നാളികേര വികസന ബോർഡ്
ഇന്ത്യയിലെ നാളികേര കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് നാളികേര വികസന ബോർഡ് (Coconut Development Board - India). കൃഷിക്ക് സബ്സിഡി, കേടായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ധനസഹായം തുടങ്ങിയവ ഈ സ്ഥാപനം നൽകുന്ന സഹായങ്ങളിൽ ചിലതാണ്[1].
കൃഷി സബ്സിഡി
തിരുത്തുകതെങ്ങിന്റെ പുതുകൃഷിക്കും ആവർത്തന കൃഷിക്കും ഹെക്ടർ ഒന്നിന് 15000 (പതിനയ്യായിരം) രൂപ നിരക്കിൽ ധനസഹായം ഈ സ്ഥാപനം നൽകുന്നു. തൈകൾ നട്ട് ആദ്യത്തെ രണ്ട് വർഷങ്ങളിൽ 7500 (ഏഴായിരത്തി അഞ്ഞൂറ്) രൂപ വീതമായിരിക്കും സബ്സിഡി നൽകുക[1].
മുറിച്ച് മാറ്റുന്നതിന്
തിരുത്തുകകാറ്റുവീഴ്ച, ഗാനോഡർമ വാട്ടം, തഞ്ചാവൂർ വാട്ടം തുടങ്ങിയ മാരക രോഗങ്ങൾ മൂലം തെങ്ങുകൾ നശിക്കുകയാണെങ്കിൽ മുറിച്ച് മാറ്റുന്നതിന് ഒരു തെങ്ങിന് 5 (അഞ്ച്)രൂപാ നിരക്കിൽ ധനസഹായം നൽകുന്നു. മുറിച്ചു മാറ്റിയ തെങ്ങുകൾക്ക് പകരമായി പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി ഒരു തൈക്ക് ഇരുപത് രൂപ നിരക്കിലും ധനസഹായം നൽകുന്നു[1].
നഴ്സറികൾക്ക്
തിരുത്തുകസ്വകാര്യ മേഖലയിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി മേഖലാ കേരനഴ്സറികൾ സ്ഥാപിക്കുന്നതിലേക്കായി മൊത്തം ചെലവിന്റെ 25% സബ്സിഡിയായി ഈ സ്ഥാപനം നൽകുന്നു. കൂടാതെ; ഏറ്റവും കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് 6250 തൈകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റിന് അൻപതിനായിരം രൂപയും പരമാവധി ഒരേക്കർ സ്ഥലത്ത് 25000 തൈകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരേയും ധനസഹായം നൽകുന്നു[1].
വിത്തുത്പാദന തോട്ടങ്ങൾക്ക്
തിരുത്തുകഅത്യുത്പാദനശേഷിയുള്ള തെങ്ങിനങ്ങളുടെ തൈകൾ ശാസ്ത്രീയമായി നട്ടുവളർത്തി വിത്തുത്പാദനതോട്ടങ്ങൾ സ്വകാര്യ മേഖലയിൽ സ്ഥാപിക്കുന്നതിലേക്കായി പരമാവധി ആറു ലക്ഷം രൂപവരെ ധന സഹായ്യം ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നു. ചുരുങ്ങിയത് നാലു ഹെക്ടർ സ്ഥലത്തെങ്കിലും ഇത്തരത്തിലുള്ള വിത്തുത്പാദനതോട്ടം സ്ഥാപിക്കേണ്ടതാണ്[1].
പ്രദർശനതോട്ടങ്ങൾ
തിരുത്തുകതെങ്ങിന്റെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലേക്കായി കർഷകരുടെ പങ്കാളിത്തത്തോടുകൂടി പ്രദർശിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ള തോട്ടങ്ങൾക്ക് ഹെക്ടറിന് 35000 രൂപവരെ ധനസഹായം നൽകുന്നു. ഓരോ പ്രദേശത്തിനും യോജിക്കുന്ന വിധത്തിൽ പരിപാലനമുറകൾ നടപ്പിലാക്കീ ഉണ്ടാക്കിയിട്ടുള്ള തോട്ടങ്ങളായിരിക്കണമെന്നാണ് നിഷ്കർഷ[1].
കൂടാതെ ജൈവവളത്തിന്റെ യൂണിറ്റുകൾ, സാങ്കേതിക വിദ്യ, തെങ്ങിൽ നിന്നും ഉണ്ടാക്കുന്ന ഉപോത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണ-വിതരണ പരിശീലനത്തിനും ഈ സംഘം ധനസഹായം നൽകുന്നു.
ജൈവവളം
തിരുത്തുകയൂഡ്രിലസ് യൂജിനേ, ഐസീനിയ ഫെറ്റിഡ എന്നീ മണ്ണിരകളെ ഉപയോഗിച്ച് മണ്ണിരവളനിർമ്മാണ യൂനിറ്റുകൾ തുടങ്ങുന്നതിനും, പ്ലൂറോട്ടസ് സോജർകാജു എന്ന കുമിളുപയോഗിച്ച് ചകിരിച്ചോർ സംസ്കരണത്തിനും ധനസഹായം ലഭിക്കുന്നതാണ്. ഇത്തരം സൗകര്യങ്ങൾ ഏര്പ്പെടുത്തുന്നതിന് മൊത്തം വേണ്ടി വരുന്ന ചെലവിന്റെ പകുതിയോ പരമാവ്ധി 20000 രൂപയോ ആയിരിക്കും ധനസഹായം[1].
സാങ്കേതിക വിദ്യ
തിരുത്തുകസാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ലഭിക്കുന്ന ധനസഹായം കൂടാതെ വിവിധ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങൾക്കുള്ള നൂതന സാങ്കേതിക വിദ്യകളും നാളികേരവികസനബോർഡിൽ നിന്നും ലഭിക്കും.
ഉപോത്പന്നങ്ങളുടെ നിർമ്മാണം
തിരുത്തുകകോക്കനട്ട് ചിപ്സ്, കരിക്ക് സ്നോബോൾ, കമ്പോസ്റ്റ് നിർമ്മാണാം, ചകിരിച്ചോറ് ഉപയോഗിച്ചുള്ള കൂൺ കൃഷി എന്നിവയുടെ സാങ്കേതിക വിദ്യകൾ സൗജന്യമയി ലഭിക്കുന്നു. കൂടാതെ വെർജിൻ കോക്കനട്ട് ഓയിൽ നിർമ്മാണ യൂണിറ്റിന് 50000 രൂപ, വിനാഗിരി നിർമ്മാണ യൂനിറ്റുകൾക്ക് 1000 രൂപ, കരിക്കിൻ വെള്ളം സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ യൂനിറ്റുകൾക്ക് മൂന്ന് ലക്ഷം രൂപ, സ്പ്രേ ഡ്രൈഡ് കോക്കനട്ട് മിൽക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾക്ക് അഞ്ചുലക്ഷം രൂപ എന്നിങ്ങനെ നിർമ്മാണ സംസ്കരണ യൂണിറ്റുകൾക്കും നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നുണ്ട്[1].