നാഗർ

(നാഗകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്റിലും, മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കണ്ടുവരുന്ന ആദിവാസികളാണ്‌ നാഗകൾ. മ്യാന്മറിന്റെ (ബർമ്മ) ചില ഭാഗങ്ങളിലും ഇവരെ കണ്ടു വരുന്നു. മേഖലയിലെ ഏറ്റവും പുരാതനമായ ഗിരിവിഭാഗമാണ് നാഗകൾ എന്നു വിലയിരുത്തപ്പെടുന്നു. നാഗ എന്ന പേരിനർത്ഥം ഗിരിനിവാസികൾ എന്നും നഗ്നരായ ജനങ്ങൾ എന്നും രണ്ടു തരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്[1]‌.

ആചാരങ്ങൾ

തിരുത്തുക

പണ്ട് ഈ വർഗ്ഗക്കാർ തലവേട്ടക്കാർ എന്ന പേരിൽ പ്രശസ്തരായിരുന്നു. അതിവിദൂരമായ കുന്നുകളിൽ ഇന്നും ഈ പതിവ് തുടരുന്നുണ്ട് എന്നു കരുതുന്നു. ഒരാളുടെ തല കരസ്ഥമാക്കുന്നതിലൂടെ അയാളുടെ ശക്തിയും ആത്മാവും മന്ത്രശക്തിയും കൈക്കലാക്കാം എന്നാണ് ഇവരുടെ വിശ്വാസം. ഇങ്ങനെ ഒരു തല കരസ്ഥമാക്കുന്ന നാഗാ യുവാവിന്‌, തന്റെ ഗ്രാമത്തിലുള്ള സ്ഥാനമാനങ്ങൾ ഉയരുകയും അയാൾ ഒരു പൂർണതോതിലുള്ള പോരാളിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഒരാൾക്ക് വിവാഹം കഴിക്കുന്നതിനോ ഗ്രാമത്തിൽ വീടു പണിയുന്നതിനോ നിലം ഉഴുന്നതിനോ അല്ലെങ്കിൽ ഒരു പോരാളിയുടെ വേഷം ധരിക്കുന്നതിനോ മുൻപ് ഇങ്ങനെ ഒരു മനുഷ്യന്റെ തല വെട്ടിക്കൊണ്ടു വരേണ്ടതുണ്ട്. ഇതിന് സാധിക്കാതെ വരുന്നത് ഒരു വൻ മാനഭംഗമായി ഇവർ കരുതുകയും ചെയ്യുന്നു.

വേഴാമ്പലിന്റെ തൂവലുകളും പന്നിപ്പല്ലുകൾ കൊണ്ടുള്ള മാലയും മനുഷ്യരോമം കൊണ്ടുള്ള വാലുമുള്ള വേഷമാണ് നാഗാ പോരാളിയുടേത്.

 
നാഗ സ്ത്രീ

പ്രകൃതിദുരന്തങ്ങളോ പകർച്ചവ്യാധികളോ ക്ഷാമമോ വരുന്നത് ഗ്രാമത്തിലെ മാന്ത്രികശക്തിയുടെ കുറവുകൊണ്ടാണെന്ന് ഇവർ വിശ്വസിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി ചെറുപ്പക്കാരായ പോരാളികളെ വിളിച്ച് അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന്‌ തലകൾ വെട്ടിക്കൊണ്ടുവരാൻ ചുമതലപ്പെടുത്തുന്നു. ഇങ്ങനെ കൊണ്ടുവരുന്ന തലകൾ ഹസോവ എന്നു വിളിക്കുന്ന വിശുദ്ധമായ ഒരു കല്ലിനു ചുവട്ടിൽ കുഴിച്ചിടുന്നു. ഇത്തരം ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കൊട്ടും പാട്ടും ഇന്നും പലയിടങ്ങളിലും വിനോദസഞ്ചാരികൾക്കായി നടത്തപ്പെടാറുണ്ട്[1].

