തിരുവനന്തപുരം ജില്ലയിലെ കരമനയാറ്റിന്റെ തീരത്ത് തമലത്താണ് ത്രിവിക്രമമംഗലം വാമനമൂർത്തിക്ഷേത്രം. കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽപ്പെട്ടതാണ് ഈ ക്ഷേത്രം. ശില്പകലയ്ക്ക് പേരു കേട്ടതാണ് ഈ ക്ഷേത്രം. ശ്രീകോവിലിന്റെ താഴത്തെ ചുണ്ണാമ്പ് പ്ലാസ്റ്ററിട്ട ചുവരുകളിലുള്ള ചുവർച്ചിത്രങ്ങൾ ഏതാണ്ട് കേടായ നിലയിലാണ്. പുരാവസ്തു വകുപ്പ് 2005-ൽ വടക്കൻ മതിലിലെ ചില ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ചു.[1]

ചരിത്രം

തിരുത്തുക

എണ്ണൂറോളം വർഷങ്ങൾക്ക് മുൻപ് ചോളരാജവംശത്തിലെ വിക്രമൻ എന്ന നാട്ടുരാജാവിനുവേണ്ടി വിഴിഞ്ഞത്തുള്ള പുട്ടൻ വിക്രമൻ വീരചെട്ടിയാർ ആണ് ഈ ക്ഷേതം പണിതത് എന്നതിന് രേഖകളുണ്ട്.[2] വിക്രമൻ വീരചെട്ടിയാരുടെ പേരിൽ നിന്നാണ് ത്രിവിക്രമമംഗലം എന്ന പേരുണ്ടായതെന്ന് ചരിത്രകാരന്മാർ സംശയിയ്ക്കുന്നു.

മൂന്ന് നിലകളുള്ളതും ടൈലുകൾ കൊണ്ട് പൊതിഞ്ഞതുമാണ് ക്ഷേത്രത്തിൻറെ ശ്രീകോവിൽ. കരമന ആറ്റിന്റെ തീരത്തുനിന്നും ഏകദേശം 50 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ ഉദ്ദേശം 5 അടിയോളം കട്ടികരിങ്കലിൽ നിർമിച്ചിട്ടുള്ളതും മുൻഭാഗം ലാറ്ററൈറ്റ് കട്ടകൾ കൊണ്ട് നിർമിച്ചിട്ടുള്ളതുമാണ്. പുരാതനമായ നൃത്തവിന്യാസങ്ങൾ കല്ലിൽ കൊത്തിയ ശിൽപ്പങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ചില നൃത്തരൂപങ്ങൾ ഭരതനാട്യ ശാസ്ത്രാനുസരണമുള്ള അർഥമദദളി സമ്പ്രദായതിലുള്ളതാണ്. കരിങ്കല്ലിൽ തീർത്ത രണ്ട് ദ്വാരപാലകന്മാരെ ഗർഭഗൃഹത്തിന്റെ ഇരുവശങ്ങളിലും കൊത്തിവച്ചിരിക്കുന്നു. ഈ ശിൽപങ്ങളുടെ നാസിക വികൃതമാക്കിയിട്ടുണ്ട്. ചവിട്ടുപടികളുടെ പാർശ്വങ്ങളിൽ കൊത്തുപണികളോട് കൂടിയുള്ള മുന്ന് ചിത്രഫലകങ്ങളുണ്ട്. ഇതിന്റെ പകർപ്പ് തിരുവനന്തപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 6 അടിയിൽ കൂടുതൽ ഉയരമുള്ള വാമനാവതാര വിഗ്രഹമാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലുള്ള ഭഗവാനാണ്. ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകളുമുണ്ട്.

  1. "Thrivikramangalam Temple". ആർക്കിയോളജി വകുപ്പ് വെബ് സൈറ്റ്. October 5, 2020. Retrieved October 5, 2020.
  2. "Trivikramangalam Mahavishnu (Vamana Moorthi) Temple". ക്ഷേത്ര വെബ് സൈറ്റ്. October 5, 2020. Archived from the original on 2020-10-09. Retrieved October 5, 2020.