തോട്ടപ്പള്ളി
ആലപ്പുഴ ജില്ലയിലെ ഒരു സ്ഥലമാണ് തോട്ടപ്പള്ളി. ഒരു പ്രമുഖ മത്സ്യബന്ധന കേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. കുട്ടനാട്ടിൽ നിന്നുള്ള പ്രളയ ജലത്തെ തോട്ടപ്പള്ളി സ്പിൽവേയിൽ കൂടി അറബിക്കടലിലേക്ക് വേഗം പുറന്തള്ളുന്നു.തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണത്തോടു കൂടിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് അറുതി ഉണ്ടായത്.
വീയപുരത്ത് നിന്നും തോട്ടപ്പള്ളിയിലേക്ക് ലീഡിങ് ചാനലും നിർമ്മിക്കുകയുണ്ടായി. 1955 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് ഇത് ഉദ്ഘാടനം ചെയ്തത്.
തോട്ടപ്പള്ളി സ്പിൽവേക്ക് മുകളിലൂടെ ദേശീയപാത 66 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കായംകുളം കായലിലേക്ക് നിർമ്മിച്ചതാണ് പല്ലനയാർ. തോട്ടപ്പള്ളിയിലൂടെ ദേശീയ ജലപാത 3 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കടൽതീരത്ത് കൂടി തൃക്കുന്നപ്പുഴയിലേക്ക് യാത്ര ചെയ്യാം.തോട്ടപ്പള്ളി സ്പിൽവേക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന തോട്ടപ്പള്ളി ബീച്ച് ധാരാളം സന്ദർശകർ എത്തുന്ന സ്ഥലമാണ്.