റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; /ˈʃɛsk/; 26 January 1918[1][2] – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവനായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഏകാധിപതിയായി റൊമേനിയയിലെ ജനങ്ങളെ അടിച്ചമർത്തി ഭരിച്ചതും ചൗഷസ്ക്യൂവിൻ്റെ പതനത്തിന് വഴിതെളിച്ച ഒരു ഘടകമാണ്.

നിക്കോളെ ചൗഷസ്ക്യു
നിക്കോളെ ചൗഷസ്ക്യു, 1965
റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി
ഓഫീസിൽ
22 മാർച്ച് 1965 – 22 ഡിസംബർ 1989
മുൻഗാമിGheorghe Gheorghiu-Dej
പിൻഗാമിസ്ഥാനം നിർത്തലാക്കി
റൊമാനിയൻ പ്രസിഡന്റ്
ഓഫീസിൽ
28 മാർച്ച് 1974 – 22 ഡിസംബർ 1989
മുൻഗാമി(ആദ്യത്തെ പ്രസിഡന്റ്)
പിൻഗാമിIon Iliescu
റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ്
ഓഫീസിൽ
9 ഡിസംബർ 1967 – 22 ഡിസംബർ 1989
മുൻഗാമിChivu Stoica
പിൻഗാമിസ്ഥാനം നിർത്തലാക്കി
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-01-26)26 ജനുവരി 1918
Scornicești, റൊമാനിയ
മരണം 25 ഡിസംബർ 1989(1989-12-25) (പ്രായം 71)
Târgoviște, റൊമാനിയ
Cause of deathExecution by firing squad
അന്ത്യവിശ്രമംGhencea Cemetery, Bucharest, Romania
ദേശീയതറൊമാനിയൻ
രാഷ്ട്രീയ കക്ഷിറൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളി
എലെന ചൗഷസ്ക്യു
(m. 1947; died 1989)
കുട്ടികൾ
  • വാലെന്റിൻ ചൗഷസ്ക്യു
  • സോയ ചൗഷസ്ക്യു
  • നികു ചൗഷസ്ക്യു
ഒപ്പ്
ചൗഷസ്ക്യുവും ഇ.എം.എസ്സും, 1979

ജീവിതരേഖ

തിരുത്തുക

ഒൻപത് സഹോദരങ്ങൾ അടങ്ങിയ ഒരു കുടുംബത്തിൻ്റെ ദാരിദ്രത്തിൽ നിന്നും തുടങ്ങിയ ഓട്ടം തൻ്റെ രാജ്യത്തിൻ്റെ പരമാധികാരിയായി വളരെ പെട്ടെന്ന് ഓടിക്കയറിയ വ്യക്തിയായിരുന്നു അദ്ദേഹം. മദ്യപാനിയായ അച്ഛൻ്റെ മകനായി ജനിച്ച നിക്കൊളെ കടം വാങ്ങിയ പുസ്തകങ്ങളുമായി പത്താം വയസ് വരെ സ്കൂളിൽ പഠിച്ചു. പതിനൊന്നാം വയസിൽ നാടുവിട്ട് തലസ്ഥാന നഗരമായ ബുക്കാറസ്റ്റിൽ എത്തപ്പെട്ട നിക്കോളെ അവിടെ ഒരു ചെരിപ്പ് നിർമ്മാണ കമ്പനിയിൽ ജോലി നോക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ സ്ഥാപന ഉടമയുടെ സ്വാധീനം അന്ന് റൊമാനിയയിൽ നിരോധനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അദ്ദേഹത്തെ അടുപ്പിച്ചു. പതിനാലാം വയസിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നിക്കോളയെ പല തവണ പോലീസ് പിടിക്കുകയും ശിക്ഷിക്കപ്പെടുകയും ഉണ്ടായി. ജയിലിൽ കിടക്കുമ്പോൾ പിന്നീട് റൊമാനിയയുടെ ആദ്യ പ്രസിഡൻ്റ് ആയിരുന്ന ഗോർജിയോ ഡേജ് അടക്കമുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള പരിചയം രാഷ്ട്രീയത്തിൽ നിക്കോളെക്ക് മുതൽക്കൂട്ടായി മാറി. പാർട്ടിയിൽ നിക്കോളെയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഗോർജിയോ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത നേതൃനിരയിലേക്ക് കൈപിടിച്ചുയർത്തി.

