നാടകശാല (ക്രൈസ്തവം)

(നാടകശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില ക്രിസ്ത്യൻ പള്ളികളിൽ, പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന പ്രാകാരമാണ് നാടകശാല എന്നറിയപ്പെടുന്നത്. ഇതിനു മോണ്ടളം എന്നും പേരുണ്ട്.[1]

 
കോട്ടയം ചെറിയപള്ളിയുടെ 1835-ലെ രേഖാചിത്രം. പടിഞ്ഞാറായുളള പൂമുഖഭാഗമാണ് നാടകശാല എന്നറിയപ്പെടുന്നത്

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ദേവാലയ ഘടനയിൽ മദ്ബഹ, അഴിക്കകം, ഹൈക്കല, നാടകശാല എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്. മദ്ബഹയിലാണ് വൈദികർ കുർബാന അർപ്പിക്കുന്നത്. അഴിക്കകത്താണ് നമസ്കാരമേശ സ്ഥാപിച്ചിരിക്കുന്നത്. മാമോദീസ,വിവാഹം, ശവസംസ്കാരം തുടങ്ങിയ കർമ്മങ്ങളിൽ കൂടുതൽ സമയവും വൈദികർ അഴിക്കകത്താണ് നിൽക്കുന്നത്. ഹൈക്കലയിൽ നിന്നാണ് വിശ്വാസികൾ കുർബാന വീക്ഷിക്കുന്നത്. നാടകശാല പള്ളിക്ക് പുറത്താണ്. പള്ളിയിലേക്ക് കയറുന്ന പ്രവേശനകവാടത്തിലുള്ള പൂമുഖമാണിത്. അവിടെ നിന്നാൽ മദ്ബഹയിൽ നടക്കുന്ന കുർബാന കാണുവാൻ സാധിക്കും. എന്നാൽ എല്ലാ പള്ളികളിലും ഈ ഭാഗം ഉണ്ടായിരിക്കണമെന്നില്ല. നാടകശാലയെ വിശ്വാസപഠിതാക്കളുടെ സ്ഥലമായും അറിയപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ മാമോദീസ സ്വീകരിക്കാനുള്ള വിശ്വാസപഠിതാക്കളായ അക്രൈസ്തവരെ ഇവിടെ നിന്നാണ് കുർബാന കാണുവാൻ അനുവദിച്ചിരുന്നത്.[1]

പേരിനു പിന്നിൽ

തിരുത്തുക

നടശാല എന്നതിന്റെ വികൃതരൂപമായാണ് നാടകശാല എന്ന് ഈ ഭാഗത്തിന് പേരുണ്ടായത് എന്നൊരു അഭിപ്രായമുണ്ട്.[2] കേരളീയ ദേവാലയ സങ്കല്പത്തിലെ നട അഥവാ ക്ഷേത്രവാതിലിനുള്ള സവിശേഷ പ്രാധാന്യത്തിൽ നിന്നാണ് ഈ നടശാല അഥവാ നാടകശാലകൾ രൂപമെടുത്തത് എന്ന് കരുതപ്പെടുന്നു.[2] എന്നാൽ മറ്റൊരു അഭിപ്രായപ്രകാരം പെരുന്നാളുകൾക്കും മറ്റും വേദപുസ്തക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബൈബിൾ നാടകങ്ങളും മാർഗ്ഗംകളി, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങളും ഇവിടെ അരങ്ങേറിയിരുന്നതിനാലാണ് ഈ ഭാഗത്തിനു നാടകശാല എന്ന പേരുണ്ടായത്.[1]

  1. 1.0 1.1 1.2 ബാബുരാജ്, കോട്ടയം (2010). ക്രൈസ്തവ സഭാ വിജ്ഞാനകോശം. ജിജോ പബ്ലിക്കേഷൻസ്. p. 139-140.
  2. 2.0 2.1 നസ്രാണി ദേവാലയ വാസ്തുവിദ്യ. എം.ഒ.സി പബ്ലിക്കേഷൻസ്. 2012. p. 42.
"https://ml.wikipedia.org/w/index.php?title=നാടകശാല_(ക്രൈസ്തവം)&oldid=3943911" എന്ന താളിൽനിന്ന് ശേഖരിച്ചത്