നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ
കേന്ദ്രഗവൺമെന്റിന്റെ വ്യവസായ-വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം. ഒരു ധനകാര്യസ്ഥാപനമായി പ്രവർത്തനമാരംഭിച്ച കോർപ്പറേഷൻ, ക്രമേണ വ്യവസായിക കാര്യങ്ങൾക്കാവശ്യമായ സാമ്പത്തികശാസ്ത്ര-സാങ്കേതിക-മാനേജ്മെന്റ് വൈദഗ്ദ്ധ്യം പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്കുമാറുകയുണ്ടായി. ലോകബാങ്ക്, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് വിദഗ്ദ്ധോപദേശം നൽകുന്ന ഒരു സ്ഥാപനമായി കോർപ്പറേഷൻ വികസിച്ചിട്ടുണ്ട്.
കഴിഞ്ഞ 50 വർഷക്കാലത്തെ പൊതുമേഖലയുടെ വളർച്ചയിൽ നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. പൊതുമേഖലകൾക്കാവശ്യമായ ആന്തരികഘടനാസൗകര്യങ്ങൾ, ഉയർന്ന സാങ്കേതിക വിദ്യ, ലോകനിലവാരത്തിലുള്ള മാനേജ്മെന്റ് തുടങ്ങിയ രംഗങ്ങളിലെ സേവനത്തിനു പുറമേ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പിന്നോക്ക പ്രദേശവികസനം തുടങ്ങിയവയ്ക്കും കോർപ്പറേഷൻ സഹായം നൽകുന്നുണ്ട്. 1990-കളിൽ പുതിയ സാമ്പത്തിക നയത്തിനു തുടക്കം കുറിച്ചതോടെയാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ മൗലികമായ മാറ്റങ്ങൾക്കു വഴി തുറന്നത്. ആഗോളവത്കൃതമായിക്കൊണ്ടിരിക്കുന്ന ലോകസമ്പദ്ഘടനയിലെ പരിവർത്തനങ്ങൾക്കനുസൃതമായി, ഇന്ത്യൻ സമ്പദ്ഘടനയെ നവീകരിക്കുന്നതിൽ കോർപ്പറേഷന് വലിയ സ്ഥാനമാണുള്ളത്. ഇന്ത്യൻ പൊതുമേഖലയുടെ പ്രതിച്ഛായയും ശക്തിയും ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി, ഇന്ത്യാ പബ്ലിക്സെക്ടർ.കോം എന്ന പേരിൽ ഒരു വെബ്സൈറ്റ് തുറന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വവിശേഷണങ്ങൾ, സേവനങ്ങളുടെ പരിധി, പ്രധാന നാഴികക്കല്ലുകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, നിർണായകവിജയങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നു ലഭ്യമാണ്. പുതിയ സഹസ്രാബ്ദത്തിൽ, ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്കും അഭിരുചിക്കും സംതൃപ്തിക്കും മുൻതൂക്കം നൽകുന്ന നയമാണ് പൊതുമേഖലാ സംരംഭങ്ങൾ പിന്തുടരേണ്ടത്. ഇതിനാവശ്യമായ പരിശീലനവും വിദഗ്ദ്ധോപദേശവും നൽകുന്നതിൽ നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ശ്രദ്ധിക്കുന്നു.
കോർപ്പറേഷൻ നൽകുന്ന സേവനങ്ങൾ പ്രധാനമായും താഴെപ്പറയുന്ന മേഖലകളിലാണ്.
1.വ്യവസായാസൂത്രണവും മാനേജ്മെന്റും
2.പ്രോജക്ട് എൻജിനീയറിങ്
3.പ്രോജക്ട്/കൺസ്ട്രക്ഷൻ മാനേജ്മെന്റ്
4.സംഭരണം, പരിശോധന
5.ഗുണനിലവാരമുള്ളതും സാങ്കേതികശാസ്ത്രപരവുമായ ഓഡിറ്റ്
6.സാമൂഹ്യവും വ്യാവസായികവുമായ ആന്തരികഘടന
7.മനുഷ്യവിഭവ മാനേജ്മെന്റ്
8.പാരിസ്ഥിതിക എൻജിനീയറിങ്
9.സോഫ്ട്വെയർ വികസനവും വിവരസാങ്കേതികവിദ്യയും.
ഇന്ത്യയിലെ പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. ഇതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ താഴെപ്പറുയുന്നു.
1.ലാഭകരമായ പൊതുമേഖലാസംരംഭങ്ങൾ പുനഃസംഘടിപ്പിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുക
2.പുനരുദ്ധരിക്കാനാവാത്ത പൊതുമേഖലാ സംരംഭങ്ങൾ അടച്ചുപൂട്ടുക
3.തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സംരംഭങ്ങളിലെ ഗവൺമെന്റ് നിക്ഷേപം 26 ശതമാനമോ അതിൽ താഴെയോ ആയി ചുരുക്കുക
4.തൊഴിലാളി താത്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുക
5.പൊതുമേഖലാ സംരംഭങ്ങളുടെ ആസ്തിയുടെ ജാമ്യത്തിൽ, വിപണിയിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിന് സഹായിക്കുക
6.സ്വകാര്യവത്കരണത്തിനും ഡിസ്ഇൻവെസ്റ്റ്മെന്റിനും അനുയോജ്യമായ ഒരു സമഗ്രനയം ആവിഷ്കരിക്കുക
7.ഡിസ്ഇൻവെസ്റ്റ്മെന്റ് മുഖേന ലഭിക്കുന്ന പണം സാമൂഹിക സുരക്ഷാമാർഗങ്ങൾ, പൊതുമേഖലാ സംരംഭങ്ങളുടെ പുനഃസംഘടന എന്നീ കാര്യങ്ങൾക്കായി വിനിയോഗിക്കുക.