തോമസ് അത്താനാസിയോസ് പുറ്റാനിൽ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് (കിഴക്ക്) ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണു് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്റെ പ്രമുഖനായ വക്താവും പ്രമുഖ ഇന്ത്യൻ ക്രൈസ്തവ ചിന്തകനുമാണു് അദ്ദേഹം . 1992 മുതൽ 1998 വരെ അദ്ദേഹം കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അദ്ധ്യക്ഷനുമായിരുന്നു.
വിമോചന ദൈവശാസ്ത്രകാരൻ
തിരുത്തുകവിമോചന ദൈവശാസ്ത്രത്തിന്റെ കേരളീയപ്രവണതകളെ പ്രധിനിധാനം ചെയ്യുന്നവരിലൊരാൾ എന്നനിലയിൽ ശ്രദ്ധേയനാണിദ്ദേഹം[അവലംബം ആവശ്യമാണ്]. ലത്തീൻ കത്തോലിക്കാ ജെസ്യൂട്ട് പാതിരിയായ ഫാ. സെബാസ്റ്റ്യൻ കാപ്പൻ എസ് ജെ, ഓർത്തഡോക്സ് സഭയിലെ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കൽദായ സഭയിലെ പൗലോസ് മാർ പൗലോസ് മെത്രാൻ, മാർത്തോമ്മാ സഭയിലെ ഡോ. എം എം തോമസ് (മുൻ മേഘാലയ ഗവർണർ) എന്നിവരോടൊപ്പമാണു് അദ്ദേഹം പരിഗണിയ്ക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്].
അവരിൽ ഡോ. എം എം തോമസും ഡോ. തോമസ് മാർ അത്താനാസിയോസ്‍ മെത്രാപ്പോലീത്തയും ഒഴികെയുള്ള വിമോചന ദൈവശാസ്ത്രകാരൻമാർ മാർക്സിസത്തെയാണ് അടിസ്ഥാനമാക്കുന്നത്[അവലംബം ആവശ്യമാണ്]. മാർക്സിസത്തെ സ്വീകരിയ്ക്കുന്നില്ലാത്ത ഇടതുപക്ഷാനുകൂലികളായവരിൽ ഡോ. എം എം തോമസ് ഇന്ത്യൻ സോഷ്യലിസ്റ്റ് വീക്ഷണത്തോടു് അനുഭാവം പുലർത്തിയപ്പോൾ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഗാന്ധിയൻ സോഷ്യലിസത്തോടൊപ്പം നിലയുറപ്പിച്ചു.
രണ്ടായിരം വർഷം മുമ്പ് യേശു ദർശിച്ച ദൈവരാജ്യം ആശയതലത്തിൽ ഉൾക്കൊണ്ട് ഭാരതീയ യാഥാർത്ഥ്യങ്ങളുമായുളള ബന്ധത്തിൽ പ്രായോഗികമാക്കിയത് ഗാന്ധിജിയാണെന്നും നിലവിലുളള സംവിധാനങ്ങൾക്ക് ആശയപരവും ഘടനപരവുമായ വെല്ലുവിളി ഉയർത്തുന്നതിൽ വിജയിക്കുന്ന ബദൽ ചിന്താധാര ഗാന്ധിമാർഗ്ഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു. 1998 മാർച്ച് 15-ലെ ഡയോസിസൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഗാന്ധി സ്മൃതിയും സഭയും എന്ന ലേഖനത്തിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഇങ്ങനെയെഴുതി: “ഗാന്ധിജിയുടെ വിമോചന സങ്കൽപ്പത്തെ വിശകലനം ചെയ്താൽ ക്രിസ്തുവിന്റേതിൽ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദർശനം ഭൌതികതയുടെ നിഷേധമോ, അതിൽ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂർണ്ണതയും വിധിയിലുളള പൂർത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂർണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കൽപ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.”
