നിർമലാ പണിക്കർ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കേരളീയ നർത്തകിയും നൃത്തഗവേഷകയും. നടനകൈശികിയെന്ന നടന ഗവേഷണ-പഠനകേന്ദ്രത്തിന്റെ സ്ഥാപകയും മുഖ്യ പ്രവർത്തകയും ആണ് നിർമ്മലാ പണിക്കർ. 1950 മേയ് 19-ന് പിറവത്ത് ജനിച്ചു. പിതാവ് സി.എൻ. രാമപ്പണിക്കർ. മാതാവ് ഭവാനിക്കുട്ടിയമ്മ. പിറവം ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് തൃപ്പൂണിത്തുറ ഫൈൻ ആർട്സ് കോളജിൽ ചേർന്നു. അവിടെനിന്ന് നൃത്തത്തിൽ പോസ്റ് ഡിപ്ളോമയെടുത്തശേഷം പ്രശസ്ത നർത്തകിയായ കല്യാണിക്കുട്ടിയമ്മ, പ്രൊഫ. സത്യഭാമ എന്നിവരുടെ കീഴിൽ കേരള കലാമണ്ഡലശൈലിയിലുള്ള മോഹിനിയാട്ടത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ കീഴിൽ കൂടിയാട്ടത്തിലെ അഭിനയത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തി. മോഹിനിയാട്ടത്തിൽ നടത്തിയ പഠന-ഗവേഷണങ്ങളും നർത്തകിയെന്നനിലയിൽ ആ രംഗത്ത് ചെയ്തിട്ടുള്ള ദേശ-വിദേശങ്ങളിലെ നൃത്താവതരണങ്ങളുമാണ് മുഖ്യ സംഭാവന. മോഹിനിയാട്ടത്തിലെ ചൊൽക്കെട്ട്, രണ്ട് ജതിസ്വരം, അഞ്ച് വർണം, പതങ്ങൾ, തില്ലാന, ശ്ളോകം (സൌന്ദര്യലഹരിയെ അധികരിച്ചുള്ള നവരസശ്ളോകം), കാമദഹനശപഥം (കുമാരസംഭവം), പാർവതിയുടെ ബാലക്രീഡ, പന്താട്ടം തുടങ്ങിയ ഇവരുടെ അവതരണങ്ങൾ മോഹനിയാട്ടരംഗത്ത് വേറിട്ട ലാസ്യാനുഭവങ്ങൾ സമ്മാനിച്ചവയാണ്. പൊലി, ഇശൽ, ചന്ദനം, കുറത്തി തുടങ്ങിയ, വിസ്മൃതിയിലായിത്തുടങ്ങിയ മോഹിനിയാട്ടഘടകങ്ങളെ പരിഷ്കരിച്ച് അവതരിപ്പിക്കുന്നതിൽ ഇവർ നടത്തിയിട്ടുള്ള സേവനങ്ങളും സ്തുത്യർഹമാണ്. മോഹിനിയാട്ടത്തിലെ നേത്രാഭിനയപാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ ഇവർ നടത്തിയിട്ടുള്ള ശ്രമങ്ങളും ശ്രദ്ധേയം. ഇരിങ്ങാലക്കുടയിൽ 1979-ൽ നിർമ്മലാപണിക്കർ സ്ഥാപിച്ച കലാകേന്ദ്രമാണ് നാട്യകൈശികി. ഭർത്താവ്, പ്രശസ്ത നാടക-കൂടിയാട്ട കലാകാരനായ വേണുജിയുടെ 'നടനകൈരളി' എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമാണിത്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് ഇവിടെ നൃത്തപഠനം നടത്തിവരുന്നത്. ലൌ ഡെയ്ൽ വകുപ്പധ്യക്ഷ(1974-2000)യായി കുറച്ചുകാലം പ്രവർത്തിച്ചശേഷം മുഴുവൻസമയ നൃത്തകലാകാരിയായി മാറുകയായിരുന്നു. യു.കെ.യിലടക്കം ഇന്ത്യൻ നൃത്തകലയെക്കുറിച്ച് ശില്പശാലകൾ നടത്തിയിട്ടുണ്ട്. സൂറിച്ചിലെ റിറ്റ്ബർഗ് മ്യൂസിയത്തിലെ കൂടിയാട്ടാവതരണം, ജപ്പാനുമായി സഹകരിച്ചുകൊണ്ടുള്ള കൂടിയാട്ടഗവേഷണങ്ങൾ, സ്വീഡനിലെ വേൾഡ് തിയെറ്റർ റിസോഴ്സ് പേഴ്സൺ എന്ന രീതിയിലുള്ള പ്രവർത്തനം എന്നിവയിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ നൃത്തപ്രതിഭയാണ് ഇവർ. ദ് ലാസ്യ ഡാൻസ് (വേണുജിയോടൊപ്പം രചിച്ചത്), ദ് ക്ളാസ്സിക്കൽ ഡാൻസ് തിയെറ്റർ ഒഫ് നങ്ങ്യാർക്കൂത്ത് എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. 1984-ൽ കേരള സംഗീത നാടകഅക്കാദമിയുടെ ജൂനിയർ ഫെലോഷിപ്പും 1996-ൽ കേന്ദ്ര നാടകഅക്കാദമിയുടെ സീനിയർ ഫെലോഷിപ്പും ലഭിച്ചു. 2003-ൽ കൃഷ്ണൻകുട്ടി നായർ അവാർഡും 2004-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. മകൾ കപില, കൂടിയാട്ടത്തിലും മറ്റും ദേശീയ ശ്രദ്ധ നേടിയ കലാകാരിയാണ്.