നക്ഷ് ഇ റുസ്തം

ഇറാനിൽ ഫാർസ് പ്രവിശ്യയിൽ പെർസെപോളിസിന് 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പ
(നക്ഷ് ഇ റോസ്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാനിൽ ഫാർസ് പ്രവിശ്യയിൽ പെർസെപോളിസിന് 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തുകേന്ദ്രമാണ് നക്ഷ് ഇ റുസ്തം (പേർഷ്യൻ: نقش رستم). വിവിധ പുരാതനകാലഘട്ടങ്ങളിലെ ശിലാലിഖിതരേഖകളും, ഹഖാമനീഷിയൻ ചക്രവർത്തിമാരുടെ ശവകുടീരങ്ങളും ഇവിടെ നിലകൊള്ളുന്നു.

നക്ഷ് ഇ റുസ്തം

ഇവിടത്തെ ഏറ്റവും പുരാതനമായ ശിലാചിത്രം, വിചിത്രമായ തലപ്പാവ് ധരിച്ച ഒരു മനുഷ്യന്റെ മങ്ങിയ ചിത്രമാണ്. ഇത് ഈലമൈറ്റുകളാണ് ഇത് രേഖപ്പെടുത്തിയതെന്ന് കരുതുന്നു. ഇത് ഒരു വലിയ ചിത്രത്തിന്റെ ഭാഗമായിരുന്നു. സസാനിയൻ രാജാവായ ബ്രഹാം രണ്ടാമന്റെ കാലത്ത് ഈ ചിത്രത്തിന്റെ കുറേ ഭാഗവും നീക്കം ചെയ്യപ്പെട്ടു. ചിത്രത്തിലെ വിചിത്രമായ തലപ്പാവുകാരൻ, ഇറാനിയൻ ഐതിഹ്യങ്ങളിലേയും ഷാ നാമയിലേയും പ്രധാനകഥാപാത്രമായ റുസ്തം അഥവാ റോസ്തം ആണെന്ന് ഇറാനിയർ കരുതുന്നു. അതുവഴി റുസ്തമിന്റെ ചിത്രം എന്ന അർത്ഥമുള്ള നക്ഷ് ഇ റുസ്തം എന്ന പേര് ഈ സ്ഥലത്തിന് വരുകയും ചെയ്തു.


നാല് ഹഖാമനിഷിയൻ ചക്രവർത്തിമാരുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ ഒന്ന് അതിലെ എഴുത്ത് മൂലം ദാരിയുസ് ഒന്നാമന്റേതാണെന്ന് (ഭരണം: 522-486 ബി.സി.ഇ.) മനസ്സിലാക്കാൻ സാധിക്കും. മറ്റു മൂന്നു കുടീരങ്ങൾ ക്സെർക്സെസ് ഒന്നാമൻ, (ഭ. 486-465 ബി.സി.ഇ.), അർട്ടാക്സെർക്സെസ് ഒന്നാമൻ (ഭ. 465-424 ബി.സി.ഇ.), ദാരിയുസ് രണ്ടാമൻ (ഭ. 423-404 ബി.സി.ഇ.) എന്നിവരുടേതാണെന്ന് കരുതുന്നു. പണിതീരാതെ കിടക്കുന്ന അഞ്ചാമത്തെ ശവകുടീരം അർട്ടാക്ലെർക്സെസ് മൂന്നാമന്റേതോ അവസാന ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയുസ് മൂന്നാമന്റേതാണെന്നോ (ഭ. 336-330 ബി.സി.ഇ.) കരുതുന്നു.

പാറ തുരന്നു നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരങ്ങൾ അതിന്റെ മുഖഭാഗത്തിന്റെ പ്രത്യേകത മൂലം പേർഷ്യൻ കുരിശ് എന്നറിയപ്പെടുന്നു.

വിവിധ സസാനിയൻ ചക്രവർത്തിമാരും തങ്ങളുടെ വിജയഗാഥകൾ വിവിധ ഭാഷകളിൽ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 262-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ അർദാശീറിന്റെ പുത്രനും പിൻ‌ഗാമിയുമായിരുന്ന ഷാപുർ ഒന്നാമന്റെ കൽപ്പനയിൽ ഇവിടെ ഒരു ത്രിഭാഷാലിഖിതം രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യൻ, പാർത്തിയൻ, ഗ്രീക്ക് എന്നിവയാണ് ഇതിലെ ഭാഷകൾ[1].

അവലംബംതിരുത്തുക

  1. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 160. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നക്ഷ്_ഇ_റുസ്തം&oldid=3315320" എന്ന താളിൽനിന്ന് ശേഖരിച്ചത്