ഇരുപതാമത്തെ വയസിൽ ജയിലിൽ നിന്നിറങ്ങിയതിന് ശേഷം കണ്ടെത്തിയ ജീവിത പങ്കാളി എലേനയോടുള്ള തൻ്റെ അതിയായ സനേഹം ജീവിതത്തിൻ്റെ അവസാന നിമിഷം വരെ പ്രകടമായിരുന്നു. ഭാര്യയോടൊത്തല്ലാതെ ചൗഷസ്ക്യുവിനെ പൊതുപരിപാടികളിൽ കാണാറില്ല എന്ന് പറയാം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം (1939-1945) ലോകമെമ്പാടുമുണ്ടായ കമ്മ്യൂണിസ്റ്റ് അലയടികൾ റൊമാനിയയിലും രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു. 1944-ൽ തൻ്റെ ഇരുപത്തിയാറാമത്തെ വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം സെക്രട്ടറി ആയും 1947-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി റൊമാനിയയിൽ അധികാരത്തിൽ ഇരുന്നപ്പോൾ പ്രധാനപ്പെട്ട വകുപ്പുകളിലെ കാബിനറ്റ് മന്ത്രിയായും നിക്കോളെ പ്രവർത്തിച്ചു.

1965-ൽ റൊമാനിയൻ പ്രസിഡൻ്റ് ഗോർജിയോ അന്തരിച്ചതിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ചൗഷസ്കിയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1967 മുതൽ 1989 വരെ നീണ്ട 22 വർഷം റൊമാനിയയുടെ ഭരണാധികാരിയായിരുന്നു നിക്കോളെ ചൗഷസ്ക്യു. റൊമാനിയ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണെന്നിരിക്കെ പരമ്പരാഗത കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് കുറച്ച് വഴിമാറിയാണ് ചൗഷസ്ക്യു ഭരണം നടത്തിയിരുന്നത് എന്ന് പറയാം. കാരണം സോവിയറ്റ് റഷ്യയുമായുള്ള ബന്ധം അണമുറിയാതെ സൂക്ഷിക്കുമ്പോഴും എന്നാൽ അതോടൊപ്പം തന്നെ എതിർചേരിയിൽ ഉള്ള അമേരിക്കൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക വ്യവസായിക ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ ചെക്കോസ്ലോവാക്യൻ കടന്നു കയറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗം രാജ്യത്തിനകത്തും അമേരിക്കൻ, യൂറോപ്യൻ രാഷ്ട്രങ്ങളുടേയും പ്രശംസ പിടിച്ച് പറ്റി. സാർവദേശീയ സോഷ്യലിസത്തിലല്ലാതെ റൊമാനിയൻ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണമാണ് ചൗഷസ്ക്യു വിഭാവനം ചെയ്തത്. ഇത് അക്ഷരാർത്ഥത്തിൽ നടപ്പിൽ വരുത്തിയ അദ്ദേഹത്തിൻ്റെ രാജ്യസ്നേഹം തുളുമ്പുന്ന പ്രസംഗങ്ങൾ റൊമാനിയയിലെ ജനങ്ങളെ ആവേശഭരിതരാക്കി. ദാരിദ്രത്തിൻ്റെ പിടിയിൽ നിന്ന് റൊമാനിയയെ പടിപടിയായി ഉയർത്തിക്കൊണ്ട് വന്ന ചൗഷസ്ക്യു പ്രഗത്ഭനായ ഭരണാധികാരിയായി മാറി. അങ്ങനെ ചൗഷസ്ക്യുവിൻ്റെ കീഴിൽ റൊമാനിയ സാമ്പത്തികമായി മെച്ചപ്പെട്ടു.

