കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ പി.എസ്.വാരിയർ രചിച്ച സംഗീത നാടകമാണ് നല്ല തങ്കാൾ. 1914ലാണ് നല്ല തങ്കാൾ ആദ്യമായി അവതരിപ്പിച്ചത്. എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള ഈ നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു.

കഥ തിരുത്തുക

പഴയ പാണ്ഡ്യനാട്ടിൽ സാധാരണക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന അവിശ്വസനീയമായ നാടോടിക്കഥയാണിത്. മധുരാപുരിയിലെ നല്ലണ്ണ രാജാവ് തന്റെ സഹോദരിയായ നല്ല തങ്കാളിനെ വടമധുരാപുരിയിലെ രാജാവായ കശ്യപന് വിവാഹം ചെയ്തു കൊടുത്തു. 12 വർഷത്തെ അവരുടെ ദാമ്പത്യത്തിൽ ഏഴു മക്കളും പിറക്കുന്നു. അങ്ങനെയിരിക്കെയാണ് രാജ്യത്തുണ്ടായ കടുത്ത ക്ഷാമതത്തെതുടർന്ന് നല്ല തങ്കാൾ മക്കളേയും കൂട്ടി സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചു പോവുന്നു. അവിടുത്തെ കൊട്ടാരത്തിൽനിന്ന് പുറത്താക്കപ്പെടുന്ന ആ അമ്മയും മക്കളും ഭക്ഷണമില്ലാതെ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ കിണറ്റിൽച്ചാടി മരിയ്ക്കുന്നു. ഈ വിവരമറിഞ്ഞ് നല്ല തങ്കാളിന്റെ സഹോദരനും ഭർത്താവും സങ്കടത്താൽ ജീവനൊടുക്കുന്നു. ഒടുവിൽ ഇഷ്ടദേവനായ ശിവൻ പ്രത്യക്ഷപ്പെട്ട് മരിച്ചുപോയ എല്ലാവരേയും ജീവിപ്പിക്കുകയും ചെയ്യുന്നതാണ് കഥ.

പുനരാവിഷ്കാരം തിരുത്തുക

കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2015 ജനുവരിയിൽ ഈ നാടകം വീണ്ടും അരങ്ങിലെത്തിച്ചിരുന്നു. രണ്ടുമണിക്കൂറായി ചുരുക്കിയാണ് സംഘം അവതരിപ്പിച്ചത്. പഴമയെ പുനരാവിഷ്‌കരിയ്ക്കാനായി അന്ന് ഉപയോഗിച്ചിരുന്ന രീതിയിലുള്ള ആടയാഭരണങ്ങൾ, ചമയങ്ങൾ, രംഗസജ്ജീകരണം തുടങ്ങിയവയെല്ലാം നാട്യസംഘം ഉപയോഗിച്ചു.[1]

അവലംബം തിരുത്തുക

  1. "നൂറാംവയസ്സിൽ 'നല്ല തങ്കാൾ' വീണ്ടും അരങ്ങിൽ". www.mathrubhumi.com. Retrieved 30 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]