മണ്ണിര
അനലിഡേ ഫൈലത്തിലെ ഒരു ജീവിയാണ് മണ്ണിര. ആർട്ടിക്- അന്റാർട്ടിക് പ്രദേശങ്ങളൊഴിച്ച് മിക്ക രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ കർഷകന്റെ സുഹൃത്ത് എന്നും "പ്രകൃതിയുടെ കലപ്പ" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്. ഒരു ദ്വിലിംഗജീവിയാണ് ഇത്. ഫെററ്റിമ പോസ്തുമ എന്നതാണ് മണ്ണിരയുടെ ശാസ്ത്രീയനാമം. ചിലയിനം മണ്ണിരകൾ 4 മുതൽ 8 വർഷെ വരെ ജീവിച്ചിരിക്കും. മണ്ണിനോടൊപ്പം ശരീരത്തിനുള്ളിലെത്തുന്ന ജൈവവസ്തുക്കളാണ് മണ്ണിരയുടെ ആഹാരം. ദഹനശേഷം പുറത്തുവരുന്ന മൺകൂനകളെ വേം കാസ്റ്റിംഗുകൾ അഥവാ കുരിച്ചിക്കട്ട എന്നുവിളിക്കുന്നു. ഇത് മണ്ണിലെ നൈട്രജന്റെ അളവ് വർദ്ധിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കുന്നു.
മണ്ണിര | |
---|---|
Lumbricus terrestris, the Common European Earthworm | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Suborder: | Lumbricina
|
Families | |
Acanthodrilidae |
വിതരണം
തിരുത്തുകനനവുള്ള മണ്ണിൽ, വലിയ അളവിൽ ജൈവവസ്തുക്കൾ കാണപ്പെടുന്ന ഇടങ്ങളിൽ മണ്ണിരകൾ വൻതോതിൽ കാണപ്പെടും. മഴക്കാലത്ത് മണ്ണിനുപുറത്തെത്തുകയും മുറ്റത്തും കൃഷിസ്ഥലത്തും മൈതാനത്തുമൊക്കെ മണ്ണിനുപുറമേ കാണപ്പെടുകയും ചെയ്യും. സ്വതേ രാത്രിഞ്ചരരാണ് മണ്ണിരകൾ. ഫെററ്റിമ ജീനസിലെ പതിമൂന്നോളം സ്പീഷീസുകൾ ഇന്ത്യയിൽ കാണപ്പെടുന്നു.
ശരീരഘടന
തിരുത്തുകഫെററ്റിമ പോസ്തുമയ്ക്ക് 150 മി.മീറ്റർ വരെ നീളം വരും. 3 മുതൽ 5 വരെ മി.മീറ്റർ കനം വയ്ക്കും. പോർഫൈറിൻ എന്ന വർണവസ്തു ഉള്ളതിനാൽ ശരീരത്തിന് തിളങ്ങുന്ന ഇരുണ്ട ബ്രൗൺ നിറം വരും. അടിവശത്തെക്കാൾ പുറവശത്തിന് ഇരുണ്ടനിറമുണ്ട്. 