നൂൺഷ്യോ

വത്തിക്കാന്റെ നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേര്

വത്തിക്കാന്റെ നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ നുൺഷ്യോ. ഇത് "നയതന്ത്രപ്രതിനിധി" എന്നർത്ഥമുള്ള Nuntius എന്ന ലത്തീൻ പദത്തിൽനിന്നാണ്‌ ഉദ്ഭവിച്ച Nuncio എന്ന പദത്തിൽനിന്നാണ്‌ ഉദ്ഭവിച്ചത്.

ബെൽജിയത്തിന്റെയും ലക്സംബർഗിന്റെയും നുൺഷ്യോ ആയ കാൾ-ജോസഫ് റോബർ മെത്രാപ്പോലീത്ത

ഔദ്യോഗികമായി അപ്പസ്തോലിക് നുൺഷ്യോ എന്നറിയപ്പെടുന്ന പേപ്പൽ നുൺഷ്യോ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യത്തേയ്ക്കോ അറബ് ലീഗ് പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്‌. 1961ലെ വിയന്ന കൺ‌വെൻഷൻ തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളിൽനിന്നുള്ള അംബാസഡർ അഥവാ ഹൈക്കമ്മീഷണർ സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂൺഷ്യോ‌. പ്രസ്തുത കൺ‌വെൻഷൻ തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളിൽ ഡിപ്ലോമാറ്റിക് കോർപ്സിന്റെ ഡീൻസ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാൻ സ്ഥാനപതിയ്ക്ക് നൽകാൻ പ്രസ്തുത രാജ്യങ്ങൾക്ക് അവകാശമുണ്ട്.‌[1] അതായത്, ഈ രാജ്യങ്ങളിൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉൾപ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാൻ സ്ഥാനപതിക്കായിരിക്കും. റോമൻ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ, ആർച്ച് ബിഷപ്പിന് തുല്യമായ സ്ഥാനമാണ്‌ നുൺഷ്യോക്കുള്ളത്. നുൺഷ്യോയുടെ നയതന്ത്രകാര്യാലയം അപ്പസ്തോലിക് നുൺഷ്യേച്ചർ അഥവാ നുൺഷ്യേച്ചർ എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഈ അപ്പസ്തോലിക കാര്യാലയം ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌.[2]

  1. United Nations Conference on Diplomatic Intercourse and Immunities (1961-04-18), Vienna Convention on Diplomatic Relations, Article 16, United Nations
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-30. Retrieved 2008-04-23.
"https://ml.wikipedia.org/w/index.php?title=നൂൺഷ്യോ&oldid=3983341" എന്ന താളിൽനിന്ന് ശേഖരിച്ചത്