ദർബാർ ഗോപാൽദാസ് ദേശായ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗുജറാത്തിലെ സൌരാഷ്ട്രയിലെ ചെറു രാജ്യമായിരുന്ന ധാസയുടെ നാടുവാഴിയായിരുന്നു ഗോപാൽദാസ് അംബൈദാസ് ദേശായ് എന്ന ദർബാർ ദേശായ്. ഗാന്ധിയൻ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തന്റെ രാജകീയ പരിവേഷം ത്യജിച്ച ആദ്യ നാടുവാഴി എന്ന പേരിലും ഇദ്ദേഹം ഓർമിക്കപ്പെടുന്നു.
1887 -ഇൽ ഇന്നത്തെ ഖേഡ ജില്ലയിലെ വാസോ എന്ന ഗ്രാമത്തിൽ ജനിച്ച ദേശായ് ബറോഡ രാജ്യത്തിന്റെ ഇനാംദാർ എന്ന നിലയിൽ ധാസയുടെ നാടുവാഴിയും റായ്, സാങ്ക്ലി എന്നീ ഗ്രാമങ്ങളുടെ താലൂക്ദാരുമായിരുന്നു. പടേൽ ജാതിയിൽ ജനിച്ച ഇദ്ദേഹം അമീൻ, ദേശായ് എന്നീ നാമ സ്ഥാനങ്ങൾ വഹിച്ചു. തന്റെ മാതൃപിതാവായ അംബൈദാസിന്റെ വിയോഗത്തോടെയാണ് ദർബാർ ദേശായ് ധാസയുടെ നാടുവാഴിയാകുന്നത്. പുരോഗമനചിന്താഗതിക്കാരനായിരുന്ന ദേശായ് ധാസയിൽ സൌജന്യ വിദ്യാഭ്യാസത്തിനുള്ള വഴിതുറക്കുകയും, 1915 -ഇൽ ധാസയിലെ ആദ്യ മോണ്ടിസോറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.
ഗാന്ധിയെയും, കോൺഗ്രസിനെയും തുണച്ച ദേശായ് 1921 -ഇൽ കോൺഗ്രസിന്റെ ഖേഡ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തോടുള്ള ദേശായിയുടെ നയത്തെ എതിർത്ത ബ്രിട്ടീഷ് സർക്കാർ 1922 -ഇൽ ദേശായിയുടെ രാജ്യത്തെ ബ്രിട്ടീഷ് ബോംബെയിലേക്ക് കണ്ടുകെട്ടി. 1922 മുതൽ ദേശായിയും അദ്ദേഹത്തിന്റെ പത്നി, ഭക്തിബാ എന്ന ഭക്തി ലക്ഷ്മിദേവി ദേശായിയും മുഴുവൻ സമയ സ്വാതന്ത്ര്യ സമര പ്രവർത്തകരായി. ഗോപാൽദാസിനു ശേഷം അദ്ദേഹത്തിന്റെ മകനായ സൂര്യകാന്തിനെ ധാസയുടെ രാജാവായി വാഴിക്കുവാൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങിയെങ്കിലും തന്റെ അച്ചന്റെ അതേ രാഷ്ട്രിയ നിലപാടുകൾ തന്നെയാണ് തനിക്കും എന്ന് സൂര്യകാന്ത് വ്യക്തമാക്കിയതോടെ ബ്രിട്ടീഷ് സർക്കാർ അതിൽ നിന്നും പിന്മാറി. ഗോപാൽദാസിന്റെ മറ്റു മൂന്നു മക്കളുടെയും കിരീടാവകാശത്തെ അവഗണിച്ചുകൊണ്ട് ഗോപാൽദാസിന്റെ സഹോദരനായ ചതുർഭായിയെ ധാസയുടെ രാജാവായി വാഴിച്ചു.
തന്റെ സ്ഥാനനഷ്ടത്തിനു ശേഷം ബൊർസാഡിലേക്ക് താമസം മാറിയ ഗോപാൽദാസ്, ബൊർസാഡ്, ബർദോളി സത്യാഗ്രഹങ്ങളിൽ പങ്കെടുത്തു. സിവിൽ ഡിസോബീടിയെൻസ് പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഭക്തിബാ സ്വന്തം നിലയിൽ സാമൂഹിക പ്രവർത്തക എന്ന നിലയിൽ പ്രശസ്തിയാർജ്ജിക്കുകയും, പിൽകാലത്ത് ഇളയ മകനായ യോഗ് സുന്ദർ നർത്തകൻ, നൃത്തസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാകുകയും ചെയ്തു.
അയിത്ത നിവാരണത്തിനും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി ഗോപാൽദാസും ഭക്തിബായും അക്ഷീണം പ്രവർത്തിച്ചു. രാജ്കോട്ടിലെ കട്വീബായി വിരാനി കന്യ വിദ്യാലയയുടെ സ്ഥാപനത്തിൽ ഭക്തിബാ പ്രധാന പങ്കു വഹിച്ചു. പോർബന്ദറിലെ ഗാന്ധി സ്മ്രിതിയായ കീർത്തി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ഗോപാൽദാസാണ്.
ഇന്ത്യയുടെ ഭരനഘടന സഭയിലേക്ക് ബാറോഡയിൽ നിന്നുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി നെഹ്രുവാണ് ഗോപാൽദാസിന്റെ കുടുംബത്തിനു അവരുടെ സ്വത്തുക്കളും സ്ഥലങ്ങളും തിരികെ നൽകാൻ ഉത്തരവിട്ടത്. 1951 -ഇൽ ദർബാർ ദേശായി എന്ന ഗാന്ധിയൻ നാടുവാഴി അന്തരിച്ചു.