100 മുതൽ 120 വരെ സെഗ്മെന്റുകൾ (ഖണ്ഡങ്ങൾ) ശരീരത്തിലുണ്ട്. ഇവ മെറ്റാമിയറുകൾ എന്നറിയപ്പെടുന്നു. ശരീരഅറയെ കമ്പാർട്ടുമെന്റുകളാക്കി മാറ്റുന്നതിനാൽ മെറ്റാമെറിസം അഥവാ മെറ്റാമെറിക് സെഗ്മെന്റേഷൻ പൂർണമായും വികസിച്ചിരിക്കുന്നു. ആദ്യശരീരഖണ്ഡത്തെ പെരിസ്റ്റോമിയം എന്നുവിളിക്കുന്നു. ഇതിൻ മുന്നിലേയ്ക്കായി പ്രോസ്റ്റോമിയം എന്നറിയപ്പെടുന്ന മാംസളമായ സംവേദഭാഗമുണ്ട്. പെരിസ്റ്റോമിയം എന്ന ആദ്യഖണ്ഡത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ വായ് ഭാഗമുണ്ട്. ഇതിനുമീതേ പ്രോസ്റ്റോമിയം സ്ഥിതിചെയ്യുന്നു. 14 മുതൽ 16 വരെ ശരീരഖണ്ഡങ്ങൾ ചേർന്ന് രൂപപ്പെട്ടിരിക്കുന്ന കൂടുതൽ വ്യതിരിക്തമായ ഗ്രന്ഥീസ്വഭാവമുള്ള ഭാഗമാണ് ക്ലൈറ്റെല്ലം അഥവാ സിങ്ഗുലം. ബാഹ്യഭാഗത്ത് ഈ ഖണ്ഡങ്ങൾ വേർപെട്ടിരിക്കുന്നതായി തോന്നുകയില്ല. ആൽബുമിൻ എന്ന പ്രോട്ടീനും മ്യൂക്കസ് എന്ന ദ്രവവും ഈ ഭാഗം ഉത്പാദിപ്പിക്കുന്നു. ബീജസങ്കലനത്തിനും കൊക്കൂൺ രൂപപ്പെടലിനും ഈ സ്രവങ്ങൾ സഹായിക്കുന്നു. ക്ലൈറ്റെല്ലത്തെ അടിസ്ഥാനമാക്കി പ്രീക്ലൈറ്റെല്ലാർ, ക്ലൈറ്റെല്ലാർ, പോസ്റ്റ് ക്ലൈറ്റെല്ലാർ ഭാഗങ്ങളായി പുറമേ വിഭജിച്ചിരിക്കുന്നു.
ആദ്യത്തെയും അവസാനത്തെയും ശരീരഖണ്ഡങ്ങൾ, ക്ലൈറ്റെല്ലാർ ഭാഗം എന്നിവ ഒഴികെയുള്ള ശരീരഖണ്ഡങ്ങളിൽ കൈറ്റിൻ എന്ന പദാർത്ഥം കൊണ്ട് നിർമ്മിച്ച സീറ്റേ അഥവാ കീറ്റേ എന്ന ചെറിയ വളവുള്ള 'S' ആകൃതിയിലുള്ള ഘടനകൾ വൃത്താകൃതിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൻറെ മധ്യഭാഗത്തുള്ള വീർത്ത ഭാഗമാണ് നോഡുലസ്. ത്വക്കിന് ഉൾവശത്തേയ്ക്ക് തിങ്ങിയിരിക്കുന്ന ഇവ ഒരു സീറ്റൽ സാക് അഥവാ അറയിലാണ് കാണപ്പെടുന്നത്. ഇതിനുള്ളിലെ സവിശേഷ പേശികളുടെ പ്രവർത്തനത്താൽ സീറ്റകൾ മുന്നിലേയ്ക്കും പിന്നിലേയ്ക്കും ചലിപ്പിക്കാനാകും. ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടാൽ ഇവയെ പുനർനിർമ്മിക്കാനുമാകും. പ്രതലത്തിൽ പറ്റിപ്പിടിക്കാനും ചലനത്തിനും സീറ്റേകൾ സഹായിക്കുന്നു. ഇരുമണ്ണിരകളുടെ ശരീരത്തിലേയ്ക്ക് ചേർത്തിറക്കി പ്രത്യുൽപാദനസമയത്ത് ശരീരങ്ങളെ ചേർത്തുനിർത്താനും സീറ്റേകൾ പ്രയോജനപ്പെടുന്നു.