അദ്ദേഹത്തിന്റെ നിലപാടുകളുടെ ഇടതു സ്വഭാവത്തെ മാർക്സിസ്റ്റ് ചിന്താഗതിക്കാരും പൊതുവേ സ്വാഗതം ചെയ്തു. 1995 രണ്ടാം പാദത്തിൽ ദേശാഭിമാനി വാരികയിൽ ഡോ. തോമസ് മാർ അത്താനാസിയോസ്‍ മെത്രാപ്പോലീത്തയുടെ പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ടു് സി പി എം നേതാവ്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒരു ലേഖനമെഴുതിയിരുന്നു. മാർക്സിസ്റ്റ് ചിന്തകനായ പി ഗോവിന്ദപിള്ളയും വിമോചനദൈവശാസ്ത്രനിലപാടുകളുടെ പേരിൽ അദ്ദേഹത്തെ പലവട്ടം പരാമർശിച്ചിട്ടുണ്ടു്.
പൂർവാശ്രമം
തിരുത്തുകതൊടുപുഴയുടെ സമീപ പ്രദേശമായ അരിക്കുഴയിൽ പുറ്റാനിൽ യോഹന്നാൻ കശ്ശീശയുടെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1952 ജൂൺ 28നു് ജനിച്ച പി ജെ തോമസ്സാണു് പിന്നീടു് തോമസ് റമ്പാനും ഡോ. തോമസ് മാർ അത്താനാസ്യോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തായുമായതു് . 1971-ൽ പൌലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായിൽ നിന്നു് കോറൂയോ പട്ടം സ്വീകരിച്ചു.
ആഗ്ര സെന്റ് ജോൺസ് കലാലയത്തിൽ നിന്നു് ആംഗലേയസാഹിത്യത്തിൽ ബിരുദാനന്തരബിരുദംനേടിയ അദ്ദേഹം ബങ്ഗലൂരിലെ യു റ്റി കലാലയത്തിൽ നിന്നു് ദൈവശാസ്ത്ര ബിരുദവും നേടി. 1984-89 കാലത്തു് ജർമനിയിൽ റീഗൻസ്‍ബർഗ് സർവകലാശാലയിലെ റോമൻ കത്തോലിക്കാ ഫാക്കൽട്ടിയിൽ പഠനം നടത്തി മ്യൂണിക്കിലെ ലുഡ്‍വിഗ് മാക്സ് മില്ലൻ സർവകലാശാലയിൽ നിന്നു് വിശുദ്ധ ഐറേനിയോസിന്റെയും ശ്രീ ശങ്കരാചാര്യരുടെയും ദർശനങ്ങളുടെ രീതിശാസ്ത്ര താരതമ്യ പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.
തുടർന്നു് വെട്ടിക്കൽ ഉദയഗിരി സെമിനാരിയിൽ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചുവരവേയാണു് 1990 ഫെബ്രുവരിയിൽ, അദ്ദേഹം കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു്.
മെത്രാപ്പോലീത്ത
തിരുത്തുകബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരിൽ 1975 മുതൽ 2002 വരെയുള്ള കക്ഷിപിരിവുകാലത്തു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്നു് ഭിന്നിച്ചു് നിന്ന കക്ഷിയുടെ കണ്ടനാടു് പള്ളിപ്രതിപുരുഷയോഗം 1990 ഫെബ്രുവരിയിൽ, അദ്ദേഹത്തെ കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തു.
കശ്ശീശ പട്ടവും റമ്പാൻ സ്ഥാനവും സ്വീകരിച്ചതിനുശേഷം അദ്ദേഹം 1990 മെയ് മൂന്നാം തീയതി മെത്രാപ്പോലീത്തയായി ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂവാറ്റുപുഴയിലെ പൌരസ്ത്യ കാതോലിക്കാസന അരമനയിൽ വച്ചു് അഭിഷിക്തനായി.
1995-ലെ സുപ്രീം കോടതി വിധിയ്ക്കു് ശേഷം
തിരുത്തുകമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ കക്ഷിപിരിവിനു് ബാധകമായ ഭാരത സുപ്രീം കോടതി വിധി 1995ലുണ്ടായി. 1995 ഓഗസ്റ്റ് ഒന്നാം തീയതി ഒരു കൽപനയിലൂടെ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഈ വിധിയെ സ്വാഗതം ചെയ്തുതു്പ്രകാരവും ടെലിഫോൺ മുഖേന കിട്ടിയ അദ്ദേഹത്തിന്റെ സമ്മതപ്രകാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യോജിച്ചു് ഒന്നായിത്തീരുവാൻ 1996 നവംബർ അഞ്ചാം തീയതി ബസേലിയോസ് പൗലോസ് ദ്വിതീയൻ കക്ഷിയായ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് പരുമ്പള്ളി യൂലിയോസ് സെമിനാരിയിൽ അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസയച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സമ്മേളിച്ചു് ഏകകണ്ഠമായി തീരുമാനമെടുത്തു[1].
ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ 1996 സെപ്റ്റംബർ ഒന്നാംതീയതി കാലം ചെയ്തതിനെതുടർന്നു് കണ്ടനാടു് ഭദ്രാസനത്തിന്റെ പൂർണ മെത്രാപ്പോലീത്തയായി ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ചുമതലയേറ്റതിനു് 6-11-1996-ലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ (ബസേലിയോസ് പൗലോസ് ദ്വിതീയൻ കക്ഷി) എപ്പിസ്കോപ്പൽ സുന്നഹദോസ് അജണ്ടവച്ചു് ചേർന്നു് അംഗീകാരം നൽകി.
1995-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കാനോനിക പൌരസ്ത്യ കാതോലിക്കോസു് കൂടിയായിരുന്ന മലങ്കര മെത്രാപ്പോലീത്ത പ രിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് നടപടികളുമായി 1997-ൽ നീങ്ങിയപ്പോൾ ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത അടക്കം നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗം (മൂവാറ്റുപുഴ ബാവാ പക്ഷം) ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ മെത്രാപ്പോലീത്തമാർ അതുമായി സഹകരിയ്ക്കാൻ തീരുമാനിച്ചു[2]. ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ എതിർ വിഭാഗം (അന്ത്യോക്യാ ബാവാ പക്ഷം) മെത്രാപ്പോലീത്തമാർ അതുമായി സഹകരിയ്ക്കാതെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യം ചെയ്തു് കേസുകൾ കൊടുത്തതോടെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷി രണ്ടായി പിളർന്നു[3].
1997-1998 കാലത്തു് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ മൂവാറ്റുപുഴ ബാവാ പക്ഷക്കാരും അന്ത്യോക്യാ ബാവാ പക്ഷക്കാരുമായ മെത്രാപ്പോലീത്തമാരെല്ലാവരും വിവിധ പള്ളിക്കേസുകളിലായി 1934-ലെ മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞയെടുത്തു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെന്ന തൽസ്ഥിതി (പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് വരെ ലഭിയ്ക്കുന്നതു്) നിലനിറുത്തി. അതോടെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി. 1997-ൽ മണ്ണത്തൂർ സെന്റ് ജോർജ് പള്ളിയുടെകേസുമായി ബന്ധപ്പെട്ടാണു് ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത സഭാഭരണഘടനയംഗീകരിച്ചതു്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യംചെയ്തു് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാർ കൊടുത്ത കേസിൽ 2001 നവംബറിൽ ഒത്തുതീർപ്പുവിധിയായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ തന്നെ പേരു് വച്ചു് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് നടത്തട്ടെയെന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയാണോയെന്നുള്ള ഹിതപരിശോധനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തണമെന്നും ഇരുകക്ഷികളുടെയും സമ്മതത്തോടെ സുപ്രീം കോടതി നിർദ്ദേശിച്ചു. പക്ഷെ, പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാർ 2002-ൽ തെരഞ്ഞെടുപ്പു് ബഹിഷ്കരിയ്ക്കുകയും മലങ്കര സഭയ്ക്കു് സമാന്തരമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ മറ്റൊരു സഭയായി മാറുകയും ചെയ്തു. അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഉപസഭയായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നില്ക്കുന്നതു്.
സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ
തിരുത്തുക1972-മുതൽ 1995 വരെ നിലനിന്ന കക്ഷിമൽസര കാലത്തു് കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തസ്ഥാനത്തേയ്ക്കു് 1990-ൽ മലങ്കര സുറിയാനി ഓർത്തഡോക്സ് കക്ഷി നടത്തിയ ഡോ. തോമസ് മാർ അത്താനാസിയോസിന്റെ നിയമനം സുപ്രീം കോടതി വിധി പ്രകാരം കൂടിയ 2002-ലെ സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനെതുടർന്നുണ്ടായ ഭദ്രാസന ക്രമീകരണത്തിനു് ശേഷം ഭദ്രാസനനാമം കണ്ടനാടു് (കിഴക്കു്) എന്നായി.
