ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇന്ദ്രജിത്തിന്റെ അസ്ത്രത്തിൽ വാസുകി ആയിരുന്നു ഉണ്ടായിരുന്നത്. കർണ്ണന്റെ പക്കൽ ഉള്ള അസ്ത്രത്തിലെ നാഗ രാജാവായ തക്ഷക പുത്രനായ അശ്വസേനൻ ആയിരുന്നു. ഈ നാഗം അർജ്ജുനനാൽ വധിക്കപ്പെട്ടു.

ഇന്ദ്രജിത്തിന്റെ നാഗപാശത്തിലകപ്പെട്ട ലക്ഷ്മണൻ

ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചു നാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .

ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി . ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായ ഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .

തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു .[1]

ഇന്ദ്രജിത്തും നാഗാസ്ത്രവും

തിരുത്തുക

ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയച്ചു. ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു. ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല. ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു. അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു വന്നു.[2]

കർണ്ണന്റെ നാഗാസ്ത്രം

തിരുത്തുക

അർജ്ജുനനുമായുള്ള അന്തിമയുദ്ധത്തിൽ, ഒരു ഘട്ടത്തിൽ അർജ്ജുനന്റെ ബാണങ്ങൾ കർണ്ണനെ മർദ്ദിച്ചു . അരിശം പൂണ്ട കർണ്ണൻ ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും മാരകമായ സർപ്പമുഖം എന്ന പ്രത്യേക രീതിയിലുള്ള നാഗാസ്ത്രം അർജ്ജുനനെതിരെയുള്ള അടുത്ത അസ്ത്രമായി തിരഞ്ഞെടുത്തു . ഈ അസ്ത്രത്തിന് ഉര്ഗാസ്യാ എന്നും പേരുണ്ട് . ചാണക്കിട്ടു കടഞ്ഞു നന്നായി മെഴുക്കിയ ആ അസ്ത്രത്തെ കർണ്ണൻ ദിവസേന ചന്ദനപ്പൊടിയിട്ട് പൂജിച്ചു വന്നിരുന്നതാണ് . അർജ്ജുനന്റെ വധത്തിനായി ഈ അസ്ത്രം അദ്ദേഹം കരുതി വച്ചിരുന്നു . പരശുരാമൻ നൽകിയ ഈ അസ്ത്രത്തിൽ കർണ്ണനു വലിയ വിശ്വാസവുമുണ്ടായിരുന്നു .

ആ സമയം യുദ്ധം കാണുവാൻ വന്നിരുന്ന അശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് .

അസ്ത്രത്തെ പുറത്തെടുത്ത കർണ്ണൻ , തന്റെ വിജയം എന്ന വില്ലിൽ വച്ച് ചെവി വരെ ആഞ്ഞു വലിച്ചുകൊണ്ട് നാഗാസ്ത്രമന്ത്രം ജപിച്ചു . അപ്പോൾ പത്തു ദിക്കും പ്രകാശിപ്പിച്ചു കൊണ്ട് , കർണ്ണന്റെ നാഗാസ്ത്രം പ്രകടമായി . നാഗാസ്ത്രം കർണ്ണൻ പ്രയോഗിക്കുമെന്ന് അറിയാമായിരുന്ന അശ്വസേനനാഗവും അർജ്ജുനനോടുള്ള പൂർവ്വവൈരത്താൽ യോഗബലം പൂണ്ട് , കർണ്ണന്റെ മന്ത്രത്താൽ ആകർഷിക്കപ്പെട്ട് നാഗാസ്ത്രത്തിൽ കയറിക്കൂടിയിരുന്നു .

കർണ്ണൻ നാഗാസ്ത്രം അയച്ചപ്പോൾ , ആകാശത്തു മഹാവിഷം വമിച്ചുകൊണ്ടു , കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് അത് പാഞ്ഞുപോയി. അസ്ത്രത്തിന്റെ തീക്ഷ്ണമായ പോക്ക് കണ്ടിട്ട് , ഹേ അർജ്ജുനാ , നീ മരിച്ചു- എന്ന് കർണ്ണൻ വിളിച്ചാർത്തു .

കർണ്ണന്റെ തീക്ഷ്ണമായ നാഗാസ്ത്രം വരുന്നത് കണ്ട് , ഭഗവാൻ കൃഷ്ണൻ ലീലയാൽ തേരിന്റെ തട്ടിനെ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്തി . അപ്പോൾ ശ്വേത വർണ്ണമുള്ള കുതിരകൾ മുട്ടുകുത്തി . രഥം ഭൂമിയിലേക്ക് ഒരു ചാണോളം ആഴത്തിൽ താഴ്ന്നു പോയി . അപ്പോൾ പാഞ്ഞുവന്ന ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം കിരീടത്തെയുമെടുത്തുകൊണ്ടു പാഞ്ഞു പോയി. കിരീടം കത്തിക്കരിഞ്ഞു നിലംപതിച്ചു . ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ, വൈശ്രവണന്റേയോ, യമന്റെയോ, വരുണന്റെയോ, പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു .[3]

  1. [കമ്പരാമായണം]കമ്പരാമായണം യുദ്ധകാണ്ഡം ,നാഗാസ്ത്രത്തിന്റെ ഉല്പത്തി വിഭീഷണകഥനം
  2. [കമ്പരാമായണം]കമ്പരാമായണം യുദ്ധകാണ്ഡം ,ഇന്ദ്രജിത്തിന്റെ നാഗാസ്ത്രപ്രയോഗം
  3. KMG Translation of Mahabharatha Karna Parva Chapter 90
"https://ml.wikipedia.org/w/index.php?title=നാഗാസ്ത്രം&oldid=4119579" എന്ന താളിൽനിന്ന് ശേഖരിച്ചത്