1971-ൽ നടത്തിയ ചൈനീസ്, ഉത്തര കൊറിയൻ സന്ദർശനങ്ങളിലൂടെയാണ് ചൗഷസ്ക്യുവിൻ്റെ തകർച്ച തുടങ്ങുന്നത്. കമ്മ്യൂണിസം പിന്തുടർന്ന് പോന്ന ആ രാജ്യങ്ങളിലുള്ള ഏകാധിപത്യ, ഫാസിസ്റ്റ്-അടിച്ചമർത്തൽ രീതിയിൽ ഉള്ള ഭരണവും ഭരണാധികാരികൾക്കുള്ള വീരപരിവേഷവും ചൗഷസ്ക്യുവിനെ അതിലേക്ക് അടുപ്പിച്ചു. അതിനെ തുടർന്ന് ജൂലൈ തീസിസ് എന്ന പേരിൽ മുന്നോട്ട് വച്ച ആശയങ്ങൾ രാജ്യത്തെ മനുഷ്യവകാശങ്ങളുടെ ഉന്മൂലനത്തിന് തുടക്കം കുറിച്ചു. അയൽ രാജ്യങ്ങളെക്കാൾ തന്നെ തൻ്റെ രാജ്യത്തെ ജനങ്ങളെ ഭയന്നിരുന്ന ചെഷസ്ക്യൂ എതിർ ശബ്ദങ്ങൾ ഉയരുന്നത് കണ്ടെത്താനും തടയാനുമായി സെക്യൂരിറ്റേറ്റ് എന്ന പേരിൽ വിപുലമായ ഒരു ചാരസംഘടനയെ ഉപയോഗിച്ചു. സംശയം തോന്നുന്നവരെ ക്രൂരമായി ചോദ്യം ചെയ്യുകയും ഒരു ദാക്ഷിണ്യവും ഇല്ലാതെ പീഡിപ്പിക്കുകയും ചെയ്തു. രാജ്യ-വ്യാപകമായി ജനങ്ങളെ അടിച്ചമർത്തി അവരുടെ വാ മൂടിക്കെട്ടി കൊണ്ടുള്ള ഒരു ഭരണത്തിനാണ് 1971 മുതൽ 1989 വരെ റൊമാനിയ സാക്ഷ്യം വഹിച്ചത്. 1974-ൽ തൻ്റെ അധികാരങ്ങൾ വിപുലമാക്കി കൊണ്ട് രാജ്യകാര്യങ്ങളിൽ പ്ലീനറി സമ്മേളനങ്ങൾ കൂടാതെ സ്വയം തീരുമാനങ്ങൾ എടുക്കാൻ ഉള്ള അവകാശം ചൗഷസ്ക്യു ഉണ്ടാക്കിയെടുത്തതോടെ തികഞ്ഞ ഏകാധിപതി എന്ന പേര് നേടി. തൻ്റെയും ഭാര്യയുടേയും ജന്മദിനങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളാക്കി മാറ്റി. മാധ്യമ സ്വാതന്ത്ര്യം വെട്ടിക്കുറച്ച് തന്നെക്കുറിച്ചും തൻ്റെ ഭരണത്തെക്കുറിച്ചും വാഴ്ത്തിപ്പാടാൻ ഉള്ള ഉപകരണങ്ങളാക്കി മാധ്യമങ്ങളെ മാറ്റി. വിദ്യാലയങ്ങളിൽ രാഷ്ട്രീയ പഠനം(ചൗഷസ്കിയുടെ കമ്മ്യൂണിസം) നിർബന്ധമാക്കി. തൻ്റെയും ഭാര്യയുടേയും ചിത്രങ്ങൾ നാടുനീളെ വരച്ച് വപ്പിക്കുകയും കലാപരിപാടികൾ തന്നെ സ്തുതിക്കാൻ ഉള്ള മാർഗമായി മാറ്റിയെടുക്കുകയും ചെയ്തു. റൊമാനിയ എന്ന പേരിനെക്കാൾ ചൗഷസ്കി എന്ന പേരാണ് പിന്നീടുള്ള വർഷങ്ങളിൽ ജനങ്ങൾ കേട്ടത്.