2002 ഡിസംബറിൽ മാത്യുസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയോടൊപ്പവും ആരോഗ്യനിലവഷളായപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ആശുപത്രിയിലാക്കിയപ്പോൾ പൌലോസ് മാർ പക്കോമിയോസിനോടൊപ്പവും അദ്ദേഹം ദൈവത്തിനു് മുമ്പാകെയും സർക്കാരിന്റെ നീതിനിഷേധത്തിനെതിരെയുമായി നടത്തിയ രണ്ടാഴ്ചയിലേറെക്കാലം നീണ്ട തീക്ഷ്ണമായ ഉപവാസ പ്രാർത്ഥനായജ്ഞം സമീപകാലസഭാചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു.
യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ രൂപവല്കരണം
തിരുത്തുകതുർക്കി, ഇറാക്കു് എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂർണ സ്വയംഭരണാവകാശമുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയാണു് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനത്തിന്റെ (യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് സഭ) രൂപവല്ക്കരണത്തിനു് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പിന്തുണ നല്കി. ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും യൂഹാനോൻ മാർ മിലിത്തോസിന്റെയും മുഖ്യ കാർമ്മികത്വത്തിലാണു് റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച കേരളത്തിൽ തൃശ്ശൂർ ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനായ മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നതു്. സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ 6-നു് ചേർന്ന എപ്പിസ്കോപ്പൽ സുന്നഹദോസ് ശരിവയ്കുകയും ചെയ്തു.
കൃതികൾ
തിരുത്തുകകണ്ടനാടു് ഡയോസിഷൻ ബുള്ളറ്റിൻ മാസികയിലെ അദ്ദേഹത്തിന്റെ സ്ഥിരം പംക്തിയായ മെത്രാപ്പോലീത്തയുടെ കത്തു് പഠനപരവും പ്രബോധനപരവുമായ ലേഖനങ്ങളാണു്. സഭാഭരണവുമായി ബന്ധപ്പെട്ടു് നിരവധി ലഘുലേഖകൾ അദ്ദേഹത്തിന്റേതായിട്ടുണ്ടു്.
പ്രധാന കൃതികൾ:
- സഭ സമൂഹത്തിൽ
- സഭാജീവിതത്തിനൊരു മാർഗ രേഖ
- സമകാലീന രാഷ്ട്രീയം: ക്രൈസ്തവ പ്രതികരണങ്ങൾ
- മതം വർഗീയത സെക്കുലർ സമൂഹം
ഇതും കാണുക
തിരുത്തുകഅടിക്കറിപ്പു്
തിരുത്തുക- ↑ 1996 നവംബർ അഞ്ചാം തീയതിയിലെ ഈ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റ യോഗനടപടിക്കുറിപ്പ്, സഭാ ഐക്യം ഒരുചരിത്ര നിയോഗം (ഡയോസിസൻ പബ്ലിക്കേഷൻസ്, മൂവാറ്റുപുഴ; 1997 ഓഗസ്റ്റ്; പുറം: 63,64)എന്ന പുസ്തകത്തിൽ കാണാം.
- ↑ ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത,യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാർ നിക്കാലാവോസ് മെത്രാപ്പോലീത്ത, അബ്രാഹം മാർ സേവേരിയോസ് മെത്രാപ്പോലീത്ത എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗമായിരുന്നു അന്നു്. മൂവാറ്റുപുഴ ബാവാ പക്ഷം.
- ↑ തോമസ് മാർ ദീവന്നാസിയോസ്(അങ്കമാലി), തോമസ് മാർ തീമോത്തിയോസ് (ബാഹ്യകേരളം),യൂഹാനോൻ മാർ പീലക്സിനോസ് (മലബാർ), ജോസഫ് മാർ ഗ്രിഗോറിയോസ് (കൊച്ചി)എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരു വിഭാഗമായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷം.