ദേവയാനി ഘോബ്രഗഡെ സംഭവം

അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയും തമ്മിലുണ്ടായ നയതന്ത്ര ഉരസൽ

2013 ഡിസംബർ മാസത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു നയതന്ത്ര തർക്കം ഉണ്ടാകാൻ കാരണമായ സംഭവങ്ങളെയാണ് ദേവയാനി ഘോബ്രഗഡെ സംഭവം എന്ന് വിളിക്കുന്നത്. 2013 ഡിസംബർ മാസം പതിനൊന്നാം തീയതി ന്യൂയോർക്കിലെ [1]ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജെനറൽ ദേവയാനി ഘോബ്രഗഡെയെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്ത് നഗ്നയാക്കി ശരീരപരിശോധന നടത്തുകയും പിന്നീട് രണ്ടര ലക്ഷം ഡോളർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തതോടെയാണ് ഈ സംഭവത്തിന്റെ തുടക്കം. ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാർഡിന്റെ വിസ അപേക്ഷയിൽ വ്യാജമായ വിവരങ്ങൾ നൽകി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കയും ഡെൽഹിയിലെ അമേരിക്കൻ നയതന്ത്രകാര്യാലയത്തിനെതിരെ ചില പ്രതിനടപടികൾ എടുക്കയും ചെയ്തതോടെ ഈ സംഭവം വ്യാപകമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.[2]

പശ്ചാത്തലം

തിരുത്തുക

ദേവയാനി ഘോബ്രഗഡേ (39 വയസ്സ്) ഇന്ത്യൻ ഫോറിൻ സർവീസിലെ 1999 ബാച്ചിലെ ഒരു ഓഫീസറാണ്. 2012 നവംബർ മാസത്തിൽ സംഗീത റിച്ചാർഡ് (42 വയസ്സ്) എന്ന സ്ത്രീ ദേവയാനിയുടെ ന്യൂയോർക്കിലെ വീട്ടിൽ വീട്ട്ജോലിക്ക് കരാറിലേർപ്പെട്ടു. ദേവയാനിയുടെ വീട്ടിൽ അവരുടെ ഭർത്താവ് ആകാശ് സിങ് രാത്തോറും, സ്കൂളിൽ പോകുന്ന നാലും ഏഴും വയസ്സുള്ള രണ്ട് പെണ്മക്കളുമാണുള്ളത്. ദേവയാനിയുടെ ഭർത്താവ് ആകാശ് സിങ് രാത്തോർ ഒരു അമേരിക്കൻ പൗരനും പെൻസില്വേനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ ഫിലോസഫി പ്രൊഫസ്സറുമാണ്.

മാസം 30,000 ഇന്ത്യൻ രൂപ (അടിസ്ഥാന ശമ്പളം 25,000 രൂപ ഓവർടൈം വേതനം 5,000 രൂപ), താമസവും ഭക്ഷണവുമാണ് സംസാരിച്ചു സമ്മതിച്ച ശമ്പളം. എന്നാൽ സംഗീതയുടെ അമേരിക്കയ്ക്കുള്ള വിസ അപേക്ഷയോടൊപ്പം വച്ച കരാറിൽ അവിടെ നിലവിലുള്ള മിനിമം വേതനമാണ് കാണിച്ചത്. ഈ മിനിമം വേതനം ഏതാണ്ട് മാസം മൂന്നേകാൽ ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയുടെ വീട്ട്ജോലിക്കുള്ള യാത്രയായതിനാൽ ഔദ്യോഗിക (ഡിപ്ലോമാറ്റിക് പാസ്പോർട്ട്) പാസ്പോർട്ട് ഉപയോഗിച്ചാണ് സംഗീത റിച്ചാർഡ് അമേരിക്കയ്ക്ക് പോയത്. പോകുന്നതിനു മുൻപ് സംഗീതയെ കൊണ്ട് മാസം 30,000 രൂപയുടെ മറ്റൊരു കരാറിൽ ഒപ്പു വയ്പ്പിച്ചു എന്നും അതിൽ അവധി, ജോലി സമയം എന്നിവ കാണിച്ചിട്ടില്ലായിരുന്നും എന്നാണ് സംഗീത പിന്നീട് അമേരിക്കയിൽ വച്ച് കൊടുത്ത പരാതിയിൽ ആരോപിച്ചത്. [3]