നാഗാ ഗ്രാമങ്ങൾ

തിരുത്തുക

പരസ്പരം തലവെട്ടലുകളും ആക്രമണങ്ങളും നടക്കുന്നതിനാൽ നാഗാ ഗ്രാമങ്ങൾ സുശക്തമായ പ്രതിരോധസംവിധാങ്ങളോടു കൂടിയാണ് രൂപവത്കരിച്ചിട്ടുണ്ടാകുക. ഗ്രാമങ്ങൾ കുന്നിനു മുകളിൽ നിർമ്മിക്കുകയും ചുറ്റുമായി മുള്ളുവേലിയോ ഉയരമുള്ള കൽമതിലുകളോ ഉണ്ടാകും. ഇതിനു ചുറ്റുമായി വീതിയേറിയ കിടങ്ങുകൾ നിർമ്മിക്കുന്നു. ഗ്രാമത്തിന്റെ കവാടം, മരം കൊണ്ടൂണ്ടാക്കിയത് അതിൽ മനുഷ്യന്റെ തലകളും കുമ്പുകളും പോരാളികളേയ്യും ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ടാകും.

മേഖലയിൽ 7 നാഗാ വംശജരുണ്ട് ഇവരുടെ ഗ്രാമങ്ങൾ വിവിധ കുന്നുകളിലായി ചിതറിക്കിടക്കുന്നു. ഓരോ ഗ്രാമവും മുതിർന്നവരുടെ സംഘമാണ്‌ ഭരിക്കുന്നത്. ഭരണകർത്താക്കളുടെ മുടി വശങ്ങളിൽ മുണ്ഡനം ചെയ്ത് മദ്ധ്യഭാഗത്ത് ഒരു തിണ്ട് പോലെ കുറ്റിമുടി നിലനിർത്തിയിട്ടുണ്ടാകും[1].

ഗ്രാമത്തിന്റെ ഏതെങ്കിലും ഒരറ്റത്ത് മോറംഗ് എന്നറിയപ്പെടുന്ന അവിവാഹിതരായ പുരുഷന്മാർക്കുള്ള ഒരു താവളം ഉണ്ടാകും. ഒരു മേൽനോട്ടക്കാരന്റെ കീഴിൽ അവർ ഇവിടെ ഒരു പട്ടാളജീവിതം നയിക്കുന്നു. മോറംഗിൽ ഇവർ ഒരു ഗ്രാമീണസേന രൂപവത്കരിക്കുകയും ഏതുസമയത്തും പോരിന്‌ തയ്യാറായിരിക്കുകയും ചെയ്യുന്നു.

12-13 വയസിൽ ആൺകുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ വിട്ട് മോറംഗീൽ ചേരുന്നു. ഇവിടത്തെ ആദ്യത്തെ മൂന്നു വർഷം അവർ അവിടത്തെ മുതിർന്നവർക്കായി വേല ചെയ്യുന്നു. ഈ കാലയളവിനു ശേഷം അവർ ഒരു പടി മേലെയെത്തുകയും പുതിയതായി വരുന്ന അംഗങ്ങൾ അവർക്കായി വേലചെയ്യുകയും ചെയ്യും. അങ്ങനെ മോറംഗിലെ പരിശീലനത്തിലൂടെ ഇവർ സാമൂഹികമായി ഉയർന്ന സ്ഥാനം പടിപടിയായി നേടിയെടുക്കുകയും ഗ്രാമത്തിന്റെ ഭരണത്തലവന്മാരായി മാറുകയും ചെയ്യുന്നു[1].

മറ്റു ഗിരിവർഗ്ഗക്കാരെപ്പോലെത്തന്നെ കാടുവെട്ടിത്തളിച്ച് സ്ഥലം മാറിമാറിയുള്ള കൃഷിരീതിയാണ്‌ നാഗരും അവലംബിക്കുന്നത്. നിലം ഉഴുന്നതിനുള്ള വിദ്യ ഇവർക്ക് പരിചിതമല്ലാത്താതിനഅൽ തൂമ്പ കൊണ്ട് മണ്ണ് മാന്തിയാണ്‌ കൃഷി ചെയ്യുന്നത്.

പന്നി, കോഴി, മിത്തൻ എന്നീ ജീവികളേയും ഇവർ വളർത്തുന്നു. ഇറച്ചിക്കുവേണ്ടി എന്നതിനു പുറമേ ബലി നൽകുന്നതിനു വേണ്ടീയുമായാണ്‌ മിത്തൻ ഇവർ വളർത്തുന്നത്[1].

  1. 1.0 1.1 1.2 1.3 1.4 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 184. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നാഗർ&oldid=3514303" എന്ന താളിൽനിന്ന് ശേഖരിച്ചത്