ദുക്കഡ് (വാദ്യം)

(ദുക്കഡ്(വാദ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ താളവാദ്യമാണ് ദുക്കഡ്. ഇതിന് ഖുർദക്ക് എന്നും പേരുണ്ട്. അടിഭാഗത്തെ അപേക്ഷിച്ച് മുകൾഭാഗത്തിന് വീതി കൂടുതൽ ഉള്ളതും മണ്ണിലോ മരത്തിലോ ലോഹത്തിലോ നിർമ്മിച്ചവയുമാണിവ. കൈകൊണ്ടോ പ്രത്യേകം തയ്യാറാക്കിയ മരക്കമ്പ് കൊണ്ടോ ആണ് വായിക്കുന്നത്. കയ്യിൽ പിടിച്ച് വായിക്കാവുന്ന വലിപ്പം മുതൽ നിലത്ത് ഉറപ്പിച്ച് വെച്ച് ഉപയോഗിക്കുന്ന ഭീമാകാരമായ വലിപ്പമുള്ളവ വരെ വലിപ്പത്തിന്റെ കാര്യത്തിൽ വൈവിദ്ധ്യം ഉണ്ട്. ഗോത്രസംഗീതത്തിലും നാടൻ പാട്ടുകളിലുമാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നത്.

വേദ സാഹിത്യത്തിൽ പരാമർശിക്കപ്പെടുന്ന ദുന്ദുഭി ദുക്കഡിന്റെ വകഭേദമാണ്. നിലത്ത് ഉണ്ടാക്കിയ കുഴിയിൽ വാലോടുകൂടിയ കാളത്തോൽ ഉറപ്പിച്ച് ആ വാലുകൊണ്ട് വായിക്കുന്ന രൂപത്തിലുള്ള ഭൂമിദുന്ദുഭി ആയിരുന്നിരിക്കണം ആദ്യത്തെ ദുന്ദുഭി. പിന്നീട് നിലത്തുള്ള കുഴിക്ക് പകരം മൺപാത്രങ്ങൾ ഉപയോഗിക്കുകയും കൊണ്ടുനടക്കുന്നതിനും കഴുത്തിൽ തൂക്കി വായിക്കുന്നതിനും ഉള്ള സൗകര്യത്തിനായി വലിപ്പം കുറയ്ക്കുകയും ചെയ്തു. പുരാതന കാലത്ത് ഈ വാദ്യങ്ങൾ യുദ്ധത്തിലും ദേവാരാധനയിലും സമയം അറിയിക്കാനും ഉപയോഗിച്ചുപോന്നു. പല പുരാതന ക്ഷേത്രങ്ങളിലും ഇന്നും ഇരുമ്പ്, ചെമ്പ്, പിത്തള എന്നിവയിൽ നിർമിച്ച കൂറ്റൻ വാദ്യോപകരണങ്ങൾ സൂക്ഷിക്കുന്നുണ്ട്. മദ്ധ്യകാലഘട്ടത്തിൽ ഇവ നഖര, നാഗര എന്നീ പേരുകളിൽ അറിയപ്പെട്ടു.

ശഹനായിയോടൊപ്പം ഈ വാദ്യം പരമ്പരാഗതമായി വായിച്ചു വരുന്നു. ശഹനായിക്ക് അഭിജാത പദവി ലഭിച്ചതോടെ കൂടുതൽ പരിഷ്കരിച്ച ചെറിയ രൂപം ദുക്കഡ് അല്ലെങ്കിൽ ഖുർദക്ക് എന്ന പേരിൽ അറിയപ്പെട്ടു. സാധാരണയായി ഇവ ജോടിയായാണ് ഉപയോഗിക്കുന്നത്. ഉയർന്ന സ്ഥായിയിലുള്ള ശബ്ദം ഉണ്ടാക്കുന്നതും താരതമ്യേന ചെറിയതുമായ ഝീലും(സ്ത്രീ) താഴ്ന്ന സ്ഥായിയിലുള്ള ശബ്ദമുണ്ടാക്കുന്ന വലിയ ഡഗ്ഗയും(പുരുഷൻ). ചിലപ്പോൾ ഡഗ്ഗയ്ക്ക് തബലയിലേതു പോലെ മഷി പതിക്കാറുണ്ട്. മഷി ഇല്ലാത്ത രീതിയിലും ഉപയോഗിച്ചു വരുന്നു. പിൽക്കാലത്ത് ശഹനായിയോടൊപ്പം വ്യാപകമായി തബല ഉപയോഗിച്ചു തുടങ്ങിയെങ്കിലും ബിസ്മില്ലാ ഖാനെപ്പോലെ ഉള്ള സംഗീതജ്ഞർ ശഹനായിക്കൊപ്പം മുഴക്കം കുറഞ്ഞ ഖുർദക്ക് ആണ് ഇഷ്ടപ്പെട്ടിരുന്നത്. [1]

  1. Kasliwal, Dr.Suneera (2001). CLASSICAL MUSICAL INSTRUMENTS. Daryaganj, New Delhi: Rupa&Co. pp. 44 to 47. ISBN ISBN 8129104253. {{cite book}}: Check |isbn= value: invalid character (help)
"https://ml.wikipedia.org/w/index.php?title=ദുക്കഡ്_(വാദ്യം)&oldid=3779795" എന്ന താളിൽനിന്ന് ശേഖരിച്ചത്