നാടൻ പ്രേമം (നോവൽ)
നാടൻ പ്രേമം, പ്രശസ്ത സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് 1941 ൽ രചിച്ച ഒരു ചെറുനോവലാണ്. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവൽ എഴുതിയത്. ചാലിയാറിൻറെ[1] ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉൾനാടൻ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. പ്രാഥമികമായി സിനിമയെ ഉദ്ദേശിച്ചെഴുതിയ കഥയായിരുന്നെങ്കിലും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും കേരളകൌമുദി പത്രത്തിൽ ആദ്യകാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. അതിനു ശേഷം 1941 ആഗസ്റ്റിൽ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1972 മെയ് 5 ന് ഈ നോവൽ ഇതേ പേരിൽ ചലച്ചിത്രമായെങ്കിലും നോവലിൻറെ വിജയം സിനിമയിൽ ആവർത്തിച്ചില്ല.[2] മുക്കത്തിൻറെ ചരിത്രത്തിൽ ഈ നോവൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു. മുംബൈയിലേയ്ക്കു പോയി നോവൽ എഴുതുന്നതിന് മുമ്പ് നോവലിസ്റ്റ് ഇരുവഞ്ചിപ്പുഴയുടെ കരയിൽ കുറച്ചു നാൾ വസിച്ചിരുന്നു. 2005 ൽ കഥാകാരനോടുള്ള ആദരസൂചകമായി മുക്കത്ത് ഇരുവഞ്ഞിപ്പുഴക്കരയിൽ അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം നിർമ്മിച്ചിരുന്നു.
കർത്താവ് | എസ്.കെ. പൊറ്റക്കാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1941 |
ഏടുകൾ | 80 |
ISBN | 978-81-8265-209-5 |
കഥാസന്ദർഭം
തിരുത്തുകരവീന്ദ്രൻ എന്ന കോഴിക്കാടുനിന്നുള്ള ധനികനായ ചെറുപ്പക്കാരൻ ഇരുവഞ്ഞിപ്പുഴയ്ക്കു കരയിലുള്ള ഉരു ഉൾനാടൻ ഗ്രാമമായ മുക്കത്ത് താമസിക്കുവാനെത്തുന്നു. അവിടെവച്ച് അയാൾ മാലു എന്ന പേരുള്ള ഒരു നിഷ്കളങ്കയായ ഗ്രാമീണ പെൺകൊടിയുമായി പ്രണയത്തിലാകുന്നു. രണ്ടുമാസത്തോളം അവിടെ ജീവിച്ചതിനു ശേഷം രവി അവിടെനിന്നു സ്വദേശത്തേയ്ക്കു തിരിച്ചു പോകുവാൻ തീരുമാനിക്കുന്നു. താൻ അവളെ കൊണ്ടുപോകുവാൻ മടങ്ങിവരുമെന്ന് മാലുവിനോട് വാഗ്ദാനം ചെയ്തശേഷമാണ് രവീന്ദ്രൻ അവിടം വിട്ടുപോയത്. താൻ അയാളുടെ കുട്ടിയെ ഉള്ളിൽ ചുമക്കുന്നുവെന്നുള്ള സത്യം മാലു അയാളെ അറിയിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം താൻ ഒരു വിദേശയാത്രയ്ക്കു പോകുന്നുവെന്നും ആറുമാസങ്ങൾക്കു ശേഷമേ തിരിച്ചു വരുകയുള്ളു എന്നും അറിയിച്ചുകൊണ്ടുള്ള ഒരു എഴുത്ത് അവൾക്കു ലഭിക്കുന്നു. താൻ ഒരു പിതാവില്ലാത്ത കുട്ടിയ്ക്കു ജന്മം നൽകിയാൽ അതു കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന അപമാനം ഭയന്ന് മാലു ഇക്കോരൻ എന്നയാളെ വിവാഹം കഴിക്കുവാൻ നിർബന്ധിതയായിത്തീർന്നു. കരുണാനിധിയായിരുന്ന ഇക്കോരൻ മാലു പ്രസവിക്കുന്ന കുട്ടിയെ തൻറേതായി വളർത്തിക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം കുട്ടികളില്ലാത്ത ദുഃഖം അനുഭവിച്ചിരുന്ന രവീന്ദ്രനും അയാളുടെ പത്നി പത്മിനിയും മുക്കം ഗ്രാമത്തിലെത്തുന്നു. അവിടെ രാഘവൻ എന്നു പേരുള്ള ബാലനെ കണ്ടുമുട്ടിയ രവീന്ദ്രൻ പിന്നിട് അതു തൻറെ പുത്രനാണെന്നു തിരിച്ചറിയുന്നു. അയാൽ മാലുവിനോടും ഇക്കോരനോടും രാഘവനെ തൻറെയൊപ്പം അയക്കുവാൻ കേണപേക്ഷിക്കുന്നു. ഇക്കോരൻ അതു തങ്ങളുടെ സ്വന്തം കുട്ടിയാണെന്നു സമർത്ഥിക്കുകയും ഹൃദയം തകർന്ന രവീന്ദ്രൻ തിരിച്ചു പോകുകയും അവിടെവച്ച് അസുഖം ബാധിക്കുകയും ചെയ്യുന്നു. താൻ മരിക്കുന്നതിനുമുമ്പ് ഒരുക്കൽക്കൂടി തൻറെ പുത്രനെ കാണാൻ അനുവദിക്കണമെന്നു കാട്ടി അയാൾ മാലുവിനു കത്തയക്കുന്നു. അവൾ സമ്മതിക്കുകയും കുട്ടിയെയുമെടുത്ത് രവിയുടെ വീട്ടിലേയ്ക്കു പോകുകയും ചെയ്യുന്നു. രവിയുടെ അവസ്ഥ മനസ്സിലാക്കിയ ഇക്കോരൻ കുട്ടിയെ രവീന്ദ്രൻറെയുടത്ത് നിർത്തുവാൻ സമ്മതിക്കുന്നു. പിന്നീട് രവിയ്ക്ക് ഒരു സുഹൃത്തിൻറെയുടുത്തുനിന്ന് ഒരു കത്തു ലഭിക്കുന്നു. അതിൽ ഇക്കോരനും മാലുവും നദിയിൽ ചാടി മുങ്ങിമരിച്ചതായി രേഖപ്പെടുത്തിയിരുന്നു. നോവലിൻറെ അവസാന അദ്ധ്യായം മുക്കത്തു പുതുതായി വാങ്ങിയ എസ്റ്റേറ്റിൽ രവീന്ദ്രൻ മകനോടൊത്തു സുഖമായി ജീവിക്കുന്നതായിട്ടാണ്.
അവലംബം
തിരുത്തുക- ↑ M. T. Vasudevan Nair (July 19, 2003). ഒാർമ്മയുടെ ചുവരിൽ എസ്. കെ. വരച്ചത് [Introduction to the Mathrubhumi edition of the novel]. Calicut, India: Mathrubhumi Books.
- ↑ Malayalam Literary Survey: Volume 6. Trichur, India: Kerala Sahitya Akademi. 1982. p. 120.