5/6, 6/7, 7/8, 8/9 എന്നിവിടങ്ങളിൽ (പേരുസൂചിപ്പിക്കുന്ന ഖണ്ഡങ്ങളുടെ ഇടയിലെ ഭാഗം) ശരീരത്തിന്റെ വശങ്ങളിൽ അടിവശത്തായി കാണപ്പെടുന്ന നാല് ജോഡി സൂക്ഷ്മ സുഷിരങ്ങളാണ് സ്പെർമാത്തീക്കൽ അപേർച്ചറുകൾ. ഓരോ സുഷിരവും സ്പെർമാത്തീക്ക എന്നറിയപ്പെടുന്ന ഭാഗത്തേയ്ക്ക് തുറക്കുന്നു. ഇവിടെയാണ് മറ്റ് മണ്ണിരകളിൽ നിന്നുള്ള പുംബീജങ്ങളെ ശേഖരിക്കുന്നത്. 17 ഉം 19 ഉം ഖണ്ഡങ്ങൾക്കിടയിലെ ഭാഗത്ത് രണ്ടുജോഡി ജനൈറ്റൾ പാപ്പില എന്ന ഭാഗം കാണപ്പെടുന്നു. ഇവ അക്സസറി ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള സുഷിരങ്ങളാണ്.
ക്യൂട്ടിക്കിൾ
തിരുത്തുകത്വക്കിന് പുറമേയുള്ള നേരിയ, കോശനിർമ്മിതമല്ലാത്തതും പേശികളില്ലാത്തതുമായ ആവരണമാണ് ക്യൂട്ടിക്കിൾ. തൊട്ടുള്ളിലുള്ള ത്വക്കിന്റെ ഉപിരഭാഗമായ എപ്പിഡെർമിസ് ആണ് ക്യൂട്ടിക്കിൾ ഉത്പാദിപ്പിക്കുന്നത്.
ശരീര അറ (സീലോം)
തിരുത്തുകശരീരബാഹ്യഭിത്തിയ്ക്കും ദഹനവ്യവസ്ഥയ്ക്കും ഇടയിലുള്ള ദ്രവം നിറഞ്ഞ ഭാഗമാണ് ശരീരഅറ. ബാഹ്യമായി പരൈറ്റൾ പെരിട്ടോണിയം എന്ന പാളിയും ഉള്ളിൽ വിസറൽ പെരിട്ടോണിയം എന്ന പാളിയും സീലോമിന് അതിരുകൾ തീർക്കുന്നു. ഇതിൽ സീലോമിക് ദ്രവം നിറഞ്ഞിരിക്കുന്നു. ഭ്രൂണത്തിന്റെ മീസോഡേം എന്ന പാളി രണ്ടായി അകന്ന് രൂപപ്പെട്ടതിനാൽ ഷൈസോസീലോം എന്ന് ഈ ആന്തരദ്രവഅറ അറിയപ്പെടുന്നു.
ഭക്ഷണരീതി
തിരുത്തുകമണ്ണിരകൾ ഡെട്രിറ്റിവോറുകൾ ആണ്.
മണ്ണിരയ്ക്ക് കണ്ണുകളില്ല. എന്നാൽ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങൾ തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.
അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ തലച്ചോറാണ് മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ് ചെയ്യുന്നത്.
കുക്കിനിക്കട്ട
തിരുത്തുകമണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട, കുരിച്ചിൽ മണ്ണ്, കുരിക്കപ്പൂഴി എന്നീ പേരുകളിൽ അറിയപ്പെടുന്നത്. നാടൻ മണ്ണിരകൾ പതിനഞ്ചടിവരെ താഴെ മണ്ണിൽ സമാധിയിൽ കഴിയാൻ കഴിവുള്ളവയാണ്. അനുകൂലസാഹചര്യങ്ങളിൽ ഇവ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളിൽ വിസർജിക്കുകയും ചെയ്യും. ഈ വിസർജ്യങ്ങൾക്ക് കുക്കിനിക്കട്ടകൾ എന്ന് പേര്. ഇവയ്ക്ക് സാധാരണ മണ്ണിലുള്ളതിനേക്കാൾ പല മടങ്ങ് വളക്കൂറുണ്ട്.