ദേവസ്വം സെറ്റിൽമെന്റ് വിളംബരം

നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ പിൽക്കാലത്ത‌് പൊതുക്ഷേത്രങ്ങളായത‌്. തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം സർക്കാർ ഏറ്റെടുത്തത് ആദ്യ ഇഎംഎസ‌് സർക്കാർ അധികാരത്തിലേറുന്നതിന‌് 146 വർഷംമുമ്പ‌് 1811 ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിലാണ‌്. കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.

1897ൽ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907ൽ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാൻഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏൽപ്പിച്ചു. 1906 ൽ ‘ദേവസ്വം സെറ്റിൽമെന്റ്' വിളംബരം പുറപ്പെടുവിച്ചു.

ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കപ്പെട്ടു. മൂലം തിരുനാൾ രാമവർമ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പിൽനിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏപ്രിൽ 12ന് ‘ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവർഷം (1098) ആരംഭം മുതൽ ദേവസ്വം വകുപ്പ് ഒരു കമീഷണറുടെ ചുമതലയിലാക്കി. ആകെ ഭൂനികുതി വരുമാനത്തിന്റെ 40 ശതമാനത്തിൽ കുറയാത്ത തുക ‘ദേവസ്വം ഫണ്ട്' എന്ന പേരിൽ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946 ഓടെ ദേവസ്വങ്ങൾക്ക് സർക്കാർ നൽകേണ്ട പ്രതിവർഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.