ദേശീയ വിരവിമുക്ത ദിനം
നവംബർ 26 നാണ് ഭാരതത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നത്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സുവരെയുളള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്.[1] വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ആൽബൻഡസോൾ ഗുളികകൾ നൽകും. ഒന്നുമുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ചാണ് കൊടുക്കുന്നത്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റർ ചെയ്യാത്ത ഒന്നുമുതൽ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാൻ നൽകും.[2] 2015 മുതൽ ദേശീയ വിര വിമുക്ത ദിനം ആചരിക്കുകയും വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകിവരികയും ചെയ്യുന്നു. ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത് നവംബർ 26-നാണ്. ആ ദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസ്സുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകും. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ 3-ന് ഗുളിക നൽകുന്നതാണ്.
നമ്പർ | വയസ് | ഗുളിക |
---|---|---|
1 | 1 മുതൽ 2 വയസ്സുവരെ | അര ഗുളിക (200 മില്ലിഗ്രാം) |
2 | 2 മുതൽ 19 വയസ്സുവരെ | ഒരു ഗുളിക (400 മില്ലിഗ്രാം) |
ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം . മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിനു ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം . അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ് . ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരകളുടെ തോത് കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവ്വമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായോക്കാം.
വിരബാധ
തിരുത്തുകവിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു കുടലുകളിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.
വിരബാധയുടെ ലക്ഷണങ്ങൾ
തിരുത്തുക- മലത്തിൽ വിരകൾ കാണപ്പെടുക
- ഛർദ്ദിലിൽ വിരകൾ കാണപ്പെടുക
- വിളർച്ച
- തളർച്ച, ഉത്സാഹക്കുറവ്
- തൂക്കക്കുറവ്
- മലബന്ധം
- വയറുവേദന
വിരബാധ പകരുന്നതെങ്ങനെ
തിരുത്തുക- പൊതുസ്ഥലത്ത് മലവിസർജ്ജനം ചെയ്യുകയോ വിസർജ്ജ്യങ്ങൾ മണ്ണിൽ നിക്ഷേപിക്കുകയോ ചെയ്യുമ്പോൾ മലത്തിലുളള വിരകളും മുട്ടകളും മണ്ണിൽ കലരുന്നു. വിസർജ്ജ്യം കലർന്ന മണ്ണിൽ കുട്ടികൾ കളിക്കുമ്പോൾ കൈകളിലൂടെയും കാലുകളിലൂടെയും ഇവ കുടലിലെത്തുന്നതാണ്.
- മലദ്വാരത്തിനു ചുറ്റും നഖങ്ങൾ കൊണ്ട് ചൊറിയുമ്പോൾ മുട്ടകളും വിരകളും നഖങ്ങളിലെത്തും. കുട്ടികൾ നഖങ്ങൾ കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ ഇവ കുടലിലെത്തും.
- മലത്തിൽ ഇരുന്ന ഈച്ചകൾ തുറന്നുവെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഇരിക്കുമ്പോൾ വിരകളുടെ മുട്ടകളും ഭക്ഷണത്തിൽ കലരുകയും അവ കുടലിലെത്തുകയും ചെയ്യുന്നു.
- വിസർജ്ജ്യമാലിന്യം കലർന്ന വെളളം തിളപ്പിക്കാതെ ഉപയോഗിക്കുമ്പോഴും വിരബാധയുണ്ടാകാം. വിരബാധയുളള കുട്ടികളുടെ അടിവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും പകരാം.
വിരബാധ എങ്ങനെ തടയാം
തിരുത്തുക- ഭക്ഷണത്തിനു മുൻപും മലവിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
- പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
- മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങൾ ശരിയായി സംസ്‌ക്കരിക്കുക.
- മാംസം നന്നായി പാചകം ചെയ്ത് മാത്രംഉപയോഗിക്കുക.
- കൃത്യമായ ഇടവേളകളിൽ നഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ചും കുട്ടികളുടെ നഖം വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം.
- അടിവസ്ത്രങ്ങൾദിവസേനകഴുകി ഉപയോഗിക്കുക.
- ഭക്ഷണം അടച്ചു സൂക്ഷിക്കുക.
- തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
- തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക.
- വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക.
- ആറുമാസത്തിലൊരിക്കൽ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക.
കേരളത്തിൽ
തിരുത്തുകകേരളത്തിൽ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനാചരണ പരിപാടി.
അവലംബം
തിരുത്തുക- ↑ https://prd.kerala.gov.in/ml/node/275566
- ↑ "സുപ്രഭാതം". February 9, 2017. Retrieved 10.2.2017.
{{cite news}}
: Check date values in:|access-date=
(help)