അറബ് യുദ്ധത്തെ തുടർന്ന് 1970-കളിൽ ഉണ്ടായ ക്രൂഡ് ഓയിൽ ലഭ്യതക്കുറവും വിലക്കയറ്റവും എണ്ണ ഉത്പാദകർ കൂടെയായ റൊമാനിയയെ റിഫൈനറികളിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. അറേബ്യൻ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി റിഫൈനറികൾ വഴി ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്കയ്ക്കും കയറ്റുമതി ചെയ്യുന്നതിലൂടെ വൻ സാമ്പത്തിക ലാഭം സ്വപ്നം കണ്ട ചൗഷസ്ക്യു മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ കടം വാങ്ങി റിഫൈനറികൾ നിർമ്മിച്ച് തുടങ്ങി. എന്നാൽ പണികൾക്ക് കാലതാമസം നേരിടുകയും എണ്ണവില ഇതിനകം കുറയുകയും ചെയ്തതോടെ 1980-കളുടെ തുടക്കത്തിൽ റൊമാനിയ വൻ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തി. ഈ കട ബാധ്യത തീർക്കാൻ ചൗഷസ്ക്യു കണ്ടെത്തിയ മാർഗം ജനങ്ങളെ പട്ടിണിക്കിട്ട് കാർഷിക ഉത്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുക എന്നതായിരുന്നു. ജനങ്ങളുടെ ഭക്ഷണം, വൈദ്യുതി, വെള്ളം എല്ലാം റേഷൻ വഴി വെട്ടിക്കുറച്ച് വിഭവങ്ങൾ പരിമിതപ്പെടുത്തി. ഭരണത്തിൽ അസംതൃപ്തരാണെങ്കിലും സെക്യുറിറ്റേറ്റിനെ ഭയന്ന് ജനങ്ങൾ പ്രതികരിക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല.