സംഗീതയുടെ തിരോധാനം

തിരുത്തുക

2013 ജൂൺ 21ന് ദേവയാനി മക്കളെ സംഗീതയുടെ മേൽനോട്ടത്തിൽ വിട്ട് ന്യൂയോർക്ക് വിട്ട് ഒരു ദീർഘയാത്രയിൽ പോകേണ്ടി വന്നു. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ സംഗീത വീടു വിട്ടു പോയതായി കണ്ടു. ഉടനെ തന്നെ സംഗീതയെ കാണാനില്ലെന്ന് ദേവയാനി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെ കീഴിലുള്ള ഓഫീസ് ഒഫ് ഫോറിൻ മിഷൻസിനെ അറിയിച്ചു. ഓഫീസ് ഒഫ് ഫോറിൻ മിഷൻസ് ദേവയാനിയോട് ഒരു ന്യൂയോർക്ക് പോലീസിൽ ഒരു കാണ്മാനില്ല റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ന്യൂയോർക്ക് പോലീസാകട്ടെ അടുത്ത ബന്ധുക്കൾക്കേ മാൻ മിസ്സിങ്ങ് കേസ് ഫയൽ ചെയ്യാൻ അവകാശമുള്ളൂ എന്ന് പറഞ്ഞു പരാതി ഫയലിൽ സ്വീകരിച്ചില്ല.

സംഗീത വക്കീലിന്റെ സഹായത്തോടെ ദേവയാനിയെ സമീപിക്കുന്നു

തിരുത്തുക

2013 ജൂലായ് ഒന്നാം തീയതി സംഗീതയുടെ വക്കീൽ എന്നവകാശപ്പെട്ട ഒരാൾ ദേവയാനിയെ ഫോൺ ചെയ്തു സംഗീതയെ ദേവയാനി ദിവസവും പത്തൊമ്പത് മണിക്കൂർ ജോലി ചെയ്യിപ്പിച്ചു എന്നും അതിനാൽ നഷ്ടപരിഹാരമായി പതിനായിരം ഡോളർ നൽകുകയും, സംഗീതയുടെ പാസ്പോർട്ട് സാധാരണ പാസ്പോർട്ടാക്കി മാറ്റി അവരെ അമേരിക്കയിൽ ജോലി ചെയ്തു ജീവിക്കാൻ വേണ്ടി ദേവ്യാനിയുടെ വീട്ടുജോലിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി ദേവയാനി അയാളോട് മറഞ്ഞിരുന്നു ഫോൺ ചെയ്യാതെ നേരിട്ട് വന്നു സംസാരിക്കാൻ നിർദ്ദേശിച്ചു. പിന്നീടവർ ഈ സംഭവത്തെപ്പറ്റി ന്യൂയോർക്ക് പോലീസിൽ പരാതി കൊടുത്തു ഫോൺ ചെയ്ത ആളെ ട്രേസ് ചെയ്യണം എന്നാവശ്യപ്പെട്ടു. ഈ സംഭവം ഇന്ത്യൻ സർക്കാർ ഡെൽഹിയിലെ ഇന്ത്യൻ എംബസ്സിയെ അറിയിക്കയും. വാഷിങ്ങ്ടണിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിനെ അറിയിക്കയും ചെയ്തു.

2013 ജൂലായ് എട്ടാം തീയതി ആക്സസ് ഇമിഗ്രേഷൻ എന്ന അഭിഭാഷക സ്ഥാപനം ദേവയാനിയെ സംഗീതയുടെ കാര്യം ചർച്ച ചെയ്യാൻ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഈ കൂടിക്കാഴ്ചയിൽ ദേവയാനി, സംഗീത, സംഗീതയുടെ വക്കീൽ എന്നിവർക്കു പുറമേ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ കൂടിക്കാഴ്ചയിൽ സംഗീത നേരത്തെ ഫോൺ ചെയ്ത അജ്ഞാതൻ പറഞ്ഞ അതേ ആവശ്യങ്ങൾ വീണ്ടും ആവർത്തിച്ചു. ദേവയാനിയും കൂട്ടരും സംഗീതയോട് ഇന്ത്യയിൽ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. അവർ അമേരിക്കയിൽ വന്നത് ഒഫീഷ്യൽ പാസ്പോർട്ടിലായത്കൊണ്ട് തിരിച്ചുപോയതിനുശേഷമേ സാധാരണ പാസ്പോർട്ട് എടുക്കാൻ പറ്റൂ എന്നവർ സംഗീതയോട് പറഞ്ഞു. ഇതിനിടെ സംഗീതയുടെ ഭർത്താവ് ഫിലിപ് റിച്ചാർഡ് ഡെൽഹിയിൽ ദേവയാനിക്കെതിരെ കോടതിയിൽ ഒരു പരാതി കൊടുത്തു. സംഗീതയെ അന്യായമായി ന്യൂയോർക്ക് പോലീസിനെകൊണ്ട് പിടിപ്പിച്ചു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നായിരുന്നു പരാതി. നാലു ദിവസം കഴിഞ്ഞു അയാൾ തന്നെ ഈ പരാതി പിൻവലിച്ചു.

