നിയോൺ വിളക്ക്
കുറഞ്ഞ മർദ്ദത്തിൽ നിയോൺ വാതകത്തിലൂടെയുള്ള വൈദ്യുതഡിസ്ചാർജിന്റെ ഫലമായി പ്രകാശം പുറപ്പെടുവിക്കുന്ന ചെറിയ ഡിസ്ചാർജ് വിളക്കാണ് നിയോൺ വിളക്ക് (നിയോൺ ഗ്ലോ ലാമ്പ് എന്നും അറിയപ്പെടുന്നു). ഈ വിളക്കുകളിൽ ഏതാനും മില്ലീമീറ്ററുകൾ വ്യാസമുള്ള ചെറിയ സ്ഫടികക്കൂട്ടിൽ നിയോൺ വാതകം നിറച്ച് രണ്ട് ഇലക്ട്രോഡുകൾ ചെറിയ അകലത്തിൽ സജ്ജീകരിക്കുന്നു. ഇലക്ട്രോഡുകൾക്കിടയിലുള്ള വളരെച്ചെറിയ മേഖലയിൽ മാത്രം ഡിസ്ചാർജ് നടക്കുന്നതിനാൽ മങ്ങിയ പ്രകാശമാണ് ഇതിനുണ്ടാകുക. നിയോണിലൂടെ വൈദ്യുതഡിസ്ചാർജ് മൂലം ചുവന്ന നിറത്തിലുള്ള പ്രകാശമാണ് ഉണ്ടാകുക. ഇതേ സങ്കേതം ഉപയോഗിച്ച് മറ്റു വാതകങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാത്തരം വിളക്കുകളേയും പൊതുവേ നിയോൺ വിളക്ക് എന്നുതന്നെ പറയാറുണ്ട്.
വൈദ്യുതോപകരണങ്ങളിൽ സൂചകങ്ങളായി 1970-കൾ മുതൽ നിയോൺ വിളക്കുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇന്നത്തെ പ്ലാസ്മ ഡിസ്പ്ലേകളിൽ നിയോൺ വിളക്കുകളുടെ അടിസ്ഥാനസാങ്കേതികവിദ്യ തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.
നീളമുള്ള കുഴലുകളിൽ നിയോണോ മറ്റു വാതകങ്ങളോ നിറച്ച നിയോൺ കുഴലുകൾ നിയോൺ വിളക്കുകളെ ഒരു വകഭേദമാണ്. പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ്.