സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് 2015 വർഷം മുതൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് "നിർഭയ", വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി. സംസ്ഥാനത്ത് 2016 വർഷത്തിൽ രണ്ടര ലക്ഷം സ്ത്രീകൾ ഈ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളായി. ഈ പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളിലും എത്തിക്കുന്നതിനായി എല്ലാ ജില്ലയിലും അതത് ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ ജില്ലാ സ്വയം പ്രതിരോധ സെൻ്റെറുകൾ പ്രവർത്തിച്ച് വരുന്നു. തന്നെക്കാൾ വളരെ ബലമുള്ള ഒരാളിൽ നിന്നു പോലും വളരെ കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ബലമുപയോഗിച്ച് പ്രതിരോധിച്ച് കൊണ്ട് രക്ഷപെടുന്നതിനുള്ള ചെറുതും ഫലപ്രദമായതുമായ അൻപതോളം ടെക്നിക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധരായ സ്ത്രീകൾക്ക് വരെ ഈ പരിശീലനം നൾകുന്നത്. ഈ പരിശീലനത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അതുവഴി സാമൂഹിക ജീവിത്തിൽ കൂടുതൽ കരുത്തോടെ ഇടപെടുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയാണ് നിർഭയയുടെ ആത്യന്തിക ലക്ഷ്യം.

കേരളത്തിലെ സാഹചര്യത്തിൽ താഴെ പറയുന്ന കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ കൂടുതലായി കണ്ടു വരുന്നത്.

  1. പിൻതുടർന്ന് ശല്യപ്പെടുത്തലും ഉപദ്രവിക്കലും (Stalking)
  2. ബസ്സിലും, ട്രെയിനിലും മറ്റുമുള്ള ശല്യപ്പെടുത്തലുകൾ
  3. ഗാർഹിക പീഡനം
  4. ബാഗ്/ പേഴ്സ് പിടിച്ച് പറിക്കൽ
  5. മാല പൊട്ടിക്കൽ
  6. ലൈംഗിക പീഡനം
  7. കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകൽ
  8. ഭീഷണിപ്പെടുത്തൽ
  9. കൈയ്യേറ്റം
  10. ബലാൽസംഗം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുവേണ്ടി കേരള സർക്കാർ നടപ്പിലാക്കിയ നൂതന പരിപാടി ആണ് നിർഭയ. ലൈംഗികപീഡനം ,ലൈംഗികാതിക്രമം ,ലൈംഗികവൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായ പ്രവർത്തനങ്ങളാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് .ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ലൈംഗികപീഡനങ്ങളിൽ നിന്നുള്ള സംരക്ഷണ കരടു നിയമം 2012 എന്നിവയുടെ പിൻബലത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.പ്രതിരോധം ,സംരക്ഷണം ,നിയമനടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നിങ്ങനെ നാലു മേഖലകളിലെ ഇടപെടലുകലാണ് പദ്ധതി ലക്ഷ്യമിടുന്നത്.2013 മുതൽ എല്ലാ വർഷവും മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നിർഭയ&oldid=3287885" എന്ന താളിൽനിന്ന് ശേഖരിച്ചത്