ബാക്കിയുള്ള കളിക്കാർ പമ്പരം ചുറ്റി പിന്നീട് ഈ പമ്പരത്തിലേക്കയിരിക്കും എറിയുക. പമ്പരം കളത്തിനു പുറത്ത് വരും വരെ ഇത് തുടരും. ഇതിനിടയ്ക്ക് ആർക്കെങ്കിലും മട്ട വീഴുകയാണെങ്കിൽ അയാളുടെ പമ്പരവും കളത്തിനുള്ളിൽ സ്ഥാനം പിടിക്കും.
പമ്പരം കൊണ്ടുള്ള ഏറിൽ കളത്തിനുള്ളിലെ പമ്പരത്തിനു കൊച്ചു കൊച്ചു 'പരിക്കുകളും', ചിലപ്പോൾ പൊട്ടിപ്പോകുകയും ചെയ്യാറുണ്ട്. പമ്പരം ഇട്ടു വലിച്ചു തിരിപ്പിക്കുന്നവർക്ക് കളിയിൽ പങ്കു ചേരുവാൻ സാധിക്കുമെങ്കിലും, കളത്തിലെ പമ്പരത്തെ ദ്രോഹിക്കുവാനുള്ള അവസരം ലഭിക്കുന്നില്ല. പ്രായോഗികമായി, ഒരിക്കൽ ഒരു പമ്പരം കളത്തിനുള്ളിൽ കയറിയാൽ, പിന്നീട് പുറത്തേയ്ക്കിറക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഒന്നാമതായി കളത്തിനുള്ളിലെ പമ്പരം ഏറു കൊണ്ട് പുറത്തു വരുന്നതു വരെ കളിക്കാരന് അതിൽ തൊടാൻ അനുവാദമില്ല. പമ്പരം പുറത്തു വരുന്ന സമയത്ത് തിരിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ പമ്പരങ്ങളേയും ഉടനടിതന്നെ ചരടിൽ കൊർത്തെടുത്ത് കളി അവസാനിപ്പിക്കുവാൻ സാധിക്കും. മിക്കവാറും പുറത്തേയ്ക്ക് തെറിച്ചു പോകുന്ന പമ്പരം ഓടിച്ചെന്നെടുത്ത് ചരട് ചുറ്റുമ്പോഴേയ്ക്കും ബാക്കി കളിക്കാർ കളി അവസാനിപ്പിച്ചിരിക്കും എന്നർത്ഥം. ഇതിനാലാണ് കളത്തിനുള്ളിലെ പമ്പരത്തോട് ഒരു ദ്രോഹബുദ്ധി മറ്റുള്ളവർ വെയ്ക്കുന്നത്. അതുകൊണ്ടു തന്നെയാണ് പമ്പരം തിരിക്കുന്നുവെങ്കിൽ എറിഞ്ഞു തന്നെ തിരിക്കാൻ കളിക്കാർ ശ്രമിക്കുന്നത്.
പമ്പരത്തിന്റെ ഗുരുത്വകേന്ദ്രം
ഒരു പമ്പരത്തിന്റെ ഗുരുത്വ കേന്ദ്രം കൃത്യമായി അതിന്റെ ആണിയിൽ വരികയാണെങ്കിൽ മിനുസമുള്ള തറയിൽ പമ്പരം നിന്നു തിരിയും. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ പമ്പരം തിരിയുമ്പോൾ ചാടിക്കൊണ്ടിരിക്കും. നിന്നു തിരിയുന്ന പമ്പരത്തിന് ശബ്ദവും കുറവായിരിക്കും. ഇത്തരം പമ്പരങ്ങൾ ഉറങ്ങിത്തിരിയുന്നു എന്നാണ് പറയുന്നത്.
ഇതര വിനോദം
തിരുത്തുകഇട്ടു തിരിക്കുന്നത് പൊതുവേ ഒരു രണ്ടാം കിട ഏർപ്പാടു പോലെ കണക്കാക്കുന്നുവെങ്കിലും, ഈ രീതിയിൽ ചെയ്യുമ്പോൾ കുറച്ചു കൂടെ ശ്രദ്ധിച്ച് ചരട് വലിച്ചെടുത്ത് ഉള്ളം കൈ പരത്തി വെച്ചു കൊടുക്കുകയാണെങ്കിൽ പമ്പരം നിലം തൊടും മുമ്പെ തന്നെ ഉള്ളം കൈയ്യിൽ നിന്നു തിരിയും. സാധാരണ ഗതിയിൽ നിലത്തു കറങ്ങുന്ന പമ്പരത്തെ ചരടിൽ കോർത്തെടുത്ത് ഉള്ളം കൈയ്യിലേക്കു പകർന്നാണ് പമ്പരം കൈയ്യിൽ തിരിപ്പിക്കുന്നത്. ഇതേ സ്ഥാനത്താണ് പമ്പരത്തെ നിലം തൊടും മുമ്പേ നേരിട്ട് ഉള്ളം കൈയ്യിൽ തിരിപ്പിക്കുന്നത്. ഉറങ്ങിത്തിരിയുന്ന പമ്പരങ്ങളെ നിഷ്പ്രയാസം ഇങ്ങനെ ഉള്ളം കൈയ്യിൽ നേരിട്ടെടുത്ത് തിരിക്കുവാൻ സാധിക്കും.
റഫറൻസുകൾ
തിരുത്തുക