ആസ്ടെക്കുകളുടെ മഴദൈവമാണ് ത്‌ലാലോക്ക്. ഉർവരതയുടെയും ദൈവവും അദ്ദേഹം തന്നെ. വെള്ളപ്പൊക്കങ്ങൾക്കും വരൾച്ചകൾക്കും കാരണക്കാരനായ ത്‌ലാലോക്കിനെ ആസ്ടെക്കുകൾ വല്ലാതെ ഭയപ്പെട്ടിരുന്നു. ദംഷ്ട്രകളും ഉണ്ടക്കണ്ണുമുള്ള കായാമ്പൂവർണനായാണ് ആസ്ടെക്കുകൾ അവരുടെ മഴപ്പെരുമാളിനെ ചിത്രീകരിച്ചിട്ടുള്ളത്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ അവർ കുട്ടികളെ ബലികൊടുത്തിരുന്നു. ബലിക്കുമുമ്പ് ഇരകളുടെ കണ്ണീർ ഒരു പാത്രത്തിൽ ശേഖരിച്ച് ദേവനു നിവേദിക്കുന്ന പതിവുമുണ്ടായിരുന്നു. പൂക്കളുടെ ദേവിയായ സോചികെറ്റ്സലിനെയാണ് ത്‌ലാലോക്ക് കല്യാണം കഴിച്ചത്. എന്നാൽ ദേവിയെ തെസ്കാറ്റ്‌ലിപോക്ക തട്ടിക്കൊണ്ടു പോയി. പിന്നീട്, ചാൽചിയു ത്‌ലികുയിയെ ത്‌ലാലോക്ക് ജീവിതസഖിയാക്കി. ഭൂമിക്കുമുകളിലുള്ള ലോകങ്ങളിൽ നാലാമത്തേതായ ത്‌ലാലോകം ഭരിക്കുന്നത് ത്‌ലാലോക്കാണ്. നിത്യമായ വസന്തകാലവും പച്ചമരങ്ങളുടെ സ്വർഗ്ഗഭൂമിയുമാണ് ത്‌ലാലോകം. വെള്ളവുമായി ബന്ധപ്പെട്ടു മരിച്ചവർ ഈ ലോകത്തെത്തും. മുങ്ങി മരിച്ചവർ, മിന്നലേറ്റു മരിച്ചവർ, ജലജന്യരോഗങ്ങൾ പിടിച്ചുമരിച്ചവർ തുടങ്ങിയവർ. മായന്മാരുടെ ചാക്കും സപ്പോടെക്കുകളുടെ കൊക്ജിയോയും മഴദൈവങ്ങൾ തന്നെ.

ത്‌ലാലോക്ക്, ഒരു ചിത്രീകരണം
"https://ml.wikipedia.org/w/index.php?title=ത്‌ലാലോക്ക്&oldid=2393955" എന്ന താളിൽനിന്ന് ശേഖരിച്ചത്