ഭാരതത്തിന്റെ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന രേഖയാണ് ദേശീയ വിദ്യാഭ്യാസ നയം 2019. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് 2019 ജൂണിൽ മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്കിന് ഡോ. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് കൈമാറി. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ.സുബ്രഹ്മണ്യം അധ്യക്ഷനായ സമിതിയാണു ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആദ്യ കരടു സമർപ്പിച്ചത്. 2016 ലായിരുന്നു ഇത്. സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നു വിമർശനങ്ങളുയർന്നതോടെ 2017ൽ ഐഎസ്ആർഒ മുൻ മേധാവി ‍ഡോ. കെ.കസ്തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു.[1]

ദേശീയ വിദ്യാഭ്യാസ നയം 2019 കരട് രേഖയുടെ പുറം ചട്ട

അംഗങ്ങൾ

തിരുത്തുക

മുംബൈ എസ്എൻഡിടി സർവകലാശാല വൈസ് ചാൻസലർ വസുധ കാമത്ത്, പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിശാസ്ത്ര അധ്യാപകൻ മഞ്ജുൾ ഭാർഗവ, ബാബ സാഹേബ് അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ രാം ശങ്കർ കുരീൽ, അമർകാന്തക് ട്രൈബൽ സർവകലാശാല വൈസ് ചാൻസലർ ടി.വി. കട്ടമണി, ഗുവാഹത്തി സർവകലാശാലയിലെ പേർഷ്യൻ അധ്യാപകൻ മഹ്സർ ആസിഫ്, കെ.എം. ത്രിപാഠി, സിഎബിഎ അംഗം എം.കെ. ശ്രീധർ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ.

പ്രധാന നിർദ്ദേശങ്ങൾ

തിരുത്തുക

10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശ. 1968ലെ വിദ്യാഭ്യാസ നയമായ 10+2 സംവിധാനം മാറ്റിയാണ് പുതിയ നയം. ഹയർ സെക്കൻഡറി വിഭാഗം ഒഴിവാക്കി 11, 12 ക്ലാസ്സുകളെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. മൂന്നു മുതൽ എട്ടു വയസ്സു വരെയുള്ള ആദ്യ ഘട്ടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും, ഒന്ന്, രണ്ട് ക്ലാസ്സുകളും ഉൾപ്പെടും. മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകൾ ഉൾപ്പെടുന്ന ലേറ്റർ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി ഘട്ടം മൂന്നാമത്തേതും. 10, 11, 12 ക്ലാസ്സുകൾ ഉൾപ്പെടുന്ന സെക്കൻഡറി ലെവൽ നാലാമത്. സെക്കൻഡറിയിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരംതിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കണം.

19 പ്രധാന നിർദ്ദേശങ്ങളാണു സമിതി സമർപ്പിച്ചത്.

∙ പാഠ്യ, പാഠ്യേതര വേർതിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോർട്സ്, യോഗ, സാമൂഹികസേവനം എന്നിവയെല്ലാം പാഠ്യവിഷയങ്ങളാകണം. ∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുല്യ പരിഗണന. സ്വകാര്യ സ്ഥാനങ്ങളിൽ ഫീസ് വർധനയ്ക്കു കർശന വ്യവസ്ഥകൾ. ∙ ബിരുദ കോഴ്സുകളുടെ സമഗ്ര പുനഃസംഘടന. ∙ അധ്യാപനത്തിനുള്ള മിനിമം യോഗ്യത 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ്. ∙ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ശിക്ഷാ ആയോഗ്. ∙ പ്രഫഷനൽ വിദ്യാഭ്യാസ മേഖലകൾക്ക് പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ. ∙ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ദേശീയ റിസർച് ഫൗണ്ടേഷൻ ∙ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റി.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന ഉന്നതാധികാര സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ശിക്ഷ ആയോഗ് അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കാം. സെക്കൻഡറി സ്‌കൂൾ പാഠ്യപദ്ധതിയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലധിഷ്ഠിത കോഴ്സുകൾ നിർബന്ധമാക്കണം. നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം രൂപീകരിക്കണം. പാലി, പേർഷ്യൻ, പ്രാകൃത് എന്നീ ഭാഷകളുടെ ഉന്നമനത്തിനു വേണ്ടി മൂന്നു പുതിയ ദേശീയ സ്ഥാപനങ്ങൾ, വിവർത്തനത്തിനും വ്യാഖ്യാനത്തിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ) എന്നിവ സ്ഥാപിക്കണം.[2]

വിമർശനങ്ങൾ

തിരുത്തുക

വിദ്യാഭ്യാസമേഖലയെ മുഴുവൻ കേന്ദ്രീകൃത സംവിധാനത്തിന‌് കീഴിലാക്കുക, കോർപറേറ്റ‌്‌ വൽക്കരണം സുഗമമാക്കുക, ശാസ‌്ത്രീയ മനോഭാവത്തിന‌ു പകരം തീവ്രദേശീയത അടിച്ചേൽപ്പിക്കുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ ഉറപ്പാക്കുന്നതാണ‌് കരട് നയത്തിലെ ശുപാർശക‌ൾ എന്ന് ഇടതു പക്ഷ വിദ്യാഭ്യാസ വിചക്ഷണർ വിമർശനമുന്നയിച്ചു. കരട‌് നയത്തിലെ നാഷണൽ റിസർച്ച‌് ഫൗണ്ടേഷൻ എന്ന ആശയത്തിലൂടെ ഗവേഷണവിഷയങ്ങളെ സർക്കാരിന്റെ താൽപ്പര്യാനുസരണം നിയന്ത്രിക്കാനുള്ള നീക്കമാണെന്ന‌ും ലാഭകരമല്ലാത്ത സ‌്കൂളുകൾ പൂട്ടാനും പൊതുവിദ്യാലയങ്ങൾ ഏകോപിപ്പിച്ച‌് ‘സ‌്കൂൾ കോംപ്ലക‌്സുകൾ’ രൂപീകരിക്കാനുമുള്ള നിർദ്ദേശം സ്വകാര്യവിദ്യാഭ്യാസ ലോബിയെ സഹായിക്കുമെന്നും വിമർശനമുണ്ടായി. [3]

  1. https://www.manoramaonline.com/news/india/2019/06/02/new-education-policy-after-50-years.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-08. Retrieved 2019-07-08.
  3. https://www.deshabhimani.com/news/national/central-educational-bill/805269

പുറം കണ്ണികൾ

തിരുത്തുക