കർക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കൂട്ടാനാണ് പത്തിലത്തോരൻ. പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്. പത്തിലത്തോരൻ ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ താഴെ പറയുന്നവയാണ് .

ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില.മുരിങ്ങ ഇല കർക്കിടക മാസം ഉപേക്ഷിക്കുന്നത് ആണ് നല്ലത്

ഉണ്ടാക്കുന്ന വിധം

തിരുത്തുക

ഇവയിൽ നിന്നും ഏതെങ്കിലും പത്തെണ്ണം തിരഞ്ഞെടുക്കുക. ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുത്താൽ മതി . ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക.

വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .

അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം . ശരീരത്തിനും ഗുണം ചെയ്യും . കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയോടൊപ്പം ഈ പത്തിലത്തോരൻ കഴിക്കണം .

"https://ml.wikipedia.org/w/index.php?title=പത്തില_തോരൻ&oldid=3519567" എന്ന താളിൽനിന്ന് ശേഖരിച്ചത്