ഇതിനുശേഷം ഇന്ത്യൻ സർക്കാർ സംഗീതയുടെ ഔദ്യോഗിക പാസ്പോർട്ട് റദ്ദാക്കിയതായി പ്രഖ്യാപിക്കയും സംഗീതക്കെതിരെ കോടതിയിൽ വഞ്ചന, അന്യായമായി പണം പിടുങ്ങാനുള്ള ശ്രമം എന്നീ വകുപ്പുകൾക്ക് ഒരു പരാതി സമർപ്പിക്കയും 2013 നവമ്പർ 19ന് കോടതി സംഗീതയ്ക്കെതിരെ ഒരു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിക്കയും ചെയ്തു. ഡിസംബർ പത്താം തിയതി സംഗീതയുടെ ഭർത്താവും രണ്ട് മക്കളും അമേരിക്കയ്ക്ക് പറന്നു. മനുഷ്യക്കടത്തിനിരയാവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സംരക്ഷണം നൽകാനുപയോഗിക്കുന്ന റ്റി വിസയിലാണ് അവർ അമേരിക്കയ്ക്ക് പോയത്. ടിക്കറ്റിന്റെ പണം നൽകിയത് ഡെൽഹിയിലെ അമേരിക്കൻ എംബസ്സിയായിരുന്നു.

ദേവയാനിയുടെ അറസ്റ്റ്

തിരുത്തുക

ഫിലിപ്പ് റിച്ചാർഡും മക്കളും അമേരിക്കയ്ക്ക് പറന്നതിനടുത്ത ഡിസംബർ പത്താം തീയതി മക്കളെ സ്കൂളിൽ കൊണ്ടാക്കുന്നവേളയിൽ അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ ഉദ്യോഗസ്ഥർ ദേവയാനിയെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ മുൻപിൽ വച്ച് കൈയ്യാമം ഇടീച്ചില്ല എന്നാണ് അറസ്റ്റ് വാറണ്ടിനപേക്ഷിച്ച തെക്കൻ ന്യൂയോർക്കിന്റെ പബ്ലിക് പ്രോസിക്യൂട്ടർ പ്രീത് ഭറാറ അവകാശപ്പെടുന്നത്. കുട്ടികളുടെ മുൻപിൽ വച്ച് കൈയാമം ഇടീച്ചോ ഇല്ലയോ എന്ന് പത്ര റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമല്ല. അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ ഉദ്യോഗസ്ഥർ ദേവയാനിയെ യു എസ് മാർഷൽ സർവീസിനു കൈമാറി. മാൻഹറ്റണിലെ കോടതി സമുച്ചയത്തിൽ വച്ച് യു എസ് മാർഷൽ സർവീസ് ദേവയാനിയെ നഗ്നയാക്കി ദേഹപരിശോധന നടത്തുകയും അവിടത്തെ ലോക്കപ്പിൽ മറ്റ് തടവുകാരോടൊപ്പം ലോക്കപ്പ് സെല്ലിൽ അടയ്ക്കുകയും ചെയ്തു. അന്ന് വൈകുന്നേരം നാല് മണിക്ക് കോടതി രണ്ടര ലക്ഷം ഡോളർ ജാമ്യത്തിന് അവരെ വിട്ടയച്ചു.

പ്രതിഷേധവും പ്രത്യാഘാതവും

തിരുത്തുക

ഈ സംഭവം വ്യാപകമായ മാധ്യമശ്രദ്ധ പിടിച്ചു പറ്റി. ഭാരതസർക്കാർ, ഇക്കാര്യത്തിലുള്ള പ്രതിഷേധവും ഉൽകണ്ഠയും അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിനെ അറിയിച്ചു. ഇന്ത്യ അമേരിക്കൻ സർക്കാരിനോട് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതൊരു നിയമപ്രശ്നമാണെന്ന് പറഞ്ഞു അമേരിക്കൻ സർക്കാർ കേസ് പിന്വലിക്കാൻ വിസമ്മതിച്ചു. അതിനെ തുടർന്ന് ദില്ലിയിലെ അമേരിക്കൻ എംബസ്സിയിലെ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന പല ആനുകൂല്യങ്ങളും പിൻവലിച്ച ഭാരതസർക്കാർ, ഇനി മുതൽ എല്ലാ നയതന്ത്ര ആനുകൂല്യങ്ങളും കർശനമായ പരസ്പരതയുടെ (reciprocity) അടിസ്ഥാനത്തിലാകുമെന്ന് പ്രഖ്യാപിച്ചു.

  1. ഗാർഡിയൻ പത്രം
  2. ഇന്ത്യൻ നയതന്ത്രജ്ഞയെ യു.എസ്സിൽ അറസ്റ്റ് ചെയ്തു Archived 2013-12-17 at the Wayback Machine., 2013 ഡിസംബർ 14-നു മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത
  3. ഫൈനാൻഷ്യൽ ടൈംസ്

കൂടുതൽ വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവയാനി_ഘോബ്രഗഡെ_സംഭവം&oldid=3805347" എന്ന താളിൽനിന്ന് ശേഖരിച്ചത്