നാർമുടിച്ചേരൽ
ചേരലാതനു പുതുമൻ ദേവിയിൽ ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. കിരീടധാരണത്തിന് ഒരുക്കിവച്ചിരുന്ന മാലയും മകുടവും ശത്രുക്കൾ മോഷ്ടിച്ചുകൊണ്ടുപോയി; എങ്കിലും ചടങ്ങു മാറ്റി വച്ചില്ല. രുദ്രാക്ഷവും ചില സുഗന്ധദ്രവ്യങ്ങളുംകൊണ്ട് അതു നിർവഹിച്ചു. പതിറ്റുപത്ത് നാലാംപത്തിൽ കാപ്പിയാറ്റുകാപ്പിയനാർ നാർമുടിച്ചേരലിനെ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. പൽയാനൈയുടെ ഏകപുത്രനായിരുന്ന ആണ്ടുവൻ പിതാവിനു മുൻപുതന്നെ അന്തരിച്ചതിനാൽ സഹോദരനായ കളങ്കായ്കണ്ണി രാജാവായിത്തീരുകയാണുണ്ടായത്. സുഗന്ധവാഹിയായ 'വെട്ടിവേർ' നാരുകൊണ്ട് കിരീടവും കളങ്കായ് കൊണ്ട് മാലയും നിർമിച്ച് ധരിച്ചിരുന്നതിനാലാണ് ഇദ്ദേഹത്തെ കളങ്കായ് കണ്ണിനാർ മുടിച്ചേരൽ എന്നു വിളിക്കുന്നത്. പൂഴിനാട്ടിലെ നന്നൻ കക ആയിരുന്നു നാർമുടിച്ചേരലിന്റെ പ്രധാന വൈരി. ആദ്യത്തെ ഏറ്റുമുട്ടലായ പാഴിയുദ്ധത്തിൽ നാർമുടിച്ചേരൽ തോല്പിക്കപ്പെട്ടുവെങ്കിലും തുടർന്നുള്ള വാകൈനാവിക യുദ്ധത്തിൽ നന്നൻ കക നെ നിശ്ശേഷം തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിച്ച നാർമുടിച്ചേരലിന്, പൂഴിയർകോൻ എന്ന സ്ഥാനപ്പേരും കിട്ടി. ആ വിജയംമൂലം പൂഴിനാടും ചേരസാമ്രാജ്യത്തിൽ ഉൾപ്പെട്ടു. തകടൂരിലെ അതിയമാൻ രാജാവായ നെടുമാൻ അഞ്ചിയെ തോല്പിച്ചു കീഴടക്കിയതും നാർമുടിച്ചേരലിന്റെ നേട്ടമായിരുന്നു. ധർമിഷ്ഠനായിരുന്ന ഈ ചേരരാജാവ് കാപ്പിയാറ്റുകാപ്പിയനാർക്ക് നാലുലക്ഷം സ്വർണനാണയം ദാനം ചെയ്തതായി പറയപ്പെടുന്നു.