നിരീക്ഷണ ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രത്തിലെ ഒരു വിഭാഗമാണ് നിരീക്ഷണ ജ്യോതിശാസ്ത്രം. ഭൗതികശാസ്ത്രത്തിലധിഷ്ഠിതമായ വിവരവിശകലനമാണ് നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം. സൈദ്ധാന്തിക ജ്യോതിശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി പ്രധാനമായും ഭൌതിക മാതൃകകളുടെ അളക്കാവുന്ന ബന്ധം കണ്ടുപിടിക്കുന്നതിനാണ് ഈ ശാസ്ത്രശാഖയിൽ ഊന്നൽ. ആകാശ വസ്തുക്കളെ ദൂരദർശിനി പോലുള്ള ജ്യോതിശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കലാണ് ഇതിൽ പ്രധാനം. [1]
വിദൂര പ്രപഞ്ചത്തിലെ വസ്തുക്കളുടെ നേരിട്ടുള്ള നിരീക്ഷണ - പരീക്ഷണങ്ങൾ അസാദ്ധ്യമാണെന്നതാണ് ശാസ്ത്രമെന്ന നിലയിൽ നിരീക്ഷണ ജ്യോതിശാസ്ത്രം നേരിടുന്ന പരിമിതി. എന്നാൽ താരക പ്രഭാവങ്ങളെ സംബന്ധിച്ച് പരീക്ഷണവിധേയമാക്കാവുന്ന നിരവധി ദൃശ്യസാദ്ധ്യതകളുണ്ട് എന്നത് ഈ പരിമിതിയെ ഭാഗികമായി മറികടക്കുവാൻ ഈ ശാസ്ത്ര ശാഖയെ സഹായിക്കുന്നു. ഈ പ്രതിഭാസങ്ങളുടെ പൊതുസ്വഭാവവും നിരീക്ഷണ ദത്തങ്ങളും മറ്റും ഗ്രാഫുകളിലും മറ്റും അടയാളപ്പെടുത്തിയാണ് ഇത് സാദ്ധ്യമാകുന്നത്. സമീപസ്ഥ നക്ഷത്രങ്ങളുടെ ഇത്തരം പ്രത്യേകതകൾ പഠിക്കുകവഴി വിദൂര നക്ഷത്രങ്ങളുടെയും ആകാശഗോളങ്ങളുടെയും സ്വഭാവം സംബന്ധിച്ച അനുമാനങ്ങളിലെത്തുവാനും അതുവഴി ഗ്യാലക്സികളുടെ അകലം പോലുള്ളവയും മറ്റും തിട്ടപ്പെടുത്താനും കഴിയും.
ഗലീലിയോ ഗലീലി തന്റെ ടെലിസ്കോപ്പ് ആകാശത്തേക്ക് തിരിച്ചുവെച്ച് തന്റെ ദൃശ്യങ്ങൾ അടയാളപ്പെടുത്തിയതുമുതൽ നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ വികാസ കാലം ആരംഭിച്ചു. ദൂരദർശിനി സാങ്കേതിക വിദ്യയുടെ വളർച്ചയ്കനുസരിച്ച് അത് കൂടുതൽ കൂടുതൽ വികാസം പ്രാപിക്കുന്നു.
വൈദ്യുത - കാന്തിക തരംഗ രാജികളുടെ വിശകലനത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്ന ഉപാധികളുടെ അടിസ്ഥാനത്തിൽ നിരീക്ഷണ ജ്യോതിശാസ്ത്രത്തെ പലവിഭാഗങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. അവ പ്രധാനമായും ഒപ്ടിക്കൽ ജ്യോതിശാസ്ത്രം, ദൃശ്യ പ്രകാശ ജ്യോതിശാസ്ത്രം, ഇൻഫ്രാറെഡ് ജ്യോതിശാസ്ത്രം മുതലായവയും റേഡിയോ ജ്യോതിശാസ്ത്രം, എസ്ക്റേ ജ്യോതിശാസ്ത്രം ഗാമാ ജ്യോതിശാസ്ത്രം, അൾട്രാവയലറ്റ് ജ്യോതിശാസ്ത്രം തുടങ്ങിയവ ഉൾപ്പെടുന്ന ഉന്നതോർജ്ജ ജ്യോതിശാസ്ത്രവും ആണ്. [2]