ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് രചിച്ച മൂന്നാമത്തെ നോവലാണ് ദൃഷ്ടി പ്രദീപ് (ബംഗാളി: দৃষ্টি প্রদীপ)[1]. 1935-ലാണ് ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1965-ൽ ഛോട്ടോദേർ ദൃഷ്ടി പ്രദീപ് എന്ന പേരിൽ ഈ നോവലിന്റെ സംക്ഷിപ്തരൂപം പുറത്തിറങ്ങി.

കഥാസംഗ്രഹം

തിരുത്തുക

അച്ഛന്റെ ജോലി നഷ്ടമായതോടെ ഉളവായ പ്രതികൂല സാഹചര്യങ്ങളിൽ മാതാപിതാക്കളോടൊപ്പം ബന്ധുവീട്ടിൽ അഭയം തേടേണ്ടി വന്നവരാണ് നിതായിയും ജിതേനും സീതയും. തങ്ങളുടെ ശോചനീയസ്ഥിതിയെപ്പറ്റിയുളള വീട്ടുകാരുടെ കുത്തുവാക്കുകൾ അവർക്കു നിരന്തരം സഹിക്കേണ്ടി വരുന്നു. അസാധാരണമായ ദൃശ്യങ്ങൾ ദൃഷ്ടി ഗോചരമാകുന്ന ജീതുവിന്റെ അതിന്ദ്രിയ ദൃഷ്ടിയുടെ കഥ കൂടിയാണ് ദൃഷ്ടി പ്രദീപ്. നിരാശയും ഭാവിയെക്കുറിച്ചുളള ആശങ്കകളും മൂലം അച്ഛൻ മാനസിക വിഭ്രാന്തിയിലേക്ക് വഴുതി വീഴുന്നതും മരണമടയുന്നതും അമ്മയും മക്കളും മൂകസാക്ഷികളായി കണ്ടു നില്ക്കുന്നു. വളരുന്തോറും ജിതുവിന്റെ മനസ്സിൽ മതങ്ങളെയും മതാനുഷ്ഠാനങ്ങളേയും കുറിച്ചുളള സംശയങ്ങളും ചോദ്യങ്ങളും പൊന്തിവരുന്നു. ബന്ധുക്കളുടെ സഹായത്തോടെ കോളേജ് പഠനം തുടർന്നെങ്കിലും മുഴുമിക്കാനാകുന്നില്ല. ഉത്കർഷേച്ഛുവായ ഇളയ സഹോദരി സീതക്ക് തുടർന്നു പഠിക്കാനല്ല, രണ്ടാം ഭാര്യയായി ജീവിതം തുടരാനായിരുന്നു വിധി. അസ്വസ്ഥചിത്തനായി, ഉത്തര വാദിത്വ ബോധമില്ലാതെ അലഞ്ഞു തിരിയുന്ന ജിതേൻ മരണസമയത്ത് അമ്മയുടെ സമീപം ചെന്നെത്തുന്നു. ജ്യേഷ്ഠന്റെ അകാലമരണത്തിനു ശേഷം വിധവയായ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചുമതല ജീതു ഏറ്റെടുക്കുന്നു. നഷ്ടവസന്തങ്ങളെക്കുറിച്ച് ദുഃഖിക്കുകയല്ല, വരാനിരിക്കുന്ന ഋതുഭേദങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ് ജീവിതം എന്ന് ജീതു ബോധവാനാകുന്നിടത്ത് നോവൽ അവസാനിക്കുന്നു.

  1. Bibhutibhushan Upanyas Samagra-Vol I. Mitra & Ghosh,Kokata. 2005.
"https://ml.wikipedia.org/w/index.php?title=ദൃഷ്ടി_പ്രദീപ്&oldid=1789145" എന്ന താളിൽനിന്ന് ശേഖരിച്ചത്