നടയിൽക്കാവ് ഭഗവതി ക്ഷേത്രം

  ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ നഗരസഭാപരിധിക്കുള്ളിൽ വെങ്ങല്ലൂർ ജംഗ്‌ഷനു സമീപം സ്ഥിതി ചെയ്യുന്ന ഭഗവതിക്ഷേത്രമാണ് നടയിൽക്കാവ് ഭഗവതി ക്ഷേത്രം.വേതാള കണ്ഠസ്ഥിതയായ ഭദ്രകാളിയാണ് പ്രതിഷ്ഠ.
 കലാപത്തെ തുടന്നു മലബാറിൽ നിന്ന് പലായനം ചെയ്തു വന്ന ബ്രഹ്മണകുടുംബത്തിന്റെ പരദേവതയായ ഭഗവതിയെ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വരിക്കപ്ലാവിന്റെ ചുവട്ടിൽ പ്രതിഷ്ഠിച്ചു 'കാളീം മേഘ സമപ്രഭാ' എന്ന ശ്ലോക ഭാവത്തിൽ പൂജ ചെയ്തു വരികയും തുടർന്ന് ക്ഷേത്രനിര്മാണം നടത്തുകയുമായിരുന്നു.കൊല്ലവർഷം 140 ൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു.
  ചെമ്പു മേഞ്ഞ ശ്രീകോവിലിൽ വരിക്കപ്ലാവിൽ തീർത്ത 5 അടിയോളം ഉയരമുള്ള ഭഗവതി വിഗ്രഹം സ്ഥിതി ചെയ്യുന്നു.വിഗ്രഹത്തിന് മുൻപിലായി കണ്ണാടി ബിംബം അർച്ചനാ ബിംബമായി പ്രതിഷ്ഠ ചെയ്തിരിക്കുന്നു.വേതാള കണ്ഠസ്ഥിതയായ രൂപത്തിലുള്ള പ്രതിഷ്ഠയിൽ ചാന്താട്ടം നടത്തി സംരക്ഷിച്ചു പോരുന്നു.
  മീനമാസത്തിലെ ഭരണിനാളിൽ ഉത്സവം സമുചിതമായി ആഘോഷിക്കുന്നു.ഭരണി നാളിലെ കുംഭകുട ഘോഷയാത്രയും പകൽപ്പൂരവും ഭരണിദർശനവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളാണ്.ഗണപതി,ഭുവനേശ്വരി,ഘണ്ടാകർണൻ,നാഗരാജാവ്,നാഗയക്ഷി,ശിവൻ,വിഷ്ണു,ശാസ്താവ്,രക്ഷസ്, വെളിച്ചപ്പാട് എന്നിവർ ഉപദേവതമാരാണ്.പ്രതിഷ്ഠദിനം,നവരാത്രി,മണ്ഡലകാലം,തിരുവുത്സവം,ആയില്യം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.