കുറ്റാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്നും തെളിവ് ശേഖരിയ്ക്കാനായി സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ മാർഗ്ഗമാണ് നാർകോ അനാലിസിസ്.

'ബോധംകെടുത്തുക' എന്നർഥം വരുന്ന 'നാർക്ക്' (Narkk) എന്ന ഗ്രീക്കുപദത്തിൽനിന്നാണ് 'നാർക്കോ' എന്ന ഇംഗ്ലിഷ് പദത്തിന്റെ ആരംഭം. യുദ്ധത്തടവുകാരെയും കുറ്റവാളികളെയും ചില സന്ദർഭങ്ങളിൽ മനോരോഗികളെയും ബാർബിറ്റ്യുറേറ്റുകൾ (Barbiturates) പോലുള്ള ലഹരിമരുന്നുകൾ കുത്തിവച്ച് ചോദ്യം ചെയ്യുകയോ കൗൺസിലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളിൽ ഈ പദം ഉപയോഗിച്ചിരുന്നത്. 1922-ൽ ഹോർസ്ലി എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവരിൽ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾ കുത്തിവച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌. പോളീഗ്രാഫ്‌, ബ്രെയിൻമാപ്പിങ്‌, നാർകോ അനാലിസിസ്‌ എന്നിവയാണ്‌ സത്യം പുറത്തുകൊണ്ടുവരാനായി സ്വീകരിക്കുന്ന മറ്റു ചില മാർഗ്ഗങ്ങൾ.

ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വിലക്കുകളില്ലാതെ ആത്മനിയന്ത്രണമില്ലാതെ സത്യസന്ധമായി ഉത്തരം നൽകത്തക്ക രീതിയിൽ വ്യക്തികളുടെ തലച്ചോറിൽ രാസമാറ്റമുണ്ടാക്കാൻ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾക്ക്‌ കഴിയുന്നു.എന്നാൽ അവർ പറയുന്ന കാര്യങ്ങൾ പൂർണായും സത്യമാണെന്ന്‌ ഉറപ്പിക്കാൻ കഴിയുകയില്ല.വേണ്ടത്ര മുൻകരുതലില്ലാതെ ഈ ട്രൂത്ത്‌ സിറങ്ങൾ കുത്തിവച്ചാൽ മരണം വരെ സംഭവിക്കാനിടയുണ്ട്‌. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരിൽ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താൻ പാടുള്ളു.

ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച്‌ വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാൻ കഴിവുള്ളവയാണ്‌ നാർക്കോട്ടിക്കുകൾ. ഇത്തരം നാർക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌. മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികൾ ഉത്തരം നൽകുന്നത്‌. 1943-ൽ സ്റ്റീഫൻ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാർകോ അനാലിസിസ്‌ എ ന്യൂ ടെക്‌നിക്‌ ഇൻ ഷോർട്‌ കട്ട്‌ സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ്‌ മനശാസ്‌ത്ര ചികിത്സാരീതിയെന്ന്‌ വിശേഷിപ്പിച്ച്‌ നാർകോ പരിശോധനയെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിക്കുന്നത്‌. ചില പ്രത്യേക മരുന്നുകൾ കുത്തിവയ്‌ക്കുമ്പോൾ വ്യക്തികൾ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന്‌ സന്ദർഭവശാൽ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാർക്കോ_അനാലിസിസ്&oldid=2283810" എന്ന താളിൽനിന്ന് ശേഖരിച്ചത്