സാമ്പത്തിക അടിത്തറ നഷ്ടപ്പെട്ട ഈ സമയത്തും ചൗഷസ്കിക്കു വേണ്ടി ലോകത്തിൻ്റെ ഏറ്റവും വലിയ കൊട്ടാരത്തിൻ്റെ പണികൾ നടക്കുകയായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ വിരോധാഭാസം. 1989 ആകുമ്പോഴേക്കും രാജ്യത്തിൻ്റെ കടബാധ്യതകൾ ഒരു പരിധി വരെ തീർക്കാൻ കഴിഞ്ഞെങ്കിലും ഭരണം അട്ടിമറിക്കപ്പെടുന്നത് വരെ ജനങ്ങളെ നിരന്തരം ചൂഷണം ചെയ്ത് കൊണ്ടുള്ള അമിതമായ കയറ്റുമതി തുടർന്നു. 1989 നവംബർ മാസം ചൗഷസ്ക്യു വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബർ പതിനേഴിന് ടിമബോറയിലെ വിദ്യാർത്ഥികൾ തുടങ്ങി വച്ച പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പട്ടാള വെടിവപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഡിസംബർ പതിനെട്ടിന് ഭരണം ഭാര്യയെ ഏൽപ്പിച്ച് വിദേശ പര്യടനത്തിന് പോയ ചൗഷസ്ക്യു തിരിച്ചെത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് തുടങ്ങിയിരുന്നു. ഡിസംബർ 21-ആം തീയതി സാധാരണ ജനങ്ങളോട് സംവദിക്കാറുള്ളത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി ഓഫിസിൻ്റെ മട്ടുപ്പാവിൽ നിന്ന് പ്രസംഗിക്കാൻ തുടങ്ങിയ ചൗഷസ്കിയെ ജനങ്ങൾ കൂക്കി വിളിച്ചു മുദ്രാവാക്യങ്ങൾ ആക്രോശിച്ചു. അന്നത്തെ ചൗഷസ്ക്യുവിൻ്റെ മുഖഭാവങ്ങൾ വിദേശ മാധ്യമങ്ങളിൽ ചൂടുള്ള വാർത്തകൾ സമ്മാനിച്ചു കൊണ്ട് പ്രക്ഷേപണം നടത്തി. ഡിസംബർ 22-ആം തീയതി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ച് അവസാന ശ്രമം നടത്തിയ ചൗഷസ്കിയെ സ്വന്തം പാർട്ടി പ്രവർത്തകർ കല്ലെറിയാൻ തുടങ്ങി. ഇതറിഞ്ഞ് ജനങ്ങൾ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങി നഗരം വളഞ്ഞു. ശമ്പളം കൂട്ടിത്തരാം, ഭക്ഷണം കൂട്ടിത്തരാം എന്നൊക്കെ ഉള്ള പ്രലോഭനങ്ങൾ തുടരെ മൈക്കിലൂടെ നടത്തിയെങ്കിലും ജനങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല. സെൻട്രൽ കമ്മിറ്റി ഓഫീസിനകത്തേക്ക് ജനം ഇടിച്ചുകയറാൻ തുടങ്ങിയതോടെ ചെഷസ്ക്യൂവും ഭാര്യയും ഹെലിക്കോപ്റ്ററിൽ കയറി രക്ഷപ്പെട്ടു.

എന്നാൽ ഇതിനകം ജനപക്ഷത്തേക്ക് കൂറുമാറിയ റൊമാനിയൻ പട്ടാളം എയർ ട്രാഫിക്കിന് വിവരം കൈമാറി ഹെലിക്കോപ്റ്റർ നിലത്തിറക്കിച്ചു. ദമ്പതികളെ അറസ്റ്റ് ചെയ്ത് ഗാർഹിക തടങ്കലിൽ വച്ചു. 1989 ഡിസംബർ 25-ലെ ക്രിസ്മസ് ദിനത്തിൽ ചൗഷസ്കിയെയും ഭാര്യയെയും കുറ്റ വിചാരണ ചെയ്ത കോടതി അവരെ വധശിക്ഷക്ക് വിധിച്ച് അന്ന് തന്നെ നടപ്പിൽ വരുത്തി. കൈ കൂട്ടിക്കെട്ടി ചുമരിനോട് ചേർത്ത് നിർത്തി രണ്ട് പേരെയും പട്ടാളത്തിൻ്റെ ഓപ്പൺ ഫയറിംഗിലൂടെ വെടിവച്ച് കൊല്ലുകയായിരുന്നു. പെട്ടെന്നുണ്ടായ ഒരു പ്രക്ഷോഭത്തിന് പരിധി കടന്ന ഭരണകൂട അടിച്ചമർത്തലുകളും ചാര സംഘടനയുടെ പീഡനവും തന്നെയാണ് കാരണം. വെറും 6 ദിവസത്തെ പ്രക്ഷോഭത്തിലൂടെ മാത്രം ഒരു ശക്തനായ ഭരണാധികാരിയുടെ വീഴ്ച അങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.[3][4]

  1. "Ceaușescu". September 2010. Retrieved 28 December 2012.
  2. "Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez". Jurnalul Național.
  3. https://www.cato.org/commentary/rise-fall-nicolae-ceausescu-romanian-fuehrer
  4. https://m.imdb.com/name/nm0147476/bio/
"https://ml.wikipedia.org/w/index.php?title=നിക്കോളെ_ചൗഷസ്ക്യു&oldid=3927360" എന്ന താളിൽനിന്ന് ശേഖരിച്ചത്